വാഷിങ്ടണ്‍ : ന്യൂയോര്‍ക്ക് സന്ദര്‍ശനത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി വാഷിങ്ടണ്‍ ഡിസിയില്‍ എത്തി. വൈറ്റ് ഹൗസില്‍വെച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡന്, പ്രഥമ വനിത ജില് ബൈഡന് എന്നിവരുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രി ആന്‍ഡ്രൂസ് വിമാനത്താവളത്തില്‍ എത്തുന്നതിന്റേയും, വൈറ്റ് ഹൗസില്‍ ബൈഡനുമായി കൂടിക്കാഴ്ച നടത്തുന്നതിന്റെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.
വൈറ്റ് ഹൗസിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സ്നേഹോഷ്മളമായ വരവേല്‍പ്പാണ് ലഭിച്ചത്. ബൈഡനുമായി പ്രധാനമന്ത്രി വിവിധ വിഷയങ്ങളില്‍ ചര്‍ച്ചയും നടത്തി. യുഎസ് പ്രസിഡന്റ് ജോ ബൈഡന്, പ്രഥമ വനിത ജില് ബൈഡന് എന്നിവര്‍ക്ക് ഇന്ത്യന്‍ പൈതൃകവും സംസ്കാരവും വിളിച്ചോതുന്ന സമ്മാനങ്ങളും കൈമാറിയിട്ടുണ്ട്.
ലണ്ടനിലെ ഫേബര്‍ ആന്‍ഡ് ഫേബര്‍ ലിമിറ്റഡ് പ്രസിദ്ധീകരിക്കുകയും ഗ്ലാസ്ഗോ യൂണിവേഴ്സിറ്റി പ്രസ്സില്‍ അച്ചടിക്കുകയും ചെയ്ത ‘ദ ടെന്‍ പ്രിന്‍സിപ്പല്‍ ഉപനിഷദ്’ എന്ന പുസ്തകത്തിന്റെ ആദ്യ പതിപ്പിന്റെ പ്രിന്റ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസിഡന്റ് ജോ ബൈഡന് സമ്മാനിച്ചു. ഇന്ത്യന്‍ ഉപനിഷത്തുകളുടെ ഇംഗ്ലീഷ് വിവര്‍ത്തനമാണ് ‘ദ ടെന്‍ പ്രിന്‍സിപ്പല്‍ ഉപനിഷദ്’. 1937-ല്‍, ശ്രീ പുരോഹിത് സ്വാമിയുമായി ചേര്‍ന്ന് എഴുതിയ ഇന്ത്യന്‍ ഉപനിഷത്തുകളുടെ ഇംഗ്ലീഷ് വിവര്‍ത്തനം ഡബ്ല്യൂടി യീറ്റ്സാണ് പ്രസിദ്ധീകരിച്ചത്.
രാജസ്ഥാനിലെ ജയ്പൂര്‍ സ്വദേശിയായ ശില്പിയുടെ കരകൗശലത്തില്‍ നിര്‍മിച്ച പ്രത്യേക ചന്ദനപ്പെട്ടിയും ബൈഡന് നല്കി. കര്‍ണാടകയിലെ മൈസൂരില്‍ നിന്നെത്തിച്ച ചന്ദനമരത്തില്‍ നിറയെ കൊത്തുപണികളാല്‍ തീര്‍ത്തിട്ടുള്ളതാണ് ഈ ചന്ദനപ്പെട്ടി. കൈകൊണ്ട് നിര്‍മിച്ചിട്ടുള്ള ഗണപതി ഭഗവാന്റെ വിഗ്രഹമാണ് ഈ പെട്ടിക്കുള്ളിലുള്ളത്.
കൊല്‍ക്കത്തയിലെ വെള്ളിപ്പണിക്കാരുടെ അഞ്ചാം തലമുറയാണ് വിഗ്രഹവും വിളക്കും നിര്‍മിച്ചിരിക്കുന്നത്. രാജസ്ഥാന് കരകൗശലത്തൊഴിലാളികള്‍ രൂപകല്പന ചെയ്ത 99.5% ശുദ്ധവും ഹാള്‍മാര്‍ക്ക് ചെയ്തതുമായ വെള്ളി നാണയവും, പഞ്ചാബില്‍ നിന്നുള്ള നെയ്യും, ഝാര്‍ഖണ്ഡില്‍ നിന്ന് കൈകൊണ്ട് നെയ്ത ടെക്സ്ചര്‍ ടസര്‍ സില്‍ക്ക് തുണിയും പെട്ടിയിലുണ്ട്. കൂടാതെ ഉത്തരാഖണ്ഡില്‍ നിന്നുള്ള നീണ്ട അരി, മഹാരാഷ്ട്രയില്‍ നിന്നുള്ള ശര്‍ക്കരയും പ്രധാനമന്ത്രി സമ്മാനിച്ച പെട്ടിയില്‍ ഉള്‍പ്പെടുന്നു.
ലാബില്‍ നിര്‍മ്മിച്ച 7.5 കാരറ്റ് പച്ച വജ്രം യുഎസ് പ്രഥമ വനിത ഡോ. ജില് ബൈഡന് സമ്മാനിച്ചു. സൗരോര്‍ജ്ജം, കാറ്റ് വൈദ്യുതി എന്നിവ പോലുള്ള പരിസ്ഥിതി സൗഹാര്‍ദ്ദ വഴികളിലൂടെയാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ ഏറെ സവിശേഷതയുള്ളതാണ് പച്ച വജ്രത്തിന്. കശ്മീരിലെ അതിവിദഗ്ധരായ കരകൗശല വിദഗ്ധരര്‍ നിര്‍മിച്ച പെട്ടിയിലാണ് ഈ വജ്രം വെച്ചിരിക്കുന്നത്. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷത്തെ അടയാളപ്പെടുത്തുകയും സുസ്ഥിരമായ ഉഭയകക്ഷി ബന്ധങ്ങളെയും പച്ച വജ്രം പ്രതീകപ്പെടുത്തുന്നുണ്ട്. വൈറ്റ്ഹൗസിലെ ഔദ്യോഗിക അത്താഴവിരുന്നിലും ഇന്ന് മോദി പങ്കെടുക്കും.
യുഎന്‍ ആസ്ഥാനത്തെ യോഗാദിനാചരണത്തിന് ശേഷമാണ് പ്രധാനമന്ത്രി വാഷിങ്ടണ്‍ ഡിസിയിലെത്തിയത്. 135 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളാണ് ഇത്തവണ ഐക്യരാഷ്ട്ര സഭയുടെ ന്യൂയോര്‍ക്കിലെ ആസ്ഥാനത്ത് നടന്ന യോഗ ദിനാചരണത്തില്‍ പങ്കെടുത്തത്. ഏറ്റവും അധികം രാജ്യങ്ങളില്‍ നിന്നുള്ള ആളുകള്‍ പങ്കെടുത്ത പൊതുപരിപാടി എന്ന റെക്കോര്‍ഡ് നേട്ടവും ഇത്തവണത്തെ യോഗ ദിനാചരണത്തിന് കൈവരിച്ചു. ഖത്തറില്‍ 2022 ല്‍ നടന്ന യോഗ ദിനാചരണത്തിനായിരുന്നു നേരത്തെ ഈ റെക്കോര്‍ഡ്. ഇന്ത്യന്‍ എംബസിയുടെ കീഴിലെ ഇന്ത്യന്‍ സ്പോര്‍ട്സ് സെന്റര്‍ സംഘടിപ്പിച്ച ആ യോഗ പരിപാടിയില്‍ 114 രാജ്യങ്ങളില്‍ നിന്നുള്ളവരാണ് ഭാഗമായിരുന്നത്. ഈ ഗിന്നസ് റെക്കോര്‍ഡാണ് പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ഇത്തവണ തിരുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: