ദാശൂരോപാഖ്യാനം
കാലം ഇങ്ങനെ വളരെക്കഴിഞ്ഞ് ആ സുന്ദരി പിന്നീടൊരു ദിവസം പന്ത്രണ്ടു വയസ്സുതികഞ്ഞ തന്റെ പുത്രനോടൊന്നിച്ചു സന്തോഷവതിയായി മുനിശ്രേഷ്ഠനെ കണ്ടു. പെണ്‍വണ്ട് മാവിനോടെന്നതുപോലെ അവള്‍ ഇങ്ങനെ പറഞ്ഞു,’ഭവാന്‍ അന്നുതന്ന വരത്തിനാല്‍ ഞാന്‍ പ്രസവിച്ചു. ഈ കുമാരന്‍ എനിക്കേറ്റം ഭവ്യനാണ്. വേദശാസ്ത്രങ്ങളെ സര്‍വ്വതും ഞാന്‍തന്നെ ഇവനെ പഠിപ്പിച്ചു. നല്ലൊരാത്മജ്ഞാനം പുത്രനുണ്ടായില്ല. അതിനാല്‍ ഇവന്‍ വളരെ അവശനായി സംസാരയന്ത്രത്തില്‍ നിരന്തരം പീഡിപ്പിക്കപ്പെടുന്നു. എന്റെ പുത്രനു ഇനി ഭവാന്‍തന്നെ ജ്ഞാനോപദേശം ചെയ്യണം.’ എന്നവള്‍ പറഞ്ഞതുകേട്ട് ആ മാമുനി പറഞ്ഞു, ‘തന്റെ ശിഷ്യനാകുന്ന ഈ കുമാരനെ ഇവിടെ താമസിപ്പിക്കുക, നീ നിന്റെ വസതിയിലേക്കും പോവുക.’
ഇങ്ങനെ പറഞ്ഞതുകേട്ട് അവള്‍ പുത്രനെ അവിടെ താമസിപ്പിച്ചുപോയി. മാതാവു പോയശേഷം അവിടെ തന്റെ പിതാവിന്റെ ശിഷ്യത്വമാര്‍ന്ന് പുത്രന്‍ സൂര്യന്റെ മുന്നിലെ അരുണനെന്നപോലെ വസിച്ചു. ആത്മബോധം കഷ്ടപ്പെട്ടു വന്നീടേണ്ടതാണ്. അന്നേരം പുത്രനെ മുനീന്ദ്രന്‍ വളരെ സന്തോഷച്ചോടെ ആഖ്യായികകളും ആഖ്യാനങ്ങളും ദൃഷ്ടിയുണ്ടാക്കുന്ന ദൃഷ്ടാന്തങ്ങളും നല്ല ഇതിഹാസവൃത്താന്തങ്ങളും വേദാന്തസിദ്ധാന്തങ്ങളും നിത്യവും വെറുപ്പുളവാകാത്തരീതിയില്‍ യഥാക്രമം വിസ്തരിച്ച് പഠിപ്പിച്ചുപോന്നു.
‘ഞാന്‍ (വസിഷ്ഠന്‍) പണ്ടൊരിക്കല്‍ കൈലാസവാഹിനിയില്‍ മുങ്ങിക്കുളിപ്പതിനായി അദൃശ്യനായി ആര്യമാര്‍ഗത്തില്‍ക്കൂടി വ്യോമവീഥിയെ രാഘവ!
പ്രാപിച്ചു. കൂമ്പിയ താമരയില്‍ അകപ്പെട്ടുപോയ പെണ്‍വണ്ടുകളുടെ ആരവം കണക്ക് ആ മരത്തിന്റെ പൊത്തില്‍നിന്ന് ആ മുനി പുത്രനോട് ഓതുന്നത് ഞാന്‍ കേട്ടു.’ മഹാമതിയാകുന്ന പുത്ര! നീ കേള്‍ക്കുക. അറിയപ്പെടുന്ന ഈ വസ്തുവോടൊത്തതും അത്യന്തം ആശ്ചര്യമേകുന്ന ആഖ്യായികയിലൊന്ന് ഞാനിപ്പോള്‍ നിന്നോട് പറയാം. ലോകത്തിലൊക്കെ പ്രസിദ്ധമായി, സര്‍വ്വലോകങ്ങളെ കീഴടക്കാന്‍ സമര്‍ത്ഥനായി, സ്വോത്ഥനെന്നു പേരുള്ള ശ്രീമാനായ ഒരു രാജാവ് വീര്യവാനായി വിളങ്ങുന്നു. പ്രശസ്തരായ ലോകപാലന്മാര്‍ ആ രാജാവ് കല്പിക്കുന്നതൊക്കെയും നല്ല ശിരോരത്‌നത്തെയെന്നപോല്‍ ശിരസാ വഹിക്കുന്നു. നീ കേട്ടുകൊള്ളുക, സാഹസങ്ങളില്‍ രസികനായ അവന്‍ ആര്യബുദ്ധേ! ധരിച്ചാലും, പലവിധത്തിലുള്ള ആശ്ചര്യകരമായ കളികളില്‍ സമര്‍ത്ഥനാണ്. ആ മഹാത്മാവിനെ പാട്ടിലാക്കിയവന്‍ ഈ മൂന്നുലോകത്തിലുമാരുമില്ല. സുഖവം ദുഃഖവും വളരെയേകുന്ന ഭൂവരാരംഭങ്ങളെ എണ്ണിക്കണക്കാക്കുവാന്‍ തുനിയുന്ന പൊണ്ണന്‍ കടല്‍ത്തിരമാലയെ എണ്ണും. വീര്യമേറുന്ന ഈ രാജാവിന്റെ വീര്യം കുറയ്‌ക്കാനായി ആയുധജാലവും തീയും മതിയാകയില്ല; ആകാശത്തെ കൈകൊണ്ടു എന്തു ചെയ്യാന്‍ കഴിയും? ആ സദ്ഗുണനാകുന്ന രാജാവിന്റെ നിര്‍മ്മാണപരമായ ആരംഭലീലയെ ദേവേന്ദ്രന്‍, വിഷ്ണു, ശിവന്‍ മുതലായവരും ഇത്തിരിപോലും അനുകരിക്കുന്നില്ല.
ആ രാജാവിന് ദിക്കുകളുടെ ഭരണത്തിനു സാമര്‍ത്ഥ്യമുള്ള ദേഹങ്ങള്‍ മൂന്നുണ്ട്. നന്നായി ഭുവനത്തെ ആക്രമിച്ച് അവ മൂന്നും സ്ഥിതിചെയ്യുന്നു. അതിലൊന്ന് ഉത്തമമാണ്, രണ്ടാമത്തേതു മദ്ധ്യമവും മൂന്നാമത്തേതു അധമവുമാകുന്നു. ആ രാജാവിന് അനന്തമായുള്ളോരാകാശത്തില്‍ മൂന്നു ശരീരങ്ങളുമുണ്ടായിവന്നു. അവിടെത്തന്നെ നല്ല പത്രരഥംകണക്ക് അവന്‍
പാര്‍ത്തുവരുന്നുവെന്ന് നന്ദന! നീ അറിയുക. അതില്‍ പതിന്നാലു തെരുവുകളുണ്ടായി. അവയില്‍ മൂന്നു വിഭാഗങ്ങളുണ്ട്. കാടുകള്‍, നല്ല പുഷ്പവാടികള്‍, ക്രീഡാശിഖരികള്‍ എന്നിവയും അവിടെയുണ്ട്. മുത്തുകളാകുന്ന ലതകളാല്‍ വെളുപ്പുനിറമുള്ള നല്ല താടാകങ്ങള്‍ ഏഴെണ്ണമുണ്ട്. ചൂടും തണുപ്പുമായി രണ്ടു ദീപങ്ങള്‍ ഒരിക്കലും കെടാതെ കത്തുന്നു. വളരെ വിപുലമായുള്ള ആ പട്ടണത്തില്‍ ആ രാജാവ് സൈ്വര്യം സഞ്ചരിച്ചുകൊണ്ടിരിക്കും.
മനോഹരമായ വീടുകളെ വളരെയുണ്ടാക്കി ഊര്‍ദ്ധ്വഭാഗത്തും കീഴ്ഭാഗത്തും മദ്ധ്യഭാഗത്തും അവകളെച്ചേര്‍ത്തു. നല്ലവണ്ണം കറുത്ത ഒരുതരം പുല്ലുകൊണ്ട് അവ മേഞ്ഞിരിക്കുന്നു. മന്ദാനിലസഞ്ചാരമാര്‍ന്ന ദ്വാരങ്ങള്‍ ഒമ്പതുണ്ട്. ആയവയ്‌ക്കൊക്കെയും വാതായനങ്ങള്‍ അനേകമുണ്ട്. എന്നല്ല, മനോഹരമായ ദീപങ്ങളും അവകളിലുണ്ട്. വെള്ളത്തടികളും മൂന്നു തൂണുകളും മണ്ണുപൂശി നിറംചേര്‍ത്തവയും നല്ല പ്രധാന തെരുവുകളും അവിടെയുണ്ടെന്നു നീ ധരിച്ചുകൊള്ളുക. അവയെ നോക്കിയാല്‍ പേടിച്ചിടുന്ന പിശാചുക്കള്‍ എപ്പോഴും നോക്കി രക്ഷിച്ചിടുന്നു. കൂടുകളില്‍ പക്ഷിയെന്നതുപോലെ അവയില്‍ ആ രാജാവ് ക്രീഡിച്ചിടുന്നു. ത്രിശരീരനായ ആ പിശാചുക്കളോടൊന്നിച്ച് മേളിച്ചുവാണിട്ട് പെട്ടെന്നുപേക്ഷിച്ച്, മേലിലുണ്ടായിവരുന്ന ഗൃഹത്തിനായി ഞാനിനിപ്പോകുന്നതുണ്ടെന്ന ഒരു ആഗ്രഹം മാനസതാരില്‍ ഉണ്ടായിവരുന്നു.
പിന്നെ പിശാചുപിടിച്ചതുപോലെ അദ്ദേഹം എഴുന്നേറ്റ് സംഭ്രമത്തോടെ ഓടുന്നു. ഗന്ധര്‍വപട്ടണം പോലെയുള്ള ഒരിടത്ത് സന്തോഷമുള്‍ക്കൊണ്ട് ചെന്നുചേരുന്നു. ഓര്‍ത്തീടുക, ചലചിത്തനായീടുന്ന ആ രാജാവിന് ഉള്ളില്‍ ഓരോ നേരവും ഞാന്‍ ഇതുകാലം നാശമാര്‍ന്നുകൊള്ളുന്നുവെന്നുള്ള ഇച്ഛ ഉണ്ടായിവന്നീടുന്നു. അതുകൊണ്ടു നശിച്ചുപോയീടുന്നു.
പിന്നെ സമുദ്രത്തില്‍നിന്നു തിര പോലെ ആകാശത്തുനിന്നു ഉത്ഭവിച്ചീടുന്നു. പിന്നെ പലവിധ വ്യവഹാരങ്ങള്‍ ചെയ്യുന്നു. താന്തന്നെ ഓരോന്നു ചെയ്തിട്ടവന്‍ സ്വയം ഓരോ അവസരത്തിലും വിഷാദമേന്തുന്നു. മൂഢനായുള്ള ഈ ഞാന്‍ ഹന്ത! എന്തോന്നു ചെയ്യുന്നു, ഞാന്‍ ദുഃഖിതനാണെന്നപോല്‍ കേഴുന്നു. ചിലപ്പോള്‍ ആനന്ദമാര്‍ന്ന് സ്വയം തടിച്ചുവരുന്നു. നന്നായി നടക്കുന്നു, വെള്ളം കുടിക്കുന്നു, പിന്നെ വളരുന്നു, ചുരുങ്ങുന്നു, കാലുഷ്യമാര്‍ന്നുകൊള്ളുന്നു, തെളിയുന്നു, ബാലക! മനസ്സില്‍ ധരിച്ചുകൊണ്ടീടുക, കാറ്റത്തിള
കിമറിയുന്നു, സമുദ്രത്തോട് ഏറ്റു കിടനില്‍ക്കുന്നു. ദാശൂരനോട് അതുനേരം പാവനാശയനായ നന്ദനന്‍ ചോദിച്ചു, ‘സ്വോത്ഥനെന്നു വിഖ്യാതനായ ഈ രാജാവ് വിചാരിച്ചാല്‍ ആരാകുന്നു? അച്ഛന്‍ അപ്പോള്‍ കൃപയോട് അരുള്‍ചെയ്തത് എന്താണെന്ന് ഞാന്‍ അറിഞ്ഞില്ല. നന്നായി വിവരിച്ചു സകലതും പറയണം.’ എന്നതുകേട്ടു മുനി പറഞ്ഞു, ‘ഞാന്‍ സത്യമായുള്ളതു പറയാം, നീ ശ്രദ്ധയോടെ കേള്‍ക്കണം. ഇതു കേള്‍ക്കുകില്‍ സംസാരചക്രതത്ത്വത്തെ ഗ്രഹിക്കാമെന്നതില്‍ സംശയമില്ല.’
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: