തേക്കുതോട്: വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന് തേക്കുതോട് മേനംപ്ലാക്കല്‍ രാധാകൃഷ്ണന് ആത്മഹത്യ ചെയ്യാനിടയായ സംഭവത്തില്‍ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് നാട്ടുകാര്‍.
വിഷയത്തില്‍ മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്ക് രേഖാമൂലം പരാതി നല്‍കാനൊരുങ്ങുകയാണ് നാട്ടുകാര്‍. വകുപ്പ് തല അന്വേഷം മാത്രമാണ് നിലവില്‍ നടക്കുന്നത്. ആത്മഹത്യയില്‍ എഫ്ഐആര്‍ ഇട്ടിരുന്നെങ്കിലും കുറ്റക്കാര്‍ക്കെതിരെ അന്വേഷണം ഒന്നും ഉണ്ടായിട്ടില്ല. സാക്ഷിമൊഴികള്‍ മാത്രമാണ് ഇപ്പോള്‍ പ്രബലമായി നില്‍ക്കുന്നത്. ആരോപണ വിധേയരായ ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടികള്‍ ഇല്ല. ഇവരെ ചോദ്യം ചെയ്യാന്‍ പോലും പോലീസ് ഇതുവരെ തയ്യാറായിട്ടില്ല.
മ്ലാവിന്റെ ഇറച്ചി വില്‍ക്കുന്നതിനിടയില്‍ വനപാലകര്‍ പിടികൂടി റിമാന്‍ഡിലായ രണ്ടുപേര്‍ നല്കിയ മൊഴിയനുസരിച്ച് കൂട്ടാളികളായ മൂന്നുപേരെ തിരഞ്ഞാണ് വനപാലകര്‍ രാധാകൃഷ്ണന്റെ വീടിന്റെ പരിസരത്തെത്തിയത്. ഈ മൂന്നുപേരെയും കിട്ടാതെ വന്നപ്പോള്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ക്കൊപ്പം ജോലി ചെയ്തുകൊണ്ടിരുന്ന രാധാകൃഷ്ണനെ ബലമായി വനപാലകര്‍ വാഹനത്തില്‍ കയറ്റി വനത്തിനുള്ളിലേക്ക് കൂട്ടിക്കൊണ്ടുപോയി.രണ്ടുമണിക്കൂറിനുശേഷം തിരികെയെത്തിച്ചു. വനത്തിനുള്ളില്‍വെച്ച് വനപാലകര്‍ തന്നെ ക്രൂരമായി മര്‍ദിച്ചുവെന്ന് രാധാകൃഷ്ണന് പറഞ്ഞതായി അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന തൊഴിലുറപ്പ് തൊഴിലാളികള്‍ മൊഴിനല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: