കഞ്ചിക്കോട്: ഭാരതം ആതിഥ്യം വഹിക്കുന്ന ജി 20 ലോകരാഷ്‌ട്ര ഉച്ചകോടിയുടെ ഭാഗമായി കുട്ടികള്‍ക്കിടയില്‍ അവബോധമുണ്ടാക്കാന്‍ കഞ്ചിക്കോട് കേന്ദ്രീയ വിദ്യാലയത്തില്‍ മോഡല്‍ ഉച്ചകോടി നടത്തി. ലോകത്തേറ്റവുമധികം ഇ-വേസ്റ്റ് ഉല്‍പ്പാദിപ്പിക്കുന്നത് അമേരിക്കയും ചൈനയുമാണെന്നും മാനവരാശിയെ രക്ഷിക്കേണ്ടത് അവരുടെ ബാധ്യതയാണെന്നുമുള്ള വാദത്തോടെയാണ് സമ്മേളനം സമാപിച്ചത്. 30 കുട്ടികള്‍ വിവിധ രാഷ്‌ട്രങ്ങളുടെ പ്രധാനമന്ത്രിമാരായും പ്രസിഡന്റുമാരുമായാണ് ഉച്ചകോടിയില്‍ പങ്കെടുത്തത്.
ജി 20 അംഗരാഷ്‌ട്രങ്ങള്‍ക്കിടയില്‍ വ്യാപാരം വര്‍ദ്ധിപ്പിക്കുന്നതിനും രൂപ-ഡോളര്‍ വിനിമയ നിരക്കിലെ വ്യത്യാസം കുറക്കുന്നതിനുമായി പൊതുവായ മണി ട്രാന്‍സ്ഫര്‍ പോര്‍ട്ടല്‍ വേണമെന്നുള്ള ജര്‍മനിയുടെ പ്രതിനിധി അഭിനവ് കൃഷ്ണന്റെ ആവശ്യം ഉച്ചകോടി അംഗീകരിച്ചില്ല. രാജ്യങ്ങളുടെ കറന്‍സിയുമായി ബന്ധപ്പെട്ട സുരക്ഷിതത്വ മാനദണ്ഡങ്ങള്‍ സംശയാതീതമാക്കുവാനായില്ല എന്നതാണ് കാരണം. മാലിന്യ സംസ്‌കരണം പ്ലാസ്റ്റിക് നിരോധനം, ഇലക്ട്രിക്ക്ര് വാഹന പ്രോത്സാഹനം തുടങ്ങി വൈവിധ്യങ്ങളാര്‍ന്ന വിഷയങ്ങള്‍ ചര്‍ച്ചക്കെടുത്തു.
പ്രിന്‍സിപ്പല്‍ സദാനന്ദ് യാദവ് ഉദ്ഘാടനം ചെയ്തു. അധ്യാപകരായ എ. അബ്ദുള്‍ ഷംസ്, എസ്. രാജലക്ഷ്മി, നിഷ കൃഷ്ണന്‍കുട്ടി എന്നിവര്‍ നേതൃത്വം നല്‍കി. ഭാരത പ്രധാനമന്ത്രിയായി വേഷമിട്ടത് പന്ത്രണ്ടാം ക്ലാസിലെ ഗഗന്‍ ദേവായിരുന്നു. ഒപ്പം യുധിക (ഇന്‍ഡോനേഷ്യ), യദു നന്ദന്‍ (ബ്രസീല്‍) എന്നിവര്‍ ഉച്ചകോടി നിയന്ത്രിച്ചു. പ്രത്യേക ക്ഷണിതാക്കളായി അഞ്ചുരാഷ്‌ട്രങ്ങളില്‍ നിന്നും പ്രതിനിധികളുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: