കോട്ടയം: എന്‍എസ്എസില്‍ ഭിന്നത രൂക്ഷം. ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന് കലഞ്ഞൂര്‍ മധു പുറത്ത്. പകരം കെബി ഗണേഷ് കുമാര്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗമാകും. എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരുമായുള്ള അഭിപ്രായ ഭിന്നതയെ തുടര്‍ന്നാണ് കലഞ്ഞൂര്‍ മധുവിന് സ്ഥാനം നഷ്ടമായത്. മന്ത്രി കെ എന്‍ ബാലഗോപാലിന്റെ മൂത്ത സഹോദരനായ മധു 26 വര്‍ഷമായി ഡയറക്ടര്‍ ബോര്‍ഡ് അംഗമാണ്.
മന്നം വിഭാവനം ചെയ്ത നിലപാടുകളില്‍ നിന്ന് നിലവിലെ നേതൃത്വം വ്യതിചലിച്ചെന്നും എന്‍എസ്എസില്‍ അഭിപ്രായസ്വാതന്ത്ര്യത്തിന് വിലയില്ലെന്നും കലഞ്ഞൂര്‍ മധു പറഞ്ഞു.അതേസമയം സംഘടനയില്‍ പ്രശ്നങ്ങളൊന്നും ഇല്ലെന്ന് എന്‍ എസ് എസ് നേതൃത്വം വ്യക്തമാക്കി. ബജറ്റും ഡയറക്ടര്‍ ബോര്‍ഡ് യോഗവും സുഗമമായി നടക്കുന്നെന്നും നേതൃത്വം വിശദീകരിച്ചു. കുറച്ചു നാള് മുമ്പ് എന്‍എസ്എസ് രജിസ്ട്രാര്‍ ആയിരുന്ന ടി എന്‍ സുരേഷിനോടും രാജി ചോദിച്ചു വാങ്ങിയിരുന്നു.
ഇന്ന് മധുവിനെ ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന് നീക്കം ചെയ്യാന്‍ ജനറല്‍ സെക്രട്ടറി തീരുമാനിച്ചതിനു പിന്നാലെ 300 അംഗ പ്രതിനിധി സഭയില്‍ നിന്ന് ആറു പേര് ഇറങ്ങിപ്പോയി. കലഞ്ഞൂര്‍ മധു, പ്രശാന്ത് പി കുമാര്‍, മാനപ്പള്ളി മോഹന്‍ കുമാര്‍, വിജയകുമാരന്‍ നായര്‍, രവീന്ദ്രന് നായര്‍, അനില്‍കുമാര്‍ എന്നിവരാണ് പ്രതിഷേധിച്ച് ഇറങ്ങിപ്പോയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: