ഹ്യൂസ്റ്റൺ: സ്റ്റാഫോർഡിന്റെ ആദ്യ മലയാളി മേയർക്ക് സത്യവാചകം ചൊല്ലിക്കൊടുത്തത് മറ്റൊരു മലയാളി മേയർ. കഴിഞ്ഞ ചൊവ്വാഴ്ച സ്റ്റാഫോർഡ് സിറ്റി ഹാൾ സാക്ഷ്യമായതു ചരിത്ര മുഹൂർത്തങ്ങൾക്കും അതിലേറെ വൈകാരിക രംഗങ്ങൾക്കുമാണ്. വെള്ളക്കാർ മാത്രം ഭരിച്ചിരുന്ന സ്റ്റാഫോർഡ് എന്ന ചെറു നഗരം ഒരു തവിട്ടു നിറക്കാരനെ നഗരപിതാവായി സ്വീകരിച്ചു് ചരിത്രത്തിൻറെ ഏടുകളിൽ ഇടംപിടിക്കുകയായിരുന്നു.
ഇതിനു നിമിത്തമായത് സ്റ്റാഫോർഡിൻറെ പുതിയ മേയറായി തിരഞ്ഞെടുക്കപ്പെട്ട കെൻ മാത്യു. കെൻ മാത്യുവിന് സത്യവാചകം ചൊല്ലിക്കൊടുത്തത് തൊട്ടടുത്ത മിസോറി സിറ്റി മേയർ റോബിൻ ഇലക്കാട്ട്. ചൊവ്വാഴ്ച വൈകുന്നേരം അഞ്ചുമണിക്കു സിറ്റി ഹാൾ നിറഞ്ഞു കവിഞ്ഞ ഇന്ത്യക്കാർ ആഫ്രിക്കൻ-അമേരിക്കൻസ് ഹിസ്പാനിക് എന്നിവർ ഉൾപ്പെട്ട പുരുഷാരം ചടങ്ങുകൾക്ക് സാക്ഷിയായി.
സ്റ്റാഫോർഡ് മേയർ സിസിൽ വില്ലിസ് സിറ്റി കൗൺസിലിൻറെ ഈ പ്രത്യേക മീറ്റിംഗിൽ അധ്യക്ഷനായി. അതി വൈകാരികമായിരുന്ന തൻറെ വിരമിക്കൽ പ്രസംഗത്തിനുശേഷം പ്രോടെം മേയർ സേവ്യർ ഹരേരയെ ഭരമേല്പിച്ചു വിടവാങ്ങി. തുടർന്ന് സേവ്യറിന്റെ ക്ഷണപ്രകാരം പുതിയ മേയർക്ക് റോബിൻ ഇലക്കാട്ടു സത്യവാചകം ചൊല്ലിക്കൊടുത്തു. തുടർന്ന് ഡയസിലെത്തിയ കെൻ മാത്യു ഔദ്യോഗികമായി മേയർ പദവി ഏറ്റെടുത്തു. ഹൃദയസ്പൃക്കായി കൗൺസിലിനെയും ജനസമൂഹത്തെയും അഭിസംബോധനചെയ്തു. സത്യപ്രതിജ്ഞാ ചടങ്ങുകളിൽ കെൻ മാത്യുവിനൊപ്പം ഭാര്യ ലീലാമ്മ അദ്ദേഹത്തിന്റെ രണ്ടു പുത്രിമാരും അവരുടെ ഭർത്താക്കന്മാരും അഞ്ചു മക്കളും സന്നിഹിതരായിരുന്നു.
ഫോട്ബെൻഡ് കൗണ്ടി ജഡ്ജ് കെ പി ജോർജ്, ടെക്സാസ് സെനറ്റർമാരായ റോൺ റെയ്നോൾഡ്, സുലൈമാൻ ലലാനി ഫോട്ബെൻഡ് ഡിസ്ട്രിക്ട് ജഡ്ജ് സുരേന്ദ്രൻ പട്ടേൽ, ഫോട്ബെൻഡ് കൗണ്ടി കോർട് ജഡ്ജ് ജൂലി മാത്യു കൂടാതെ കൗണ്ടി കമ്മീഷണർമാർ തുടങ്ങി വിശിഷ്ടാത്ഥികളുടെ നിര തന്നെ ചടങ്ങുകൾക്ക് സാക്ഷ്യം വഹിക്കാൻ എത്തിയിരുന്നു. വിവിധ മലയാളി സംഘടനാ പ്രവർത്തകർ ഇന്ത്യാ പ്രസ്ക്ലബ് അംഗങ്ങൾ എന്നിവർക്കൊപ്പം വിവിധ പള്ളികളെ പ്രതിനിധീകരിച്ചു പുരോഹിതന്മാരും എത്തിയിരുന്നു.
അനിൽ ആറന്മുള
പ്രതികരിക്കാൻ ഇവിടെ എഴുതുക: