തിരുവനന്തപുരം : വര്‍ക്കല കല്ലമ്പലത്ത് മകളുടെ വിവാഹ ദിവസം പിതാവ് കൊല്ലപ്പെട്ടു. വടശ്ശേരിക്കോണം വലിയവിളാകത്ത് ശ്രീലക്ഷ്മിയില്‍ രാജുവാണ്(62) കൊല്ലപ്പെട്ടത്. ഇന്ന് ശിവഗിരിയില്‍ വച്ച് മകള്‍ ശ്രീലക്ഷ്മിയുടെ വിവാഹം നടക്കാനിരിക്കെയാണ് മരണം സംഭവിക്കുന്നത്. വാക്കുതര്‍ക്കത്തിന് പിന്നാലെ മകളുടെ മുന്‍ സുഹൃത്തടക്കം നാലുപേര്‍ ചേര്‍ന്ന് രാജുവിനെ മണ്‍വെട്ടി ഉപയോഗിച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
രാജന്റെ മകളുടെ വിവാഹം ബുധനാഴ്ച 10.30- ന് വര്‍ക്കല ശിവഗിരിയില്‍ നടത്താന്‍ നിശ്ചയിച്ചതായിരുന്നു. ഇതിനുള്ള ഒരുക്കങ്ങളെല്ലാം വീട്ടില്‍ പൂര്‍ത്തിയായിരുന്നു. കഴിഞ്ഞ ദിവസം വീട്ടില്‍ വിവാഹവുമായി ബന്ധപ്പെട്ട സത്കാര ചടങ്ങും ഉണ്ടായിരുന്നു. രാത്രി 12 മണിയോടെ അയല്‍വാസികളായ പെണ്‍കുട്ടിയുടെ മുന്‍ സുഹൃത്ത് വിഷ്ണുവും മൂന്ന് പേരും കൂടി വീടിന് മുന്നിലെത്തി ബഹളമുണ്ടാക്കുകയായിരുന്നു.
രാജുവിന്റെ മകളുമായി വിഷ്ണു നേരത്തെ അടുപ്പത്തിലായിരുന്നു. വിവാഹം ആലോചിച്ചിരുന്നെങ്കിലും പിന്നീട് ചില കാരണങ്ങളാല്‍ വിവാഹം വേണ്ടെന്നു വെച്ചു. പിന്നീട് മകള്‍ക്ക് മറ്റൊരു ആലോചന വരികയും ആ വിവാഹം ഉറപ്പിക്കുകയും ചെയ്തു. ഇതിന്റെ വിരോധത്തിലാണ് വിഷ്ണുവും കൂട്ടരും വീട്ടിലെത്തി ബഹളമുണ്ടാക്കിയത്. ഇതോടെ രാജു ഇവരോട് വീട്ടില്‍ നിന്നും ഇറങ്ങിപ്പോകാന്‍ ആവശ്യപ്പെട്ടു. വാക്കേറ്റത്തിനിടെ പ്രതികളിലൊരാള്‍ മണ്‍വെട്ടി കൊണ്ട് രാജുവിനെ വെട്ടുകയും കത്തികൊണ്ട് കുത്തുകയും ചെയ്തു. ഉടന്‍ തന്നെ ഇയാളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തലയില്‍ നിന്ന് ചോര വാര്‍ന്നായിരുന്നു മരണം. സംഭവസ്ഥലത്തു നിന്ന് രക്ഷപ്പെട്ട പ്രതികളെ കല്ലമ്പലം പോലീസ് വര്‍ക്കലയില്‍ നിന്ന് അറസ്റ്റ് ചെയ്തു.
അക്രമത്തില്‍ രാജുവിനെ കൂടാതെ മറ്റു ചില ബന്ധുക്കള്‍ക്കും പരിക്കേറ്റു. രാജന്റെ മൃതദേഹം വര്‍ക്കല എസ്എന്‍ മിഷന് ആശുപത്രിയില്‍ സൂക്ഷിച്ചിട്ടുണ്ട്. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കായി പിന്നീട് മെഡിക്കല്‍ കോളജിലേക്ക് മാറ്റും. പ്രണയ നൈരാശ്യമാണ് കൊലപാതകത്തിന് പിന്നില്‍. പ്രതികളെ ചോദ്യം ചെയ്തുവരികയാണെന്നും പോലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: