തിരുവനന്തപുരം: ജയന്ത് സഹസ്രബുദ്ധെ ശാസ്ത്രത്തെ ദേശീയതയുമായി സംയോജിപ്പിച്ച ശുദ്ധസാത്വിക കാര്യകര്‍ത്താവായിരുന്നുവെന്ന് പ്രജ്ഞാപ്രവാഹ് ദേശീയ സംയോജക് ജെ. നന്ദകുമാര്‍. മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകനും വിജ്ഞാന്‍ഭാരതി ദേശീയ സംഘടനാ കാര്യദര്‍ശിയുമായിരുന്ന ജയന്ത് സഹസ്രബുദ്ധെയുടെ അനുസ്മരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സര്‍വതല സ്പര്‍ശിയായ ശാസ്ത്രത്തിന് സഹസ്രബുദ്ധെ ദേശീയമായ ദാര്‍ശനിക അടിത്തറ ശക്തമാക്കി. വലിയ പരിപാടികള്‍ സംഘടിപ്പിക്കുന്നതിലല്ല ആ പരിപാടികളിലൂടെ സമൂഹത്തിന് പകരുന്ന സന്ദേശത്തിലായിരുന്നു അദ്ദേഹത്തിന്റെ ശ്രദ്ധ. ഏതുകാര്യം ചെയ്യുമ്പോഴും പൂര്‍ണതയ്‌ക്കുവേണ്ടിയുള്ള നിരന്തര പരിശ്രമം നടത്തിയ സ്പഷ്ടതയുള്ള വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്, നന്ദകുമാര്‍ പറഞ്ഞു.
അധികം സംസാരിക്കാതെ, എന്നാല്‍ പറയേണ്ട കാര്യങ്ങള്‍ പറയേണ്ട വേദികളില്‍ പതറാതെ പറയുന്ന ആര്‍ജ്ജവം സഹസ്രബുദ്ധെയുടെ സവിശേഷതയാണ്. യോഗനിഷ്ഠനായ സംന്യാസിയും പ്രശ്‌നങ്ങളില്‍ കുലുങ്ങാത്ത ശാന്തനും ബൗദ്ധിക ക്ഷത്രിയനുമായിരുന്നു അദ്ദേഹം.
നിത്യേന യാത്രചെയ്യുകയും സമൂഹത്തോട് ചേര്‍ന്നുനിന്ന് പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നെങ്കിലും ഒന്നിനോടും ഒട്ടിച്ചേരുന്ന പ്രകൃതമായിരുന്നില്ല. ‘മുക്തസംഗോനഹംവാദി’ എന്ന ഭഗവദ്ഗീതാ ശ്ലോകത്തിലെ പ്രയോഗത്തെ അന്വര്‍ത്ഥമാക്കുന്ന വ്യക്തിത്വമായിരുന്നു സഹസ്രബുദ്ധെയുടേതെന്ന് ജെ. നന്ദകുമാര്‍ കൂട്ടിച്ചേര്‍ത്തു.
തിരുവനന്തപുരം സയന്‍സ് ആന്‍ഡ് ടെക്‌നോളജി മ്യൂസിയം ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച അനുസ്മരണയോഗത്തില്‍ ആര്‍ജിസിബി ഡയറക്ടര്‍ ഡോ. ചന്ദ്രഭാസ്, എന്‍ഐഐഎസ്ടി ഡയറക്ടര്‍ ഡോ. അനന്തരാമന്‍, സ്വദേശിശാസ്ത്രപ്രസ്ഥാനം സംസ്ഥാന സെക്രട്ടറി രാജീവ് സി. നായര്‍, വേള്‍ഡ് ആയുര്‍വേദ ഫൗണ്ടേഷന്‍ സെക്രട്ടറി ഡോ. സുനില്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: