ഓര്‍മ്മയുണ്ടോ 22 വര്‍ഷം മുമ്പത്തെ, 2001ലെ ജൂണ്‍ മാസം. അല്ല, മഴയുടെ ഏറ്റക്കുറവിനെക്കുറിച്ച് പറയാനല്ല. തമിഴ്നാട്ടില്‍ നടന്ന ഒരു സംഭവം ഓര്‍മ്മിപ്പിക്കാനാണ്. അത് തമിഴ്നാടിനെയല്ല, ഇന്ത്യയെയാകെ പിടിച്ചുകുലുക്കിയ സംഭവമായിരുന്നു. പിന്നെയും പറയട്ടെ, ‘ബിപോര്‍ജോയി’ പോലെ ഏതെങ്കിലും ചുഴലിക്കൊടുങ്കാറ്റുമല്ലായിരുന്നു അത്.
അന്ന് ബിജെപിയാണ് കേന്ദ്രത്തില്‍ അധികാരത്തില്‍. അടല്‍ബിഹാരി വാജ്പേയിയാണ് പ്രധാനമന്ത്രി. തുടര്‍ച്ചയായി മൂന്നാം വട്ടം തെരഞ്ഞെടുപ്പിലും ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറിയ ബിജെപിയുടെ നേതൃത്വത്തില്‍ ഉണ്ടാക്കിയ കൂട്ടുകക്ഷി ഭരണമാണ്. തമിഴ്നാട്ടിലെ മുഖ്യമന്ത്രി ജയലളിത ‘വീഴ്‌ത്തിയ’ സര്‍ക്കാരിന്റെ തുടര്‍ച്ചയായി വാജ്പേയി അധികാരത്തില്‍ കയറിയ കാലം. അന്ന് ജയയുടെ മുഖ്യ എതിരാളിയായ എം. കരുണാനിധിയുടെ പാര്‍ട്ടി ഡിഎംകെ, ബിജെപി നയിക്കുന്ന എന്‍ഡിഎ മുന്നണിയുടെ ഭാഗമായി കേന്ദ്ര മന്ത്രിസഭയിലുണ്ട്. മുരശൊലി മാരന്‍, ടി.ആര്‍. ബാലു തുടങ്ങിയവര്‍ കേന്ദ്രമന്ത്രിമാരും.
അയോദ്ധ്യയില്‍ ഇപ്പോള്‍ രാമക്ഷേത്രം ഉയരുമ്പോള്‍, ഡോ.ജെ. ജയലളിതയെ നാം ഓര്‍മിക്കണം. ദക്ഷിണേന്ത്യയില്‍നിന്ന് അയോദ്ധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തെ പരസ്യമായി പിന്തുണച്ച, അയോദ്ധ്യയില്‍ വേണ്ടത് രാമക്ഷേത്രംതന്നെ എന്ന് ശക്തമായി പ്രഖ്യാപിച്ച ദക്ഷിണേന്ത്യയില്‍നിന്നുള്ള മുഖ്യമന്ത്രി മാത്രമല്ല, ബിജെപി ഇതര പാര്‍ട്ടിയുടെ നേതാവുകൂടിയായിരുന്നു ജയ. പക്ഷേ, പല കാരണങ്ങളാല്‍ ജയലളിത ബിജെപിക്കെതിരേ തിരിഞ്ഞു. അവര്‍ മുന്‍കൈ എടുത്താണ് വാജ്പേയിയുടെ 13 മാസത്തെ സര്‍ക്കാരിനെ 1999ല്‍ പുറത്താക്കിയത്. ഒറ്റവോട്ടിന്റെ വ്യത്യാസത്തിലാണ് അന്ന് വിശ്വാസവോട്ടു നേടാനാവില്ലെന്ന് ഉറപ്പായപ്പോള്‍ വാജ്‌പേയി പ്രധാനമന്ത്രിസ്ഥാനം രാജിവെച്ചത്. പിന്നീട് കണ്ടത് വീണ്ടും അധികാരത്തിലെത്തിയ വാജ്‌പേയി നയിച്ച ബിജെപിയുടെ സര്‍ക്കാരില്‍ ജയയുടെ എതിരാളി എം. കരുണാനിധിയുടെ പാര്‍ട്ടിയായ ഡിഎംകെ സഖ്യകക്ഷിയായതാണ്. എങ്കിലും, ജയലളിത ശരിയായ ഒരു ഫൈറ്ററായിരുന്നു. രാഷ്‌ട്രീയക്കളരിയിലെ എല്ലാക്കളികളും പഠിച്ചുപരിശീലിച്ച നേതാവ്. എം. കരുണാനിധിയെന്ന വലിയ രാഷ്‌ട്രീയ ബിംബത്തെ അവര്‍ എത്ര സമര്‍ത്ഥമായി എതിരിട്ടു. ഇന്ന് മകന്‍ എം. കരുണാനിധി സ്റ്റാലിന്‍, ശക്തിയുള്ള എതിരാളികള്‍ ഇല്ലാത്തതിനാല്‍ തമിഴ്‌നാട് മുഖ്യമന്ത്രിയായി ഭരിക്കുമ്പോള്‍, ജയലളിതയുടെ നേതൃത്വം പോലൊന്ന് നിലവില്‍ എതിര്‍പക്ഷത്തില്ലാത്തതുമാത്രമാണ് അതിന് യഥാര്‍ത്ഥ കാരണമായി പറയാവുന്നത്. അക്കാര്യത്തിലും സ്റ്റാലിന്‍ പറഞ്ഞതുപോലെ, കേരള രാഷ്‌ട്രീയവും സാഹചര്യവും തമ്മില്‍ സമാനതകളുണ്ട്. പിണറായി വിജയന്‍ കേരളത്തില്‍ രണ്ടാമതും തുടരുന്നതില്‍ ശക്തിയുള്ള എതിരാളിയുടെ അഭാവം എന്ന ഘടകം പ്രധാനമാണല്ലോ. അന്ന്, ഒരേസമയം ബിജെപിയേയും കരുണാനിധിയേയും നേരിടാന്‍ മുഖ്യമന്ത്രി ജയലളിത അഴിമതിക്കേസില്‍ മുന്‍ മുഖ്യമന്ത്രി എം. കരുണാനിധിയെ അറസ്റ്റ് ചെയ്തു. അതാണ് തുടക്കത്തില്‍ പറഞ്ഞ 2001 ജൂണ്‍മാസം, കൃത്യമായി പറഞ്ഞാല്‍ ജൂണ്‍ 29. ഇത്രയും വിവരിച്ചത് തമിഴ്‌നാട്ടിലെ രാഷ്‌ട്രീയവും തമിഴ്‌നാടും ന്യൂദല്‍ഹിയും തമ്മിലുള്ള രാഷ്‌ട്രീയവും ചരിത്രവും ഓര്‍മ്മിക്കാനാണ്.
2001 ലേക്ക് പോകാം. അതിന് ഇന്നത്തെ പല സാഹചര്യങ്ങളില്‍ സമാനതയുണ്ട്. മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് കരുണാനിധി ഒഴിഞ്ഞ് ഒരു മാസം തികയുമ്പോഴായിരുന്നു ജയയുടെ പോലീസ് അറസ്റ്റ് നടത്തിയത്. അര്‍ദ്ധരാത്രി കിടപ്പുമുറിയില്‍ ഇരച്ചുകയറി അറസ്റ്റ് ചെയ്യുകയായിരുന്നു. ചെന്നൈയിലെ ഫ്‌ളൈ ഓവറുകളുടെ നിര്‍മാണത്തില്‍ 12 കോടി രൂപയുടെ അഴിമതി കണ്ടെത്തിയതിനെത്തുടര്‍ന്ന്, മുന്‍ സര്‍ക്കാരിന്റെ തലവന്‍ കരുണാനിധിയെ അഴിമതിക്കേസില്‍ പ്രതിയാക്കിയാണ് അറസ്റ്റ് നടത്തിയത്. തടയാന്‍ ചെന്ന കേന്ദ്രമന്ത്രിമാരായ മുരശൊലി മാരന്‍, ടി.ആര്‍. ബാലു എന്നിവരേയും അറസ്റ്റ് ചെയ്തു. സംസ്ഥാന പോലീസിനെ കൃത്യ നിര്‍വഹണത്തില്‍ തടഞ്ഞുവെന്ന കേസിലാണ് കേന്ദ്ര മന്ത്രിമാരെ അറസ്റ്റ് ചെയ്തത്. ഇതിലൊക്കെ പ്രധാനം, ജയലളിതയുടെ പാര്‍ട്ടി എഐഎഡിഎംകെയെ പിന്തുണയ്‌ക്കുന്ന, ജയാ ടിവി ഈ അറസ്റ്റ് പരിപാടികള്‍ എല്ലാം വിശദമായി റെക്കോഡ് ചെയ്തിരുന്നുവെന്നതാണ്.
ഈ അറസ്റ്റ് പകരംവീട്ടല്‍കൂടി ആയിരുന്നുവെന്നത് ഓര്‍മിക്കണം. കരുണാനിധി മുഖ്യമന്ത്രിയായിരിക്കെ, ജയലളിതയെ, അഴിമതിക്കേസില്‍ പ്രതിചേര്‍ത്ത് അറസ്റ്റ് ചെയ്ത് ജയിലിലിട്ടു. ജയയുടെ പക്കല്‍നിന്ന്, വരവില്‍കവിഞ്ഞ തോതില്‍ സമ്പാദിച്ച സ്വത്ത് കണ്ടെടുക്കുകയായിരുന്നു. 58 കോടി രൂപ, 30 കിലോ സ്വര്‍ണം, 400 വളകള്‍, നൂറിലേറെ റിസ്റ്റ് വാച്ചുകള്‍, 250 ജോഡി വിദേശ നിര്‍മ്മിത ചെരുപ്പുകള്‍ തുടങ്ങി വന്‍ സമ്പാദ്യ ശേഖരമാണ് കണ്ടുകെട്ടിയത്. അന്ന്, ജയിയില്‍ അടച്ചതിന് ജയലളിത പ്രതിജ്ഞാരൂപത്തില്‍ നടത്തിയ പ്രസ്താവനയുണ്ടായിരുന്നു, ”ഞാന്‍ കഴിച്ച അതേ പാത്രത്തില്‍ കരുണാനിധിയെ ഞാന്‍ ജയിലില്‍ ഭക്ഷണം കഴിപ്പിക്കും” എന്ന്. ആ പ്രതിജ്ഞ നടപ്പാക്കുകയായിരുന്നു ജയ.
അന്ന് എം. കരുണാനിധിയും മാരന്റെയും നിയന്ത്രണത്തിലുണ്ടായിരുന്ന സണ്‍ നെറ്റ്‌വര്‍ക്ക് സ്വകാര്യ ടെലിവിഷന്‍ ചാനല്‍ മേഖലയിലെ ഇന്ത്യന്‍ പ്രതിഭാസമായിരുന്നു. അവര്‍, ഈ അറസ്റ്റും പോലീസിന്റെ നടപടികളും മറ്റും മറ്റും സംപ്രേഷണം ചെയ്ത് ജയലളിതയെ മോശക്കാരിയാക്കി ചിത്രീകരിച്ച് സര്‍ക്കാരിനെതിരേ വന്‍ പ്രചാരണം നടത്തി. ‘അയ്യോ കൊല്ലുന്നേ, രക്ഷിക്കോ’ എന്ന കരുണാനിധിയുടെ അലറിവിളികളുടെ പശ്ചാത്തലത്തില്‍ ജയയെ കുറ്റപ്പെടുത്തിക്കൊണ്ടുള്ള വീഡിയോ സംപ്രേഷണം ചെയ്യപ്പെട്ടു. തൊട്ടുപിന്നാലെ വന്നു, ജയ ടിവിയുടെ ദൃശ്യങ്ങള്‍. അതില്‍, കരുണാനിധി പോലീസിനെ തല്ലുന്നതും തടയുന്നതും ആക്രമിക്കുന്നതുമായിരുന്നു വന്നത്. രണ്ട് ഡിജിറ്റല്‍ അയഥാര്‍ത്ഥ്യങ്ങള്‍ക്കിടയില്‍ സത്യം തിരിച്ചറിയാന്‍ കഴിയാതെ പോയി. മാധ്യമ മാന്യതയും ധര്‍മ്മവും സാങ്കേതികവിദ്യയുടെ അപകടവും സാധ്യതയുമെല്ലാം ചര്‍ച്ച ചെയ്ത നാളുകളായിരുന്നു അത്. സണ്‍ നെറ്റ്‌വര്‍ക്കിന്റെ ദൃശ്യങ്ങള്‍ കൃത്രിമമായിരുന്നുവെന്ന് കോടതി കണ്ടെത്തി. ദൃശ്യമാധ്യമം എന്നത് സത്യം പറയുന്ന, കൃത്യമായി തെളിവുനല്‍കുന്ന മാധ്യമ സംസ്‌കാരത്തിലേക്കുള്ള വഴി തുറക്കുമെന്ന ധാരണ തിരുത്തുന്നതായിരുന്നു ആ സംഭവം.
ഇന്നിപ്പോള്‍ കരുണാനിധിയുടെ മകന്‍ എം.കെ. സ്റ്റാലിന്റെ മന്ത്രിസഭയിലെ വൈദ്യുതി-എക്‌സൈസ് വകുപ്പുമന്ത്രി സെന്തില്‍ ബാലാജിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റുചെയ്തതും അറസ്റ്റിനെ തുടര്‍ന്ന് മന്ത്രിക്ക് ദേഹാസ്വാസ്ഥ്യം വന്നതും ബോധ രഹിതനായതും ഹൃദയ സര്‍ജറി വേണമെന്ന് ഡോക്ടര്‍മാര്‍ വിധിച്ചതും തമിഴ്‌നാട്ടില്‍ ഡിഎംകെ പ്രവര്‍ത്തകരുടെ പ്രതിഷേധമുണ്ടായതും മുഖ്യമന്ത്രി സ്റ്റാലിന്‍ പ്രകോപിതനായി പലതും പറഞ്ഞതുമെല്ലാം പഴയ സംഭവങ്ങള്‍ ഒര്‍മ്മിപ്പിക്കുന്നതാണ്.
സെന്തില്‍ അറസ്റ്റിലായത് മുന്‍കാലത്ത് സംസ്ഥാന മന്ത്രിയായിരിക്കെ കാണിച്ച അഴിമതികള്‍ക്കും അതുവഴിയുള്ള അനധികൃത സ്വത്ത് സമ്പാദനത്തിനും മറ്റുമായിരുന്നു. ഇപ്പോഴും ചര്‍ച്ച ചെയ്യുന്ന വിഷയമായതിനാല്‍ അതിന്റെ വിശദീകരണമാവശ്യമില്ല. പക്ഷേ മൂന്നുകാര്യം ശ്രദ്ധയില്‍ കൊണ്ടുവരണം. ഒന്ന്: ജയലളിതയുടെ പാര്‍ട്ടിയായ എഐഎഡിഎംകെയില്‍ ആയിരുന്നു ഈ അഴിമതികള്‍ ചെയ്തുകൂട്ടിയകാലത്ത് ബാലാജി.
രണ്ട്: ബാലാജിയെ ഡിഎംകെയിലേക്ക് സ്വീകരിച്ചാനയിച്ച് മന്ത്രിസഭയില്‍ അംഗമാക്കിയ സ്റ്റാിന് അറിയാവുന്നതാണ് ബാലാജിയുടെ ചരിത്രം. എന്നുമാത്രമല്ല, ബാലാജിയുടെ അഴിമതികള്‍ എണ്ണിപ്പറഞ്ഞ് സ്റ്റാലിന്‍ നടത്തിയ പഴയകാലത്തെ പ്രസംഗം ഡിജിറ്റല്‍ യുഗത്തില്‍ ബാലാജിയെ പ്രതിരോധിക്കാന്‍ കഴിയാത്ത വിധം സ്റ്റാലിന് തടസ്സമായി നില്‍ക്കുന്നു.
മൂന്ന്: ഈ കേസ് നടന്നതും കേന്ദ്ര അന്വേഷണ ഏജന്‍സി അന്വേഷണം ആരംഭിച്ചതും 2014 ല്‍ ആയിരുന്നു, പത്തുവര്‍ഷം മുമ്പ്. അതായത് സമയം എടുത്താണെങ്കിലും ‘കള്ളനെ’ പിടികൂടുകതന്നെ ചെയ്തിരിക്കുന്നു, പിടികൂടുകതന്നെ ചെയ്യും.
മാധ്യമങ്ങളെ ചിലര്‍ വിലക്കുന്നതും ഭയക്കുന്നതും എന്തുകൊണ്ടാണെന്നതിലേക്കുള്ള വിരല്‍ചൂണ്ടലുകള്‍കൂടിയാണ് ഈ കേസ്. മാധ്യമങ്ങളോട് പുറത്ത് കടക്കാന്‍ പറയുന്നതും അകത്തങ്ങളിലേക്ക് വിലക്കുന്നതും അറസ്റ്റ് ചെയ്യുന്നതും കേസെടുക്കുന്നതും ഭീഷണി മുഴക്കുന്നതും എല്ലാം ഇത്തരം ചില അപകടങ്ങള്‍ മുന്നില്‍കണ്ടുകൂടിയായിരിക്കണം.
കേരളത്തിലെ ഭരണ അഴിമതികളെക്കുറിച്ച് പറയുന്ന മാധ്യമങ്ങളെ അവിശ്വനീയരാക്കുന്ന, മാധ്യമ പ്രവര്‍ത്തകരെ പക്ഷപാതികളാക്കുന്ന പ്രചാരണത്തിന് ചിലര്‍ നടത്തുന്ന ഗൂഢപദ്ധതികള്‍ക്ക് 22 വര്‍ഷം മുമ്പത്തെ തമിഴ്‌നാട് സംഭവ ഗതികളുമായി സാമ്യം കണ്ടെത്താവുന്നതാണ്. ഏത് സത്യം, ഏത് മിഥ്യ എന്ന ചര്‍ച്ചകള്‍ക്കിടയില്‍ അധികാര സൗകര്യങ്ങള്‍ക്ക് ഒളിച്ചുകടത്തലുകള്‍ക്ക് അവസരങ്ങള്‍ ഏറും. ഫാസിസത്തിന്റെ ഈ പ്രവണതകള്‍ക്ക് സംഘടിത,കേഡര്‍ ഘടനയുള്ള സംവിധാനങ്ങളും അധികാരവുമുള്ളവര്‍ക്ക് സൗകര്യം കൂടും. പേടിപ്പിച്ച് ഭരിക്കുന്ന കമ്യൂണിസ്റ്റ് ഘടനയും പേപിടിച്ച നിയന്ത്രണം ഏര്‍പ്പെടുത്തുന്ന (അടിയന്തരാവസ്ഥപോലെ) സ്വേച്ഛാധിപത്യ ഭരണ മേധാവിത്വവും അതിന് എന്തും ചെയ്യും. കേരളത്തില്‍ മാധ്യമലോകത്തോട് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്ന നിലപാ ടുകള്‍ അതാണ് കാണിക്കുന്നത്.
സെന്തില്‍ ബാലാജിയും ബാലാജിയുടെ അറസ്റ്റും മുന്നോട്ടുവെയ്‌ക്കുന്നത് മറ്റു ചില ഉത്കണ്ഠകളും അതേസമയം പ്രതീക്ഷകളുമാണ്. സെന്തില്‍ ചെയ്ത അഴിമതികള്‍ക്ക് 10 വര്‍ഷത്തിന് ശേഷം ‘ശിക്ഷ’യ്‌ക്കടുത്തെത്തുന്ന നടപടികള്‍ ഉണ്ടാകുന്നു എന്നത് പ്രതീക്ഷ. ഭരണത്തിന്റെ ഏത് പക്ഷത്തായാലും സെന്തിലുമാര്‍ അഴിമതി മതിയാക്കുന്നില്ലെന്നതാണ് ഉത്കണ്ഠ. പിന്നെയും ആശ്വാസം വരുന്നു; ‘ഡിഎംകെ ഫയല്‍സ്’ എന്ന പേരില്‍ തമിഴ്‌നാട്ടിലെ അഴിമതിക്കാര്യങ്ങള്‍ പുറത്തുകൊണ്ടുവരാന്‍ അണ്ണാമലൈയെ പോലെ വിശ്വാസ്യതയും ആര്‍ജ്ജവവുമുള്ള നേതാക്കള്‍ വരുന്നു. അതെ, ഇന്ത്യന്‍ രാഷ്‌ട്രീയവും ഭരണവും കടന്നുപോയ അര നൂറ്റാണ്ടില്‍ സംഭവിച്ച അഴിമതികള്‍ക്ക് വിരാമമുണ്ടാകുമെന്ന സൂചനകള്‍തന്നെ പ്രതീക്ഷാഭരിതമാകുന്നു. അടുത്ത തെരഞ്ഞെടുപ്പും അഴിമതി വിരുദ്ധ ജനമുന്നേറ്റത്തിനുള്ള അവസരമാകുമെന്ന വലിയ ആശ്വാസവും ശേഷിക്കുന്നു.
പിന്‍കുറിപ്പ്:
കേരളത്തില്‍ വില്ലേജ് തലംവരെയുള്ള അഴിമതികളുടെ എണ്ണം കൂടുകയാണ്. 2022 ല്‍ മിന്നല്‍ പരിശോധനകളിലൂടെ മാത്രം 56 സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയാണ് വിജിലന്‍സ് പിടികൂടിയത്. 2022 ല്‍ 225 അഴിമതി-കൈക്കൂലി കേസുകള്‍, 2021 ല്‍ 131 കേസുകള്‍, 2020ല്‍ 106 എണ്ണം, 2019ല്‍ 96 എണ്ണം, 2018ല്‍ 104 എന്നിങ്ങനെയാണ് താഴേത്തട്ടിലെ കണക്ക്. ‘എമ്പ്രാനല്‍പ്പം കട്ടു ഭുജിച്ചാല്‍ അമ്പലവാസികളൊക്കെ കക്കും’, എന്നും ‘യഥാ രാജാ തഥാ പ്രജാ’എന്നുമൊക്കെ ചൊല്ലുകളും പറച്ചിലുകളുമൊക്കെ ഉണ്ടായത് വെറുതേയല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: