ദുബായ് : അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ യോഗാഭ്യാസം നടത്തി യുഎഇയുടെ ബഹിരാകാശ സഞ്ചാരി സുൽത്താൻ അൽനെയാദി. ഏത് കഠിനമായ ജീവിത സാഹചര്യത്തിലും ശാരീരികവും മാനസികവുമായ ഉൻമേഷത്തിന് യോഗയുടെ പ്രാധാന്യം എത്രത്തോളമുണ്ടെന്ന് ലോകത്തോട് എടുത്ത് കാണിക്കുകയായിരുന്നു സുൽത്താൻ അൽനെയാദി. താൻ യോഗ ചെയ്യുന്ന ചിത്രം ട്വിറ്ററിൽ അദ്ദേഹം പങ്കുവച്ചു.
പത്മാസന രീതിയിൽ യോഗ ചെയ്യുന്ന അദ്ദേഹത്തിന്റെ ചിത്രം ഇതിനോടകം വൈറലായി. “ഇന്ന് അന്താരാഷ്ട്ര യോഗ ദിനമാണ് , അതിനാൽ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ അൽപനേരം താൻ യോഗ പരിശീലനം ചെയ്യുന്നു, വ്യക്തിപരമായി യോഗ തനിക്ക് ഏറെ പ്രിയപ്പെട്ടതാണ് “സുൽത്താൻ അൽനെയാദി ചിത്രത്തോടൊപ്പം ട്വിറ്ററിൽ കുറിച്ചു. അതികഠിനമായി ജീവിത സാഹചര്യങ്ങളിൽ മാനസികവും ശാരീരികവുമായ ആരോഗ്യത്തിന്റെ ആവശ്യകതയെപ്പറ്റി അദ്ദേഹം സംസാരിച്ചു. യോഗ എന്നത് കേവലം ശാരീരിക ഉൻമേഷത്തിന് വേണ്ടി മാത്രമല്ല മറിച്ച് മനസിന് ഉണർവേകാനും സമ്മർദ്ദങ്ങളെ ലഘൂകരിക്കാനുമുള്ള ഉത്തമ ഉപാധിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഭൂമിയിൽ നിന്നും 400 കിലോമീറ്റർ അകലെ ബഹിരാകാശ നിലയത്തിൽ യോഗ ചെയ്ത അദ്ദേഹത്തിന്റെ ശൈലി രാജ്യത്തെ യോഗാഭ്യാസികൾക്ക് ഏറെ പ്രചോദനമാണ് നൽകിയത്. യുഎഇയുടെ ദീർഘകാല ബഹിരാകാശയാത്രാ ദൗത്യത്തിന്റെ ഭാഗമായിട്ടാണ് സുൽത്താൻ അൽനെയാദി ഇന്റർനാഷണൽ സ്പേസ് സ്റ്റേഷനിലെത്തിയത്.
അതേസമയം യുഎഇയിൽ യോഗാദിനം സമുചിതമായിട്ടാണ് ആഘോഷിച്ചത്. ദുബായിലെ ചരിത്രപ്രസിദ്ധമായ പോർട്ട് റാഷിദിലെ ഡിപി വേൾഡ് ക്രൂയിസ് ടെർമിനലിൽ ഓഷ്യൻ റിംഗ് ഓഫ് യോഗ എന്ന പേരിലാണ് അന്താരാഷ്ട്ര യോഗ ദിനാഘോഷം നടന്നത്. വസുദൈവക കുടുംബം എന്ന ആശയത്തിലൂന്നിയാണ് യോഗാ ദിനം ആഘോഷിച്ചത്. യുഎ ഇയുടെ മന്ത്രി ഡോ. താനി ബിൻ അഹമ്മദ് അൽ സെയ്ദി മുഖ്യാതി ഥിയായി . ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ മറ്റ് വിശിഷ്ടാതിഥികളും പരിപാടിയിൽ പങ്കെടുത്തു. ഇതിനു പുറമെ ഇന്ത്യൻ നാവിക സേനയുടെ ഐഎൻഎസ് ബ്രഹ്മപുത്ര ആഘോഷങ്ങളുടെ ഭാഗമായി എത്തിയിരുന്നു. പടക്കപ്പലിലെ നാവികരടക്കം 250 ഓളം പേർ യോഗാഭ്യാസത്തിൽ പങ്കു ചേർന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: