ദാശൂരോപാഖ്യാനം
ഭൂമീതലം മുഴുവനും വിശുദ്ധമാണെങ്കിലും അത് അശുദ്ധമാണെന്ന് ദാശൂരന്‍ ഓര്‍ത്തു. വൃക്ഷത്തിന്റെ മേലഗ്രം ശുദ്ധമാണെന്നും അവിടെ വസിക്കുന്നതാണ് അത്യുത്തമമെന്നും അദ്ദേഹം കരുതി. മരക്കൊമ്പ്, ഇലകള്‍ എന്നിവിടങ്ങളില്‍ പക്ഷിയെപ്പോലെ ഇരിക്കണം. അതിനുള്ള ശേഷിയുണ്ടാകുവാന്‍ നല്ല തപസ്സ് ഊനംകൂടാതെ ചെയ്യുമെന്നുറച്ച് അഗ്നിയെ നന്നായി ജ്വലിപ്പിച്ച് ദാശൂരമാമുനി സന്ദേഹരഹിതനായി മാംസം സ്വന്തം ദേഹത്തുനിന്നരിഞ്ഞ് ഹോമിച്ചുതുടങ്ങി. ഇന്ന് എന്റെ വായിലിരിക്കുന്ന ബ്രാഹ്മണമാംസംകൊണ്ട് ദേവസമൂഹത്തിന്റെ തൊള്ളയൊക്കെയും വെന്തുവെണ്ണീറാകാതിരിക്കണമെന്ന് തന്റെ ഉള്ളില്‍ നിരൂപിച്ച് അഗ്നി ആ മാമുനിയുടെ മുന്നില്‍ പ്രത്യക്ഷപ്പെട്ടു പറഞ്ഞു, ”വിപ്രകുമാരാ! നിന്റെ ഉള്ളിലിരിക്കുന്ന വരം നീ വരിച്ചുകൊള്ളുക. നീ കേള്‍ക്കുക, കോശത്തിനുള്ളിലിരിക്കുന്ന നന്മണിപോലെ അതു നിനക്കു സുലഭമായിരിക്കുന്നു.” ഇങ്ങനെ പറഞ്ഞ പാവകദേവനെ ഭക്തിയോടുകൂടി വണങ്ങി മുനിപുത്രന്‍ സ്തുതിച്ചു. ”പ്രാണികള്‍ നിറഞ്ഞുവാഴുന്ന ഈ ഭൂമിയില്‍ വിശുദ്ധമായ പ്രദേശത്തെ ഞാന്‍ കാണുന്നില്ല. അതുകൊണ്ടു വൃക്ഷാഗ്രത്തില്‍ വാണീടുമാറ് എനിക്കു വരം തരണം.” എന്നീവിധം അപേക്ഷിച്ചനേരം സര്‍വ്വവൃന്ദാരകമുഖമായ അഗ്നി ”സന്ദേഹമില്ല, അതു സാദ്ധ്യമായ് വന്നിടും,” എന്നു പറഞ്ഞ് അവിടെ മറഞ്ഞു.
സന്ധ്യാസമയത്തുള്ള മേഘംപോലെ അഗ്നി മറഞ്ഞപ്പോള്‍ കാര്‍മേഘമണ്ഡലത്തെയും കടന്ന്, വലുതായി, കാടിന്റെ മദ്ധ്യത്തില്‍ നില്‍ക്കുന്നതായ രോദസീസ്തംഭ (പ്രകാശസ്തംഭം) രൂപനാകുന്ന തടിയോടുകൂടിയ ഒരു വൃക്ഷത്തില്‍ വിപ്രോത്തമന്‍ കയറി. ഭയംവെടിഞ്ഞ്, അതിന്റെ പൊക്കമേറുന്ന കൊമ്പിന്റെ തുമ്പിന്റെ തലയ്‌ക്കലായുള്ള ഒരു തളരിലയില്‍ അകക്കാമ്പില്‍ ഉല്ലാസമാര്‍ന്നു ചെന്നിരുന്നു. അങ്ങനെ ശൈലങ്ങളാകുന്ന മാറിടവും ലോലനീലമേഘങ്ങളാകുന്ന കുറുനനിരകളും നിര്‍മ്മലമായ ആകാശമാകുന്ന മുടിയും നന്നായിച്ചേരുന്ന നല്ല ചെറുപൊയ്കകളോടുകൂടിയ രമ്യങ്ങളായ ദിക്‌സുന്ദരികളെക്കണ്ടു സകൗതുകം പത്മാസനബദ്ധനായി ഇരുന്ന് തന്റെ ചിത്തത്തെ എങ്ങുമേ പോകാനയയ്‌ക്കാതെ പരമാര്‍ത്ഥബോധം കൂടാതെ ക്രിയാമാത്രയില്‍ എന്നും സ്ഥിതിചെയ്ത് ഫലമാകുന്ന കാര്‍പ്പണ്യം ചേര്‍ന്ന ചേതസ്സുകൊണ്ട് അവന്‍ യാഗം ചെയ്തു.
ദാശൂരനീവിധം പത്തു സംവത്സരം അശ്വമേധാദികളായ യാഗങ്ങളെ ചേതസ്സാ ചെയ്തു വാണതുകൊണ്ട് ചേതസ്സ് കാലക്രമേണ നന്നായി തെളിഞ്ഞു. അക്കാലം ആത്മപ്രസാദത്തില്‍നിന്നുണ്ടായ സത്‌ബോധം ഉള്‍ക്കുരുന്നിങ്കല്‍ ശക്തമായി ഉദിച്ചു. പിന്നെ ലോകം മുഴുവനും വ്യാപിച്ചിരിക്കുന്ന ആവരണനായി വാസനയെന്നുള്ളത് അല്പവും ഇല്ലാതെയായിത്തീര്‍ന്നു. വൃക്ഷാഗ്രത്തിലെ പല്ലവംകൊണ്ടുള്ള ഇരിപ്പിടത്തില്‍ വാഴുന്ന കല്യനായുള്ള ദാശൂരമാമുനിയുടെ മുന്നില്‍ ഒരു നാള്‍ അതിസുന്ദരഗാത്രിയാകുന്ന വനദേവത പുഷ്പംകൊണ്ടുള്ള വസ്ത്രമണിഞ്ഞ് വിനീതയായി നില്‍ക്കുന്നതു കണ്ടു അദ്ദേഹം സകൗതുകം ചോദിച്ചു, -”കാമദേവനെക്കൂടി കുലുക്കുന്ന നീ ആരാണെന്നു പറയുക.” ചക്രവാകത്തിനു തുല്യമായ ശബ്ദമുള്ള അവള്‍ മുനിയോടു പറഞ്ഞു, ”കിട്ടാത്തതായുള്ളതെല്ലാം മഹത്തുക്കളോടു യാചിക്കുകില്‍ ക്ഷണം കൊണ്ടു കിട്ടും. അങ്ങുന്നു വാഴുന്ന കടമ്പിനേക്കാല്‍ ഏറ്റവും ഭംഗിയുള്ളതും അനേകവൃക്ഷങ്ങള്‍ ഒത്തുചേര്‍ന്നതുമായ സ്ഥലത്ത് ഒരു വള്ളിക്കുടില്‍ വിലസുന്നുണ്ട്. ഞാന്‍ ഈ കാട്ടിലുള്ള വനദേവതയാണ്. മേടമാസത്തിലെ വെളുത്തപക്ഷത്തിലെ ത്രയോദശീനാളില്‍ നടത്തപ്പെടുന്നതും വളരെ ഉത്‌സാഹമുണ്ടാക്കുന്നതുമായ വനദേവതമാരുടെ ഒരു സമാജം നന്ദനോദ്യാനത്തില്‍ ഉണ്ടായിരുന്നു മാമുനേ! മനസ്സില്‍ കൗതൂഹലത്തോടെ ഞാനും അവിടെ ആ ദിനം ചെന്നു. കാമോത്സവത്തിങ്കല്‍ ഏറ്റവും മേളംകലര്‍ന്നു വാഴുന്ന സുന്ദരികളായ എന്റെ തോഴിമാരെക്കണ്ടു ഞാന്‍ സന്തോഷിച്ചു. അവര്‍ക്കൊക്കെ ഇപ്പോള്‍ മക്കളുണ്ട്. ഞാന്‍ മക്കളില്ലാത്തതുകൊണ്ട് ദുഃഖിതയാണ്. ഉള്ളില്‍ ആഗ്രഹിച്ചീടുന്നതൊക്കെയും പെട്ടെന്നു തരുന്ന കല്പവൃക്ഷമായ നാഥ! ഭവാനിവിടെ വസിച്ചുവരവെ നാഥനില്ലാത്തവളെന്നപോല്‍ കഷ്ടം! അപുത്രികയായി ഞാന്‍ ആകുലപ്പെട്ടു വസിക്കണമോ? അത്യന്ത കാരുണ്യമോടെ ഭവാന്‍ എനിക്ക് ഒരു പുത്രനെത്തന്നു എന്നെ രക്ഷിക്കണം. അല്ലെങ്കില്‍ ഞാന്‍ അഗ്നിയില്‍ച്ചാടി ദുഃഖം ഇല്ലാതെയാക്കുന്നുണ്ട്.”
സുന്ദരിയാകുന്ന അവള്‍ ഈവിധമൊക്കെയും പറഞ്ഞതുകേട്ടു ദയാന്വിതനായ മുനി നല്ല ഒരു പുഷ്പം അവള്‍ക്കു സമ്മാനിച്ചിട്ട് ചിരിച്ചുകൊണ്ടു പറഞ്ഞു, ”സുന്ദരി! നീ പൊയ്‌ക്കൊള്ളുക. ഒരു മാസത്തിനുള്ളില്‍ നീ ഒരു പുത്രനെ പ്രസവിക്കും. അവന്‍ പൂജാര്‍ഹനായി ഭവിക്കും. ഞാന്‍ പറഞ്ഞതു വ്യാജമായിവരില്ല. തീയില്‍ച്ചാടി മരിക്കാനൊരുങ്ങീട്ടു പുത്രനെത്തന്നെ യാചിക്കകാരണം നിശ്ചയമായും നിതാന്തം പ്രയാസപ്പെടുകിലേ ജ്ഞാനം കുമാരനു സംഭവിക്കൂ ശുഭേ!” പിന്നെ കൗതുകംപൂണ്ടു ആ വനദേവത വന്ദിച്ചുകൊണ്ട് മാമുനിയോടപേക്ഷിച്ചു, ”നിത്യവും ഭവാനെ ശുശ്രൂഷചെയ്തുകൊണ്ട് ഇവിടെ ഞാന്‍ വാഴുവാനനുവദിക്കണം.” ദാശൂരമാമുനി പറഞ്ഞു, ”വേണ്ടാത്തതൊന്നും നീ വൃഥാ പറയേണ്ട, വേഗം പൊയ്‌ക്കൊള്ളുക.” എന്നു മുനി പറഞ്ഞതുകോട്ടു അവള്‍ മന്ദം തന്റെ വീടെത്തി. രാമ! മാമുനി യഥാപൂര്‍വ്വം വസിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: