ന്യൂദല്‍ഹി : പ്രതിമാസ റേഡിയോ പരിപാടിയായ മന് കി ബാത്തില്‍ കേരളത്തില്‍ നിന്നുള്ള അധ്യാപകനായ റാഫി രാംനാഥിനെ പരാമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. വിദ്യാര്‍ത്ഥികളോട് പ്രകൃതിയെയും പരിസ്ഥിതിയെയും കുറിച്ച് വിശദമായി പറയാനായി ഈ അധ്യാപകന് മിയാവാക്കി വനം സൃഷ്ടിച്ചതായി പ്രധാനമന്ത്രി പറഞ്ഞു.
റാഫി രാംനാഥിന്റെ ഔഷധത്തോട്ടം ഒരു ജൈവവൈവിധ്യ മേഖലയായി മാറിയെന്ന് മോദി ചൂണ്ടിക്കാട്ടി. ഇതിന്റെ വിജയത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് അദ്ദേഹം ചെറുകാട് തന്നെ സൃഷ്ടിക്കുകയും വിദ്യാവനം എന്ന് പേര് നല്‍കുകയും ചെയ്തു. ‘വിദ്യാവനത്തില്‍’ 115 ഇനങ്ങളിലുള്ള 450-ലധികം മരങ്ങള്‍ ചെറിയ സ്ഥലത്ത് നട്ടുപിടിപ്പിച്ചിട്ടുണ്ട്. അവയെ സംരക്ഷിക്കുന്നതില്‍ വിദ്യാര്‍ത്ഥികളും അദ്ദേഹത്തെ സഹായിക്കുന്നു.
സമീപത്തെ സ്കൂള്‍ കുട്ടികള്‍, സാധാരണ പൗരന്മാര് തുടങ്ങി ധാരാളം പേര് ഈ മനോഹരമായ സ്ഥലം കാണാന്‍ എത്തുന്നു.മിയാവാക്കി മരങ്ങള്‍ നഗരങ്ങളിലും എളുപ്പത്തില്‍ വളര്‍ത്താം. ഗുജറാത്തിലെ കേവഡിയാറിലെ ഏക്താ നഗറില്‍ കുറച്ചുനാള്‍ മുമ്പ് മിയാവാക്കി വനം താന്‍ ഉദ്ഘാടനം ചെയ്ത കാര്യം മോദി അനുസ്മരിച്ചു.
ഗുജറാത്തിലെ കച്ചിലും 2001-ലെ ഭൂകമ്പത്തില്‍ മരിച്ചവരുടെ സ്മരണയ്ക്കായി ‘മിയാവാക്കി’ ശൈലിയില്‍ സ്മാരക വനം നിര്‍മിച്ചിട്ടുണ്ട്. കഴിഞ്ഞ നാല് വര്‍ഷത്തിനിടെ, മുംബൈയിലും പരിസര പ്രദേശങ്ങളിലുമായി 60-ലധികം വനങ്ങള്‍ വച്ചു പിടിപ്പിച്ചു. ജപ്പാനില്‍ നിന്നുമുളള മിയാവാക്കി രീതി നഗരങ്ങളില്‍ താമസിക്കുന്നവര്‍ പ്രത്യേകിച്ചും മനസിലാക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: