കോഴിക്കോട്: രണ്ട് തവണ ഐ ലീഗ് ചാമ്പ്യന്മാരായ ഗോകുലം കേരള എഫ്സി 29 കാരനായ സ്പാനിഷ് വിംഗര്‍ നിലി പെര്ഡോമയെ സൈന്‍ ചെയ്തു. നിലി പെര്‍ഡോമ ലോകമെമ്പാടുമുള്ള വിവിധ ക്ലബ്ബുകള്‍ക്ക് വേണ്ടി കളിച്ചിട്ടുള്ള താരമാണ്.
യുഡി ലാസ് പാല്‍മാസിന്റെ യൂത്ത് സെറ്റപ്പില്‍ തന്റെ കരിയര്‍ ആരംഭിച്ച നിലി റാങ്കുകളിലൂടെ മുന്നേറുകയും 2015-16 സീസണില്‍ ലാ ലിഗയില്‍ അരങ്ങേറ്റം കുറിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ അസാധാരണമായ കഴിവുകള്‍ എഫ്സി ബാഴ്സലോണയുടെ ശ്രദ്ധ പിടിച്ചുപറ്റി, അവരുടെ റിസര്‍വ് ടീമില്‍ ചേരുകയും പ്രീ-സീസണ് ടൂറുകളിലും കോപ്പ ഡെല്‍ റേ ഗെയിമിലും പങ്കെടുക്കാനുള്ള അവസരം ലഭിക്കുകയും ചെയ്തു. ബാര്‍സിലോണ റിസേര്‍വ് ടീമിന് വേണ്ടി സ്പാനിഷ് രണ്ടാം ഡിവിഷനില്‍ രണ്ട് ഗോളുകള്‍ നേടുകയും ചെയ്തു.
ബാഴ്സലോണയ്ക്കൊപ്പമുള്ള സമയത്തിനുശേഷം, 2017-2018 സീസണില്‍ അല്‍ബാസെറ്റ് ബലോംപിയ്ക്കായി കളിച്ച് സ്പാനിഷ് രണ്ടാം ഡിവിഷനിലേക്ക് നിലി പ്രവേശിച്ചു.
2019-20 സീസണില്‍ ഗ്രീക്ക് ക്ലബ് പ്ലാറ്റനിയാസ് എഫ്സിയുമായി ഒപ്പുവച്ചു. ഗ്രീസിലെ നിലിയുടെ മികച്ച പ്രകടനങ്ങള്‍ അദ്ദേഹത്തെ ഇന്ത്യയിലേക്ക് നയിച്ചു, അവിടെ അദ്ദേഹം 2020-21 സീസണില്‍ ബെംഗളൂരു എഫ്സിയില്‍ ചേര്‍ന്നു, പത്ത് മത്സരങ്ങളില്‍ നിന്ന് രണ്ട് ഗോളുകള്‍ നേടി .
‘ഗോകുലം കേരള എഫ്സിയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്, ടീമിന്റെ അഭിലാഷങ്ങള്‍ക്ക് സംഭാവന നല്കാന് ഞാന്‍ ആഗ്രഹിക്കുന്നു. ക്ലബ്ബിന്റെ വിജയത്തിന്റെ ട്രാക്ക് റെക്കോര്‍ഡും ഐ ലീഗ് മൂന്നാം തവണയും കിരീടം നേടാനുള്ള അവരുടെ ദൃഢനിശ്ചയവും. ഒരു കളിക്കാരനെന്ന നിലയില്‍ എന്റെ ലക്ഷ്യങ്ങളുമായി ഒത്തുചേരുന്നു. മൈതാനത്ത് എന്റെ കഴിവുകള്‍ പ്രകടിപ്പിക്കാനും മികച്ച നേട്ടങ്ങള്‍ കൈവരിക്കാന്‍ ടീമിനെ സഹായിക്കാനാകുമെന്നും ഞാന്‍ പ്രതീക്ഷിക്കുന്നു-നിലി പെര്‍ഡോമ പറഞ്ഞു.
”നിലി പരിചയസമ്പന്നനായ കളിക്കാരനാണ്, ലോകമെമ്പാടും തന്റെ കഴിവ് ഇതിനകം തെളിയിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള സൈനിങ്ങുകളിലൂടെ, ഐ-ലീഗ് കിരീടം കേരളത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ ഞങ്ങള്‍ക്ക് കഴിയും, അദ്ദേഹത്തിന് വിജയവും പ്രതീക്ഷയും ഞങ്ങള്‍ നേരുന്നു, ”ജികെഎഫ്സി പ്രസിഡന്റ് വി.സി. പ്രവീണ്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: