തിരുവല്ല: മഴക്കാലം ആരംഭിച്ചപ്പോള്‍ മുതല്‍ താലൂക്കില്‍ പനി പടര്‍ന്നു പിടിക്കാന്‍ തുടങ്ങി.സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തുന്ന രോഗികള്‍ വലയുന്നത് മരുന്നു ക്ഷാമം കാരണം. എലിപ്പനി, ഡെങ്കിപ്പനി മുതല്‍ വെറും പനി വരെ ജനങ്ങളെ വലയ്‌ക്കുന്നു. പനിക്കാരുടെ എണ്ണം വര്‍ധിച്ചതു മൂലം ആശുപത്രി ഉള്‍പ്പെടെയുള്ള ചികിത്സാ കേന്ദ്രങ്ങളിലെ തിരക്ക് വര്‍ധിച്ചു.ചികിത്സാ കേന്ദ്രങ്ങളിലെ മരുന്നുക്ഷാമത്തെ നേരിടുന്നത് തദ്ദേശഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെയുള്ള ലോക്കല്‍ പര്‍ച്ചേസിലൂടെയാണ്.എന്നാല്‍ പണമടച്ചാലും കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ ലിമിറ്റഡില്‍ (കെഎംഎസ്സിഎല്‍) നിന്നു മരുന്നുകള്‍ കൃത്യമായി ആശുപത്രികളിലെത്തുന്നില്ല. കെഎംഎസ്സിഎല്ലില്‍ മരുന്നുക്ഷാമം നേരിട്ടതോടെ രോഗികള്‍ പുറത്തുനിന്നു മരുന്നുകള്‍ വാങ്ങേണ്ട സ്ഥിതിയാണ്.തിരുവല്ല താലൂക്ക് ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ ഏറ്റവുമധികം കുറിക്കുന്ന 12 ഇനം ആന്റിബയോട്ടിക്കുകളില്‍ 10 എണ്ണം തീര്‍ന്നിട്ട് രണ്ടാഴ്ചയായി. ഗ്യാസ്ട്രിക്‌സിനുള്ള മരുന്നും സ്റ്റോക്കില്ല.ചുമ മാറുന്നതിനുള്ള സിറപ്പ് ഒരാഴ്ചയായി ഇല്ല. ശ്വാസംമുട്ടലിന് ഉപയോഗിക്കുന്ന 4 ഇനം ഇന്‍ഹെയ്‌ലറുകളില്‍ 2 ഇനം മാത്രമേയുള്ളു. മല്ലപ്പള്ളി താലൂക്ക് ആശുപത്രിയില്‍ പാരസെറ്റമോള്‍ ഉള്‍പ്പെടെയുള്ള മരുന്നുകള്‍ക്ക് ക്ഷാമമുണ്ട്. ആന്റിബയോട്ടിക് മരുന്നുകളും ആവശ്യാനുസരണം ലഭ്യമല്ല.ഇതിന് ഉടനെ പരിഹാരം കാണണമെന്നാണ് രോഗികള്‍ പറയുന്നത്.
കിടത്തി ചികിത്സയ്‌ക്ക് സംവിധാനം കുറവ്
നേട്ടങ്ങളുടെ പട്ടികയില്‍ ആരോഗ്യ കേരളം മുന്നേറുമ്പോഴും ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ഇപ്പോഴും മിഴി നിറയും കാഴ്ചകള്‍. മഴക്കാലം ആരംഭിച്ചപ്പോള്‍ പനികാരുടെ എണ്ണം വര്‍ധിച്ചു. മരുന്നു നല്‍കിയിട്ടും കുറയാത്ത രോഗികളെ കിടത്തി ചികിത്സയ്‌ക്ക് വിധയമാക്കാന്‍ ആശുപത്രിയില്‍ സ്ഥലമില്ല. രോഗികളുടെ എണ്ണം കൂടിയതു കാരണമാണ് ഇത്. അഡ്മിഷന്‍ വരുന്ന തിങ്കള്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ വരാന്ത നിറഞ്ഞു കവിയുകയാണ്. മാത്രമല്ല അത്യാഹിത വിഭാഗത്തിലും ജനറല്‍ മെഡിസിന്‍ വിഭാഗത്തിലും കാലുകുത്താന്‍ സ്ഥലമില്ല. വരാന്തയില്‍ കിടക്കുന്നതില്‍ ഏറെയും സ്ത്രീകളാണ്. ആറു പുരുഷ വാര്‍ഡുകളും രണ്ടു സ്ത്രീ വാര്‍ഡുകളുമാണ് ജനറല്‍ മെഡിസിന്‍ വിഭാഗത്തിലുള്ളത്. കൊവിഡിനു ശേഷം ജനറല്‍ വിഭാഗത്തിലെത്തുന്ന രോഗികളുടെ എണ്ണവും കൂടിയിട്ടുണ്ട്. ആവശ്യത്തിന് ഡോക്ടര്‍മാര്‍ ഇല്ലാത്തതും ആശുപത്രി പ്രവര്‍ത്തനത്തിന്റെ താളം തെറ്റിച്ചിട്ടുണ്ട്.
യന്ത്രമുണ്ട്, പ്രവര്‍ത്തിപ്പിക്കാന്‍ ആളില്ല
തിരുവല്ല താലൂക്ക് ആശുപത്രിയില്‍ സിടി സ്‌കാന്‍ ഇല്ല. അള്‍ട്രാ സൗണ്ട് സ്‌കാനിങ്ങിനു 2 യന്ത്രമുണ്ട്. അതില്‍ ഒരെണ്ണം തകരാറിലാണ്. പക്ഷേ സ്‌കാനിങ് നടത്താന്‍ റേഡിയോളജിസ്റ്റിന്റെ തസ്തിക ഇല്ല. ഇപ്പോള്‍ വര്‍ക്കിങ് അറേഞ്ച്‌മെന്റില്‍ റേഡിയോളജിസ്റ്റ് ആഴ്ചയില്‍ 2 ദിവസം മാത്രം ജോലി ചെയ്യുന്നു. ഡോക്ടര്‍മാരുടെയും സ്റ്റാഫ് നഴ്‌സുമാരുടെയും കുറവാണ് മറ്റൊരു പ്രശ്‌നം. 6 ഡോക്ടര്‍മാരെ വച്ചാണ് കാഷ്വല്‍റ്റി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നത്. 36 നഴ്‌സുമാര്‍ മാത്രമാണ് ആകെ ജോലി ചെയ്യാനുള്ളത്. 173 കിടക്കകളുള്ള ആശുപത്രിയില്‍ ഇപ്പോള്‍ കിടക്കകള്‍ ഒന്നും ഒഴിവില്ല. അത്ര തിരക്കാണ്. ഇഎന്‍ടി, അസ്ഥിരോഗം,ശസ്ത്രക്രിയ, നേത്ര ചികിത്സാ വിഭാഗങ്ങളില്‍ ഓരോ ഡോക്ടര്‍മാര്‍ മാത്രമാണുള്ളത്. ഇവരുടെ ഓപ്പറേഷന്‍ ദിവസവും മറ്റു ഡ്യൂട്ടി സമയത്തും അവധി എടുക്കുമ്പോഴും ഒപി പ്രവര്‍ത്തിക്കില്ല. കുറഞ്ഞത് 2 ഡോക്ടര്‍മാര്‍ എങ്കിലും ഈ ഒപികളില്‍ വേണ്ടതാണ്. ഗൈനക്കോളജിയില്‍ 3, മെഡിസിന്‍, പീഡിയാട്രിക് വിഭാഗങ്ങളില്‍ 2 ഡോക്ടര്‍മാര്‍ വീതമുണ്ട്. കാഷ്വല്‍റ്റി വിഭാഗത്തില്‍ മെഡിക്കല്‍ ഓഫിസറുടെ തസ്തിക 6 മാസമായി ഒഴിഞ്ഞുകിടക്കുന്നു. അനസ്തീസിയ വിഭാഗത്തിലും ഒരു ഡോക്ടറേയുള്ളു. ടെക്‌നീഷന്‍ ഇല്ലാതായതിനെ തുടര്‍ന്ന് ബ്ലഡ് ബാങ്കിന്റെ പ്രവര്‍ത്തനം നിലച്ചിട്ട് 6 വര്‍ഷമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: