ന്യൂദല്‍ഹി: ബിപോര്‍ജോയ് ചുഴലിക്കാറ്റ് മൂലമുണ്ടായ കനത്ത മഴയെത്തുടര്‍ന്ന് രാജസ്ഥാനിലെ മൂന്ന് ജില്ലകളില്‍ പ്രളയ സമാന സാഹചര്യം. അതേസമയം, നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പാലി ജില്ലയില്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറിയതിനെത്തുടര്‍ന്ന് കുടുങ്ങിയ ആറ് പേരെ എന്‍ഡിആര്‍എഫ് രക്ഷപ്പെടുത്തി.
കനത്ത മഴയെ തുടര്‍ന്ന് ജലോര്‍, സിരോഹി, ബാര്‍മര്‍ എന്നിവിടങ്ങളില്‍ വെള്ളപ്പൊക്കത്തിന് സമാനമായ സാഹചര്യമുണ്ടെന്ന് സംസ്ഥാന ദുരന്ത നിവാരണ വകുപ്പ് സെക്രട്ടറി പി.സി. കിഷന് അറിയിച്ചു. പിന്ദ്വാര, അബു റോഡ്, റിയോഡാര് എന്നിവിടങ്ങളില്‍ അണക്കെട്ടുകള്‍ നിറഞ്ഞു. സിരോഹിയിലെ ബാറ്റിസ അണക്കെട്ടിലെ ജലനിരപ്പ് 315 മീറ്ററായി ഉയര്‍ന്നു. ഇത് ഗുജറാത്ത് അതിര്‍ത്തിയോട് ചേര്‍ന്നുള്ള മൗണ്ട് അബു, ജലോര്‍, ബാര്‍മര്‍ എന്നിവിടങ്ങളില്‍ വെള്ളപ്പൊക്കത്തിന് സമാനമായ സാഹചര്യങ്ങള്‍ക്ക് കാരണമായി.
അതേസമയം, തെക്കന്‍ രാജസ്ഥാനില്‍ നിന്ന് ചുഴലിക്കാറ്റ് കിഴക്ക്-വടക്കുകിഴക്ക് ദിശയിലേക്ക് നീങ്ങി തീവ്ര ന്യൂനമര്‍ദമായി. ഗുജറാത്തിലും രാജസ്ഥാനിലും രണ്ടു ദിവസം കൂടി കാറ്റും മഴയും തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്നലെ പാലി, സിരോഹി, ഉദയ്പൂര്‍, രാജസമന്ദ് ജില്ലകളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിശക്തമായ മഴ ലഭിച്ചു.
ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ബാര്‍മറിലെ നിരവധി ജനവാസ കേന്ദ്രങ്ങള്‍ വെള്ളത്തിനടിയിലാണ്. ബാര്‍മര്‍, ജലോര്‍, സിരോഹി മേഖലകളില്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചു. പാലിയും ജോധ്പൂരും ഓറഞ്ച് അലര്‍ട്ടും ജയ്സാല്‍മീര്‍, ബിക്കാനീര്‍, ചുരു, സിക്കാര്‍, നാഗൗര്‍, ജുന്‍ജുനു, അജ്മീര്‍, ഉദയ്പൂര്‍, രാജ്സമന്ദ്, ജയ്പൂര്‍, ജയ്പൂര്‍ സിറ്റി, ദൗസ, അല്‍വാര്‍ എന്നിവിടങ്ങളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
ബിപോര്‍ജോയ് ചുഴലിക്കാറ്റ് കനത്ത നാശം വിതച്ച ഗുജറാത്തിലും തെക്കന്‍ രാജസ്ഥാനിലും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ഗുജറാത്തില്‍ തകര്‍ന്ന വൈദ്യുതി, റോഡ് ഗതാഗതം എന്നിവ പുനഃസ്ഥാപിക്കാന്‍ ശ്രമങ്ങള്‍ ഊര്‍ജിതം. നിരവധി ഇടങ്ങളില്‍ വൈദ്യുതി പുനഃസ്ഥാപിച്ചു. ചൊവ്വാഴ്ചയോടെ വൈദ്യുതി പൂര്‍ണമായും പുനഃസ്ഥാപിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അറിയിച്ചു. സംസ്ഥാനത്തെ ദുരന്ത ബാധിത മേഖല കഴിഞ്ഞ ദിവസം അമിത് ഷാ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: