സഹാറന്‍പൂര്‍: കൊള്ളസംഘത്തിനെതിരെ ശക്തമായ നടപടിയുമായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. കൊള്ള സംഘത്തലവന് ഹാജി ഇഖ്ബാലിന്റെ 500 കോടിയിലധികം വിലമതിക്കുന്ന സ്വത്തുക്കള്‍ കണ്ടുകെട്ടി. സഹാറന്‍പൂര്‍, ലഖ്നൗ, ഗ്രേറ്റര്‍ നോയിഡ എന്നിവിടങ്ങളിലുള്ള സ്വത്തുക്കള്‍ സഹാറന്‍പൂര്‍ പോലീസാണ് കണ്ടുകെട്ടിയത്.
ഉത്തര്‍പ്രദേശ് ഗുണ്ടാ- കൊള്ളസംഘങ്ങള്‍, സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനുമുള്ള നിയമ പ്രകാരമാണ് നടപടി സ്വീകരിച്ചിരിക്കുന്നതെന്ന് സഹാറന്‍പൂര്‍ പോലീസ് സീനിയര്‍ സൂപ്രണ്ടന്റ് വിപിന്‍ ടാഡ പറഞ്ഞു. സഹാറന്‍പൂരില്‍ നിന്ന് മാത്രം 200 കോടിയുടെ സ്വത്തുക്കളാണ് പിടിച്ചെടുത്തത്. ഇതുകൂടാതെ ഗ്രേറ്റര്‍ നോയിഡയിലെ ഗൗതം ബുദ്ധ നഗര്‍ ജില്ലയിലെ ഇക്കോടെക്- 3 പോലീസ് സ്റ്റേഷന് പരിധിയില്‍ നോളജ് പാര്ക്കിന് സമീപം നിര്‍ദ്ദിഷ്ട ടൗണ്‍ഷിപ്പിനായി 300 കോടി രൂപ വിലമതിക്കുന്ന നിരവധി പ്ലോട്ടുകളും ലഖ്നൗവില്‍ ഏഴ് കോടി രൂപ വിലമതിക്കുന്ന ഒരു ബംഗ്ലാവും പിടിച്ചെടുത്തിട്ടുണ്ട്.
ഖനന മാഫിയയുടെ കേന്ദ്രബിന്ദുവാണ് ഹാജി ഇഖ്ബാല്‍. ഇയാള്‍ക്കെതിരെ സ്ത്രീപീഡനം, വഞ്ചന, അപഹരണം, സര്‍ക്കാര്‍ വസ്തുക്കള്‍ കൈയേറല്‍ തുടങ്ങി നിരവധി കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരമാണ് ഇഖ്ബാലിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഒളിവില്‍ കഴിഞ്ഞിരുന്ന ഇയാളെ പിടികൂടുന്നവര്‍ക്ക് ഒരു ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്. ഇയാളുടെ കുടുംബാംഗങ്ങളില്‍ പലരും ജയിലിലാണെന്നും ടാഡ പറഞ്ഞു.
ഗുണ്ടാ ആക്ട് പ്രകാരം നടത്തിയ അന്വേഷണത്തിലാണ് ഇയാളുടെ 500 ഏക്കര്‍ സ്വത്ത് കണ്ടെത്തി. ശേഷം സ്വത്ത് കണ്ടുകെട്ടുന്നതിനായി സഹരന്‍പൂര്‍ ജില്ലാ മജിസ്ട്രേറ്റിനോട് അനുമതി തേടുകയായിരുന്നു. തുടര്‍ നിയമനടപടികള്‍ സ്വീകരിച്ചു വരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: