വാഷിംഗ്ടണ്‍ : വൈവിധ്യമാണ് ഇന്ത്യയുടെ സ്വാഭാവിക ജീവിതരീതിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോകത്തെ എല്ലാ വിശ്വാസങ്ങളുടേയും ആലയമാണ് ഇന്ത്യയെന്നും അവയെല്ലാം ആഘോഷിക്കപ്പെടുന്നതായും മോദി പറഞ്ഞു.
ഇന്ന് ലോകം ഇന്ത്യയെക്കുറിച്ച് കൂടുതല്‍ കൂടുതല്‍ അറിയാന്‍ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. വാഷിംഗ്ടണ്‍ ഡിസിയില്‍ യുഎസ് കോണ്‍ഗ്രസിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യവെയാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്.
ഒരു മണിക്കൂര്‍ നീണ്ട പ്രസംഗത്തില്‍ പ്രധാനമന്ത്രി നിരവധി വിഷയങ്ങള്‍ പരാമര്‍ശിച്ചു. ഇന്ത്യ-യുഎസ് പങ്കാളിത്തം ജനാധിപത്യത്തിന്റെ ഭാവിക്ക് ശുഭപ്രതീക്ഷ നല്കുന്നു. അമേരിക്ക ഏറ്റവും പഴക്കമുളളതും ഇന്ത്യ ഏറ്റവും വലിയതുമായ ജനാധിപത്യ രാജ്യമാണെന്ന് അദ്ദേഹം പറഞ്ഞു. ചിന്തയ്ക്കും ആവിഷ്കാരത്തിനും ചിറകു നല്കുന്ന സംസ്കാരമാണ് ജനാധിപത്യമെന്നും അദ്ദേഹം പറഞ്ഞു.
നമ്മുടെ എല്ലാ ആഗോള ഭരണ സ്ഥാപനങ്ങള്‍ക്കും, പ്രത്യേകിച്ച് യുഎന്നിനും ബാധകമായ മെച്ചപ്പെട്ട വിഭവങ്ങളും പ്രാതിനിധ്യവും ഉള്ള ബഹുരാഷ്ട്ര സ്ഥാപനങ്ങള്‍ പുനരുജ്ജീവിപ്പിക്കണമെന്നും ബഹുമുഖ സ്ഥാപനങ്ങളെ നവീകരിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. ലോകം മാറിയപ്പോള്‍ നമ്മുടെ സ്ഥാപനങ്ങളും മാറണമെന്ന് മോദി പറഞ്ഞു.
മാര്ട്ടിന് ലൂഥര്‍ കിംഗ് ജൂനിയര്‍, മഹാത്മാഗാന്ധി തുടങ്ങിയ മഹത്തായ വ്യക്തികളുടെ ജീവിതം ഇന്ത്യയെയും അമേരിക്കയെയും പ്രചോദിപ്പിക്കുകയും നമ്മുടെ രാജ്യങ്ങള്‍ക്കിടയില്‍ ആഴത്തിലുള്ള ബന്ധം സ്ഥാപിക്കുകയും ചെയ്തുവെന്ന് നരേന്ദ്ര മോദി പറഞ്ഞു. യു എസ് കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്യുന്നത് വലിയ ബഹുമതിയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു, രണ്ട് തവണ അങ്ങനെ ചെയ്യാന്‍ സാധിച്ചത് അസാധാരണമായ കാര്യമാണ്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി, നിര്‍മ്മിത ബുദ്ധിയില്‍ നിരവധി പുരോഗതികള്‍ ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചരിത്രത്തിലുടനീളം, ലോകമെമ്പാടുമുള്ള ആളുകളെ അമേരിക്ക സ്വീകരിച്ചിട്ടുണ്ടെന്നും ഇന്ത്യയില്‍ വേരുകളുള്ള ദശലക്ഷക്കണക്കിന് ആളുകള്‍ യുഎസിലുണ്ടെന്നും മോദി പറഞ്ഞു. അവരില്‍ ചിലര്‍ യുഎസ് കോണ്‍ഗ്രസിന്റെ ചേമ്പറില്‍ അഭിമാനത്തോടെ ഇരിക്കുന്നതായി അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷം ആഘോഷിച്ചതായി പ്രധാനമന്ത്രി പറഞ്ഞു. ഓരോ നാഴികക്കല്ലും പ്രധാനമാണ്. പ്രധാനമന്ത്രിയായിരിക്കെ താന്‍ ആദ്യമായി യുഎസ് സന്ദര്‍ശിച്ചപ്പോള്‍ ഇന്ത്യ ലോകത്തിലെ പത്താമത്തെ വലിയ സമ്പദ്വ്യവസ്ഥയായിരുന്നുവെന്ന് മോദി പറഞ്ഞു.ആധുനിക ഇന്ത്യയില്‍ ഇന്ന് സ്ത്രീകള്‍ നമ്മെ മികച്ച ഭാവിയിലേക്ക് നയിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയുടെ കാഴ്ചപ്പാട് സ്ത്രീകള്‍ക്ക് പ്രയോജനം ചെയ്യുന്ന വികസനം മാത്രമല്ല, സ്ത്രീകളുടെ നേതൃത്വത്തിലുളള വികസനമാണ് എന്ന് അദ്ദേഹം എടുത്തുപറഞ്ഞു.
ഇത് യുദ്ധത്തിന്റെ കാലഘട്ടമല്ല, മറിച്ച് സംഭാഷണത്തിന്റെയും നയതന്ത്രത്തിന്റെതുമാണ്. രക്തച്ചൊരിച്ചിലിനും മനുഷ്യരുടെ കഷ്ടപ്പാടുകള്‍ക്കും തടയിടാന്‍ നമ്മളാല്‍ കഴിയുന്നത് ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: