ചെറുതുരുത്തി: വിവരാവകാശ നിയമം വഴിയുള്ള അപ്പീല്‍ ഹര്‍ജി പ്രകാരം തൃശൂര്‍ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസില്‍ നിന്ന് ലഭിച്ച രേഖകള്‍ക്ക് തൂക്കം പതിനേഴര കിലോയിലധികം (17.546 കി.ഗ്രാം). പുതുശ്ശേരി കരുവാന്പടി കൂട്ടുകൃഷി സംഘം കണ്‍വീനറും, പരിസ്ഥിതി പ്രവര്‍ത്തകനുമായ കെ.കെ. ദേവദാസിനാണ് ഇത്രയും തൂക്കം വരുന്ന രേഖകള്‍ പോസ്റ്റ് ഓഫീസ് വഴി കഴിഞ്ഞദിവസം സൗജന്യമായി ലഭിച്ചത്.
2017 ലെ ഉത്തരവ് പ്രകാരം ഒരു സര്‍ക്കാര്‍ ഓഫീസില്‍ തുടര്‍ച്ചയായി ഒരുദ്യോഗസ്ഥന് മൂന്നു വര്‍ഷത്തില്‍ കൂടുതല്‍ കാലം ജോലി ചെയ്യാന്‍ പാടില്ല എന്ന നിയമം പാലിക്കുന്നുണ്ടോ എന്നറിയാനും, ജില്ലയിലെ കൃഷിഭവനുകളില്‍ വര്‍ഷങ്ങളായി സ്ഥലം മാറാതെ താമസ വാടക കൈപ്പറ്റി ജോലി ചെയ്യുന്ന കൃഷി ഓഫീസര്‍മാര്‍ ആരെല്ലാം എന്നതിനെ കുറിച്ച് അറിയാനുമായി ഇദ്ദേഹം തൃശൂര്‍ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസില്‍ വിവരാവകാശം നിയമം 2005 പ്രകാരം അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ അറിയേണ്ട ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടി ലഭിച്ചില്ലെന്ന് മാത്രമല്ല ലഭിച്ച മറുപടി അപൂര്‍ണവും കാലതാമസം വരുത്തിയുമാണ് നല്‍കിയത്. ഇതിനെതിരെ ദേവദാസ് തൃശൂര്‍ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍, അപ്പീല്‍ അതോറിറ്റി എന്നിവര്‍ക്ക് മുമ്പാകെ നല്കിയ അപ്പീലിലാണ് ഇദ്ദേഹത്തിന് ആവശ്യമായ എല്ലാ രേഖകളും സൗജന്യമായി നല്കാന് തൃശൂര്‍ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ഉത്തരവ് നല്‍കിയത്.
വിവരാവകാശം വഴി അപേക്ഷ സമര്‍പ്പിച്ചാല്‍ ഒരു പേജിന് മൂന്ന് രൂപയാണ് അപേക്ഷകന് നല്‍കേണ്ടത്. എന്നാല്‍ വിവരാവകാശം കൊടുക്കുന്നതില്‍ ഉദ്യോഗസ്ഥര്‍ വീഴ്ചവരുത്തുന്ന പക്ഷം നല്കുന്ന അപ്പീല്‍ പ്രകാരം ലഭിക്കുന്ന രേഖയുടെ പകര്‍പ്പുകള്‍ മുഴുവന്‍ സൗജന്യമായി നല്‍കണമെന്നാണ് നിയമം. ഇത്തരത്തിലുള്ള 17.5 കിലോയിലധികം തൂക്കം വരുന്ന രേഖകളാണ് കഴിഞ്ഞ ദിവസം ദേവദാസിന് പോസ്റ്റ് ഓഫീസ് വഴി ലഭിച്ചത്. എന്നാല്‍ സംഭവത്തില്‍ വീഴ്ചവരുത്തിയ ഉദ്യോഗസ്ഥന് ആരെന്നറിയാനായി, ഇതിന്റെ രേഖകളുടെയും, തപാല്‍ ചാര്‍ജിന്റെയും ചെലവ് ആരാണ് വഹിച്ചതെന്ന് അറിയണമെന്നും കാണിച്ച് ഇദ്ദേഹം മറ്റൊരു വിവരാവകാശം കൂടി നല്‍കിയിരിക്കുകയാണ്. ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന് ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ എട്ടു കിലോമീറ്റര്‍ ചുറ്റളവിനുള്ളില്‍ താമസിക്കണം എന്നാണ് നിയമമെന്നും, എന്നാല്‍ ഇതൊന്നും പലരും പാലിക്കാറില്ലെന്നും അദ്ദേഹം ആരോപിച്ചു.
ഉണ്ണികൃഷ്ണന് വടക്കേടത്ത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: