ദാശൂരോപാഖ്യാനം -1
“താപിച്ഛനീലകളേബര! സര്വോപദ്രവകരമായ സംസാരസങ്കടം ദൂരെ നീങ്ങീടുവാന്‍ തന്റെ ചേതസ്സിനെ തീരെ നശിപ്പിക്കുകയേ വഴിയുള്ളു. ജ്ഞാനസര്വസ്വം കഥിക്കാം; ഇതുകേട്ടു മാനസ്സേ നന്നായി ധരിച്ചുകൊള്ളുക. ഭോഗത്തിലുള്ള ഇച്ഛ ബന്ധമാകുന്നു. അതിന്റെ ത്യാഗമാണു മോക്ഷമെന്നോര്ക്കുക.
അന്യശാസ്ത്രങ്ങളെക്കൊണ്ട്എന്താണു ഫലം? നീ എപ്പോഴും ഒന്നുമാത്രം ചെയ്യണം. നല്ലതെന്നു നിനക്കു തോന്നുന്നവ വിഷം, അഗ്നി എന്നിവപോലെ കരുതണം. വിഷമങ്ങളായ ഭോഗങ്ങളെ പിന്നെയും പിന്നെയും നന്നായി ആലോചനം ചെയ്തു ചേതസ്സാ തള്ളിക്കളഞ്ഞു സേവിക്കുകില്‍ സുഖമുണ്ടായിവരുമെന്നതില് സന്ദേഹംവേണ്ട. ചിന്താഭ്യുദയം ചെയ്തീടുന്നതു നാശവും ചിന്താനാശം തന്നെയാണു മഹത്തായ ഉദയമെന്നും കരുതുക. ജ്ഞാനിയുടെ മനസ്സ് നാശമാകും. അജ്ഞാനിയുടെ മനസ്സ് ചങ്ങലയാകുന്നു. ജ്ഞാനിയുടെ മാനസം ആനന്ദമല്ല; ആനന്ദമല്ലാത്തതുമല്ല. രാഘവ! ഓര്‍ത്താല്‍ ചലവും അചലവുമല്ലത്; സത്തുമസത്തുമല്ല. എന്നുതന്നെയല്ല, ഇവയുടെ മദ്ധ്യവുമല്ല; ആയത് ഇന്നതെന്നോതുവാന് വയ്യാത്തതുമാകുന്നു.’
ഈ വാക്യങ്ങള്‍ കേട്ട രാജീവലോചനന്‍ മുനിനാഥനോട് ഇങ്ങനെ ചോദിച്ചു, ‘ഈ വിശ്വം വിശ്വാതീതമാകുന്ന ചിദാത്മാവില്‍ വിളങ്ങുന്നതെങ്ങനെയാകുന്നു? എന്നുള്ളത് ഇനിയും ബോധംവരുന്നതിന് അരുള്ചെയ്തീടേണം ഗുരുനാഥ!’ രാമവാക്യം കേട്ടു കൗതുകപൂര്‍വം മാമുനി പിന്നെയും പറഞ്ഞുതുടങ്ങി- ‘എങ്ങും നിറഞ്ഞുള്ളതായ ഭൂതാകാശം സൂക്ഷ്മതകൊണ്ട് എങ്ങനെ കാണാതിരിക്കുന്നുവോ രാമ! നിരംശമാകുന്ന ചിദ്ഭാവം അങ്ങനെ സര്‍വത്തിലും ഗമിക്കുന്നതാകിലും കാണാതിരിക്കുന്നു. സങ്ക്ല്പം അല്പവും ഇല്ലാത്തതായി അംബരത്തേക്കാള്‍ ഒരു നൂറുപങ്ക് സ്വച്ഛമായി, ജ്ഞാനികളായോരില് നിഷ്കളരൂപമായി, അജ്ഞന്മാരില് കളങ്കസംസാരസ്വരൂപമായി നിത്യമായുള്ള ആ ബോധം സ്വം, ആത്മാവ് എന്നിങ്ങനെയുള്ള നാമങ്ങളാല്‍ അറിയപ്പെടുന്നു. സമുദ്രത്തില്‍ നിന്നന്യമല്ലാതെയുള്ള പത, തിര മുതലായ നാനാസ്വരൂപത വാര്‍ദ്ധയില്‍ (സമുദ്രം) എങ്ങനെയാണു വിളങ്ങുന്നതെന്നോര്ക്കുക. രാഘവ! ഞാനെന്നതും പിന്നെ നീയെന്നുമുള്ള നാനാസ്വരൂപത ചിത്സാഗരത്തില് ചിന്മാത്രമായതില്നിന്നു വേറല്ലാതെ അപ്പോള്‍ ശോഭിക്കുന്നു. അജ്ഞാനികളില്‍ അസത്തായ സ്വഭാവം കണ്ടാല്‍, അത്യുഗ്രമായസംസാരസഞ്ചയങ്ങളെ ഗര്‍ഭം ധരിച്ചവള്‍, ജ്ഞാനമുള്ളോരില് പ്രകാശസ്വരൂപിണി, സര്‍വത്ര നീ നിനച്ചീടില്‍ അഭിന്നാത്മിക, ചിന്തിക്കുകില്‍ അനുഭൂതിവശാല് സന്തതം കര്മ്മാദിപ്രകാശിനി, സ്വാദിനി, സര്‍വ്വഭാവങ്ങള്‍ക്കും ഭവഭോഗിനിയാകുന്ന സദ്ഗുണാംബോനിധി, ഭവാനിയുടെ ശക്തിയെന്നറിയുക. ചിത്തിത് ഒരിക്കലും അവസാനിക്കുകയില്ല, പോകയുമില്ല, വരികയുമില്ലെങ്ങും. അത്ര വര്‍ത്തിക്കുന്നതല്ല, ഓര്‍ത്തീടില്‍ അത്ര വര്ത്തിക്കുന്നതില്ലെന്നതുമില്ല. നിര്മ്മലാകാരയായീടന്ന ആ ചിത്തുതാന് സ്വയം ആത്മാവില്‍ വാണ് ലോകമെന്നോതുന്ന പ്രപഞ്ചസ്വരൂപമായി വിജൃംഭിച്ചിടുന്നു. ചിദ്രൂപമായത് പരിപൂര്‍ണമായി, ഉദിതസ്വരൂപമായി, കാമം പ്രകാശമായി, നല്ലന്ധകാരമായി, നിരംശമായി, അംശധാരിയായി തന്റെ സങ്കല്പം നിമിത്തമായി, താന്‍തന്നെ നന്നായി അനന്തപദത്തെ വെടിഞ്ഞതായി, ഞാന്‍, ഇവനെന്ന് അഭിമാനിച്ച് മെല്ലെ ജീവഭാവത്തെ ഗമിച്ചതായ ചിത്സ്വഭാവത്തിനാല് സംസാരിയായിത്തീര്ന്നു നാനാത്വമേറ്റവും വര്‍ദ്ധിച്ചിടും വിധത്തില്‍, ഭാവമഭാവം ഗ്രഹിക്കപ്പെടുന്ന ഉല്സൃഷ്ടം ഇപ്രകാരം ഈവിധമായ ഭേദമാര്ന്നിട്ട് പുര്യഷ്ടക*ത്തിനെ സ്പന്ദശതങ്ങളാല് ചെയ്യുന്നു; ചെയ്യാതിരിക്കയും ചെയ്യുന്നു.
ഇങ്ങനെ സ്ഥിരബലാകാരങ്ങളായിട്ടു വര്‍ത്തിച്ചിടുന്ന സംസാരസമൂഹങ്ങള് ബ്രഹ്മസ്വഭാവത്താല് ഉളവായി നശിക്കുന്നു, സന്മതേ! സര്‍വ്വത്ര പിന്നെയും പിന്നെയും. നന്നായി ചിദാഭാസമാകും ആകാശത്തില്‍ ഉഷ്ണം നിമിത്തം നദികള്‍ എങ്ങനെ കാണപ്പെടുന്നുവോ ചിത്തത്വമായതില് ഈ സൃഷ്ടിദൃഷ്ടികളെ അപ്പോള്‍ കാണുന്നു. ഹേ രാമച്രന്ദ! അഹങ്കാരത്തിനാല്‍ താനൊന്നു മാറിയതായിട്ടു തോന്നുന്നതുപോലെ അവിദ്യാനിമിത്തമായി ചിത്ഭാവം വേറെയൊന്നായതുപോലെ ഇരിക്കുന്നു. നാദം, രസം, രൂപമിത്യാദികളെ നീ യാതൊന്നുകൊണ്ടറിഞ്ഞീടുന്നു, രാഘവ! അതുതന്നെ പരമായ ആത്മാവെന്നു നിസ്സംശയം അറിയണം. ബ്രഹ്മം എല്ലായിടവും നിറഞ്ഞിരിക്കുന്നു. ഇക്കണ്ടതൊക്കെയും ബ്രഹ്മമാണെന്നും അന്യമായി മലമെന്നുള്ളതില്ലെന്നും സത്ഗുണാബ്ധേ! നീ അറിയുക. തിരമാലകള്‍ ഇളകുംവിധത്തില് വെള്ളമില്ലാതെ പൂഴി സമുദ്രത്തില്‍ പൊങ്ങുകയില്ല. വഹ്നിയില്‍ ചൂടെന്നതല്ലാതെ മറ്റുയാതൊന്നുമേ ഇല്ലാതിരിക്കുന്നതുപോലെ ലോകത്തില്‍ ആ പരബ്രഹ്മമൊന്നല്ലാതെ രാഘവ! യാതൊന്നും രണ്ടാമതൊന്നില്ല. ഒന്നാമതായി ശമം മുതലായവ തന്നുടെ ശിഷ്യനുണ്ടാക്കിവെച്ചീടണം. ബ്രഹ്മമാണൊക്കെ, നീ ശുദ്ധനാണെന്നുള്ളത് പിമ്പറിയിക്കണം. അര്ത്ഥപ്രബുദ്ധനായീടുന്ന അജ്ഞാനിയോട് ഈ തത്ത്വം ഓര്‍ക്കാതെ പറയുന്നവന് നരകങ്ങളില്‍ നിസ്സംശയം ചെന്നു പതിക്കുമെന്നറിഞ്ഞീടുക.’
(പുര്യഷ്ടകം=എട്ടുപുരങ്ങള് കൂടിച്ചേര്‍ന്ന സൂക്ഷ്മശരീരം)
പ്രതികരിക്കാൻ ഇവിടെ എഴുതുക: