കൊച്ചി: ലോക ക്ലാസിക് ചിത്രം ഗോഡ്ഫാദറില് മമ്മൂട്ടിയും മോഹന്‍ലാലും ഫഹദ് ഫാസിലും അഭിനയിച്ചാല്‍ എങ്ങനെയിരിക്കും എന്ന തരത്തില്‍ സോഷ്യല്‍ മീഡിയയയില്‍ പ്രത്യക്ഷപ്പെട്ട് തരംഗമായി മാറിയ വീഡിയോ നിര്‍മിച്ച ടോം ആന്റണി പ്രതികരണവുമായി രംഗത്ത്.
വവ്വാല് മനുഷ്യന് എന്ന യുട്യൂബ് ചാനല്‍വഴിയാണ് ടോം ആന്റണി ഗോഡ്ഫാദര് വീഡിയോയേക്കുറിച്ച് സംസാരിച്ചത്. എ.ഐ. ആപ്ലിക്കേഷന്‍ ഉപയോഗിച്ചാണ് വീഡിയോ നിര്‍മിച്ചത്. അത് വീഡിയോ ഇത്രയും വൈറലാവുമെന്ന് ഒരിക്കലും വിചാരിച്ചിരുന്നില്ല. ഇങ്ങനെയൊരു ടെക്നോളജി ഉണ്ടെന്ന് ആളുകളെ അറിയിക്കണമെന്ന് മാത്രമാണ് കരുതിയത്. ഈ വീഡിയോ കൃത്രിമമാണെന്ന് പലര്‍ക്കും മനസിലാവും. അത് അറിഞ്ഞുകൊണ്ടുതന്നെ ചെയ്തതാണ്. ഇതിലും മികച്ചതായി വീഡിയോ നിര്മിക്കാനറിയാം. പേടിയാകുന്നു, മൂന്ന് നാല് ദിവസമായി ശരിക്കുറങ്ങിയിട്ടെന്നും ടോം പറയുന്നു.
എഐയുമായി ബന്ധപ്പെട്ട് ഒരുപാട് ആപ്ലിക്കേഷനുകളുണ്ട്. ചെറിയൊരു ആപ്ലിക്കേഷന്‍ ഉപയോഗിച്ചാണ് ഗോഡ്ഫാദര് വീഡിയോ ഉണ്ടാക്കിയത്. അഞ്ചു വര്‍ഷം മുമ്പിറങ്ങിയ ടെക്നോളജിയാണ്. ഇപ്പോഴാണ് ആള്ക്കാര് അറിഞ്ഞുവരുന്നത്. ഞാനെന്തോ വലിയ ജീനിയസ് ആണെന്നു പറഞ്ഞ് ഒരുപാട് പ്രതികരണങ്ങള്‍ വന്നു. എന്നാല്‍ അങ്ങനെയല്ല, ഒരാളുടെ ഫോട്ടോ കിട്ടിയാല്‍ മതി ആര്‍ക്കു വേണമെങ്കിലും ഇതു പോലുള്ള വീഡിയോകളുണ്ടാക്കാം. നിങ്ങള്‍ ഫെയ്സ് ബുക്കില്‍ പണ്ട് പോസ്റ്റ് ചെയ്ത ഫോട്ടോ ആയാലും മതി. നിങ്ങളുടെ മുഖംവെച്ച് ഏത് രീതിയിലുള്ള ഫോട്ടോയും വീഡിയോ വേണമെങ്കിലും ഉണ്ടാക്കാം, ടോം വിശദീകരിച്ചു.
ഞാനുണ്ടാക്കി പോസ്റ്റ് ചെയ്ത വീഡിയോ വേറൊരാള് ഡൗണ്‍ലോഡ് ചെയ്ത് പ്രചരിപ്പിക്കുകയായിരുന്നു. വൈറലായതോടെ ഇതെല്ലാം നിയന്ത്രിക്കാന്‍ പറ്റാതായി. ആദ്യം സന്തോഷിച്ചെങ്കിലും പതിയെപ്പതിയെ ഫോണ്‍കോളുകളും മറ്റും വരാന്‍ തുടങ്ങി. എങ്ങനെയാണിത് ഉണ്ടാക്കിയതെന്നായിരുന്നു എല്ലാവര്ക്കും അറിയേണ്ടിയിരുന്നത്. ഇനി ഇത്തരം വീഡിയോകള്‍ ഉണ്ടാക്കില്ലെന്ന് പറഞ്ഞ ടോം എ.ഐയുടെ ദുരുപയോഗവുമായി ബന്ധപ്പെട്ട മറ്റൊരു വീഡിയോ അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: