കോഴിക്കോട്: പൊതുമരാമത്ത് വകുപ്പുമന്ത്രി പി.എം. മുഹമ്മദ് റിയാസ് പൊതുമുതല്‍ നശിപ്പിച്ച കേസില്‍ കോടതി ശിക്ഷിച്ച പിഴയടച്ചു. 1,29,000 രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് പോസ്റ്റല്‍ ഡിപ്പാര്‍ട്ട്മെന്റ് നല്‍ഹിയ ഹര്‍ജിയില്‍ 10 വര്‍ഷം മുമ്പ് വന്ന വിധിയിലാണ്, ഇത്രകാലം വൈകിച്ചതിന്റെ പലിശയും അധിക ചെലവും ചേര്‍ത്ത് 3,81,000 രൂപ അടച്ചത്. പണം തികയാഞ്ഞതുകൊണ്ട് 40,000 രൂപ ഇന്ന് അടയ്ക്കാമെന്നാണ് കോടതിയെ അറിയിച്ചിട്ടുള്ളത്.
ഡിവൈഎഫ്ഐ കോഴിക്കോട് ജില്ലാ നേതാവായിരിക്കെ കേന്ദ്ര സര്‍ക്കാര്‍ വിരുദ്ധ സമരത്തിന്റെ ഭാഗമായി വടകര പോസ്റ്റ് ഓഫീസ് ആക്രമിച്ച് നാശനഷ്ടം വരുത്തി. കമ്പ്യൂട്ടര്‍ തകര്‍ത്തു, പോസ്റ്റ് ഓഫീസിലെ കിയോസ്ക് നശിപ്പിച്ചു, മറ്റു നാശനഷ്ടങ്ങള്‍ വരുത്തി എന്നിങ്ങനെ ആരോപിച്ചായിരുന്നു കേസ്. അന്ന് ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയായിരുന്ന റിയാസ് ഒന്നാം പ്രതിയായി 12 പേര്‍ക്കെതിരേയായിരുന്നു കേസ്. വടകര സബ്കോടതി ശിക്ഷവിധിച്ചു. ഇതിനെതിരേ ജില്ലാ കോടതിയില്‍ അപ്പീല്‍ പോയെങ്കിലും ശിക്ഷ ശരിവെച്ചു. അപ്പീല്‍ വൈകിയതിനാല്‍ ഹൈക്കോടതി അപ്പീല്‍ സ്വീകരിച്ചില്ല. തുടര്‍ന്ന് വര്‍ഷങ്ങളായി പിഴത്തുക അടയ്ക്കാതെ ഒഴിഞ്ഞുനടക്കുകയായിരുന്നു. പോസ്റ്റല്‍ വകുപ്പിന്റെ അഭിഭാഷകന് അഡ്വ. എം. രാജേഷ് കുമാര്‍, വിധി നടപ്പാക്കല്‍ അപേക്ഷ നല്‍കിയതിനെ തുടര്‍ന്ന് മന്ത്രിക്കെതിരേ അറസ്റ്റ് വാറണ്ട് വന്നു. തുടര്‍ന്നാണ് പിഴത്തുക കെട്ടിവെച്ചത്.
ഡിവൈഎഫ്ഐ സമരത്തിന്റെ ഭാഗമായി 2011 ജനുവരി 19 ന് വടകര ഹെഡ് പോസ്റ്റ് ഓഫിസ് ഉപകരണങ്ങളും മറ്റും തല്ലിത്തകര്‍ത്ത കേസിലാണ് നഷ്ടപരിഹാരം നല്കാന് കോടതി വിധിയായത്. പെട്രോളിയം വില വര്‍ധനയുമായി ബന്ധപെട്ടു ഡിവൈഎഫ്ഐ നടത്തിയ അക്രമത്തില്‍ ജനാല ചില്ലുകള്‍, എച് സി എല്‍ കിയോസ് മിഷീന് ,ബോര്‍ഡുകള്‍ ,ടെലിഫോണ്‍ , ജനാല ഗ്ലാസുകള്‍ മുതലായവ തകര്‍ന്നിരുന്നു ഇതിനെ തുടര്‍ന്ന് കോടതി ഒരു ലക്ഷത്തി മുപ്പതിനായിരം രൂപയുടെ അടുത്ത് നഷ്ട്ടം മന്ത്രിയടക്കം 12 ഡിവൈഎഫ്ഐ പ്രവര്‍ത്തകരില്‍നിന്നും ഈടാക്കാന്‍ കോടതി ഉത്തരവിട്ടിരുന്നു .
മുഹമ്മദ് റിയാസിനൊപ്പം എം.കെ. ശശി, എ.എം. റഷീദ്, പി.ടി.കെ. രാജീവന്, ടി. അനില്‍കുമാര്‍, പി.കെ. അശോകന്, കെ.എം. മനോജന്, കെ.കെ. പ്രദീപന്, ഷാജി കൊളരാട്, അജിലേഷ് കൂട്ടങ്ങാരം, ടി. സജിത്ത് കുമാര്‍ എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: