കോഴിക്കോട്: വെള്ളിമാടുകുന്ന് ബാലമന്ദിരത്തില്‍നിന്ന് നാലുകുട്ടികൾ ചാടിപ്പോയി. ഹോസ്റ്റലിലെ ശൗചാലയത്തിനകത്തെ ഗ്രില്‍ തകര്‍ത്താണ് കുട്ടികള്‍ കടന്നുകളഞ്ഞതെന്നാണ് പ്രാഥമിക വിലയിരുത്തല്‍. കാണാതായ നാലുകുട്ടികളില്‍ ഒരാള്‍ ഉത്തര്‍പ്രദേശ് സ്വദേശിയാണ്. മറ്റു മൂന്നുപേരും കേരളത്തില്‍നിന്നുള്ളവരാണ്. നാലുപേരും 17 വയസുകാരാണ്.
ചേവായൂര്‍ ബോയ്‌സ് ഹോമില്‍നിന്നാണ് നാല് ആണ്‍കുട്ടികളെ കാണാതായത്. കഴിഞ്ഞദിവസം രാത്രിയോടെയാണ് കുട്ടികള്‍ കടന്നുകളഞ്ഞത്. ശനിയാഴ്ച രാവിലെയാണ് ഇത് ശ്രദ്ധയില്‍പ്പെട്ടതെന്ന് ബാലമന്ദിരം അധികൃതര്‍ അറിയിച്ചു. ബാലമന്ദിരം അധികൃതരുടെ പരാതിയില്‍ ചേവായൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ബാലമന്ദിരം അധികൃതരില്‍നിന്ന് പോലീസ് വിവരങ്ങള്‍ ശേഖരിച്ചു. ഡി.സി.പിയുടേയും മെഡിക്കല്‍ കോളേജ് എ.സി.പിയുടേയും നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. കുട്ടികള്‍ പോകാന്‍ സാധ്യതയുള്ള സ്വകാര്യ ബസ് സ്റ്റാന്‍ഡ്, കെ.എസ്.ആര്‍.ടി. ബസ് സ്റ്റാന്‍ഡ്, റെയില്‍വേ സ്‌റ്റേഷനുകള്‍ എന്നിവ കേന്ദ്രീകരിച്ചുള്ള അന്വേഷണം നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: