ആലത്തൂര്‍: തരൂര്‍ ഗ്രാമപഞ്ചായത്തിലെ അത്തിപ്പൊറ്റയിലും തോണിപ്പാടത്തും ഇന്നലെ എട്ടുപേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു. അത്തിപ്പൊറ്റയില്‍ ഏഴുപേര്‍ക്കാണ് കടിയേറ്റത്. മൂന്നുപേരുടെ പരിക്ക് സാരമുള്ളതാണ്. ഇവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തോണിപ്പാടം കുണ്ടുകാട്ടില്‍ ജബ്ബാര്‍(58), അത്തിപ്പൊറ്റ പടിഞ്ഞാത്തറ വീട്ടില്‍ കുമാരന് (71),അത്തിപ്പൊറ്റ പാലം പാണ്ടിയാല്‍തൊടി വീട്ടില്‍ അപ്പു (72) എന്നിവരെയാണ് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വടക്കുമുറി കൃഷ്ണനും (80) നായയുടെ കടിയേറ്റവരില്‍ ഉള്‍പ്പെടും. ജബ്ബാറിന്റെ ഇരു കൈയിലും നായയുടെ കടിയേറ്റു. പാല് വിതരണത്തിനായി പോകുമ്പോള്‍ കുണ്ടുകാട്ടില്‍ കടയുടെ സമീപം കിടന്ന നായകളാണ് കടിച്ചത്. ഇന്നലെ രാവിലെയാണ് സംഭവം.
നാടും നഗരവുമെല്ലാം തെരുവുനായ്ക്കള്‍ കൈയടക്കിയതോടെ ജനം പൊറുതിമുട്ടുകയാണ്. പത്തോളം വരുന്ന നായ്ക്കളുടെ കൂട്ടങ്ങളാണ് ആക്രമിച്ചതെന്ന് നാട്ടുകാര്‍ പറഞ്ഞു. കാല്‍നട യാത്രക്കാര്‍ക്ക് വലിയ ഭീഷണിയാണ് നായ്ക്കള്‍ വരുത്തുന്നത്. ഇരുചക്ര വാഹനങ്ങളുടെ മുന്നിലേക്ക് ചാടി അപകടം സംഭവിക്കുന്നതും പതിവു കാഴ്ചയാണ്. തെരുവുനായ്ക്കളുടെ കടിയേറ്റ് നിരവധി പേര്‍ക്കാണ് കഴിഞ്ഞ കാലങ്ങളില്‍ പരിക്കേറ്റത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: