പത്തനംതിട്ട: ഇന്ന് റാന്നിയില്‍ നടക്കുന്ന പട്ടയമേളയില്‍ നല്‍കുന്നത് തര്‍ക്കരഹിത പട്ടയങ്ങള്‍. വനംവകുപ്പുമായി തര്‍ക്കമുള്ളതായ ഭൂമിയുടെ പട്ടയങ്ങള്‍ മേളയിലേക്ക് പരിഗണിക്കപ്പെട്ടിട്ടില്ല. ജില്ലയിലെ യഥാര്‍ഥ പട്ടയ വിഷയങ്ങള്‍ മാറ്റിനിര്‍ത്തിക്കൊണ്ടുള്ള മേളയാണ് വീണ്ടും നടക്കുന്നത്.
പമ്പാവാലിയില്‍ പട്ടയങ്ങള്‍ ക്രമപ്പെടുത്തി നല്‍കിയതിനു പിന്നാലെ പതിറ്റാണ്ടുകളായി പട്ടയത്തിനു വേണ്ടി കാത്തിരിക്കുന്ന പത്തനംതിട്ട ജില്ലയിലെ കര്‍ഷകരുടേതുള്‍പ്പെടെയുള്ള ഭൂമിയുടെ പ്രശ്നങ്ങളും പരിഹരിക്കപ്പെടുമെന്നു കരുതിയിരുന്നു. എന്നാല്‍ ഇതു സംബന്ധമായ ചര്‍ച്ചകള്‍ നടന്നതല്ലാതെ കേന്ദ്രാനുമതിയുടെ പേരില്‍ നടപടികള്‍ നീളുകയാണ്. കേന്ദ്രത്തില്‍ നല്കിയ അപേക്ഷയില്‍ പിഴവുണ്ടെന്ന് വിവിധ കര്‍ഷക സംഘടനകളും പൊന്തന്‍പുഴ സമരസമിതിയും നേരത്തെ ചൂണ്ടിക്കാട്ടിയതാണ്. ഇതു പരിഹരിക്കാന്‍ ഉദ്യോഗസ്ഥര്‍ തയാറാകുന്നതുമില്ല.
ജില്ലയില്‍1970.041 ഹെക്ടര്‍ കൈവശ ഭൂമിക്കു പട്ടയം തേടി നല്കിയ അപേക്ഷയില്‍ തീരുമാനം ഇനിയുമില്ല. കേന്ദ്രാനുമതി ലഭിക്കാത്തതാണ് തടസമെന്ന് ജില്ലാ ഭരണകൂടം പറയുമ്പോള്‍ തെറ്റുകള്‍ പരിഹരിക്കാത്തതാണ് പ്രശ്നമെന്ന് കര്‍ഷകരും പറയുന്നു. 6362 പട്ടയങ്ങള്‍ക്കുവേണ്ടി കേന്ദ്രത്തിന് അപേക്ഷ നല്‍കിയിട്ട് ഒന്നരവര്‍ഷമായി. പിഴവുകള്‍ ചൂണ്ടിക്കാട്ടി മൂന്നുതവണ അപേക്ഷ കേന്ദ്രം മടക്കി. തിരുത്തലുകളോടെ മടക്കി അയച്ചെങ്കിലും തീരുമാനമായിട്ടില്ല.
കോന്നി, റാന്നി, മല്ലപ്പള്ളി താലൂക്കുകളിലാണ് ഈ പട്ടയങ്ങള്‍. നേരത്തെ തന്നെ ഈ പട്ടയങ്ങള്‍ക്ക് കേന്ദ്രാനുമതി വേണ്ടിവരുമെന്നു കണ്ടതിനാല്‍ 2012ല്‍ ഒരു അപേക്ഷ നല്‍കിയിരുന്നു. ഇതിനിടെ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കോന്നി താലൂക്കില്‍ 1400 പട്ടയങ്ങള്‍ നല്കി. എന്നാല്‍ പിന്നീടു വന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ ഈ പട്ടയങ്ങള്‍ റദ്ദാക്കി. വനഭൂമിയിലാണ് പട്ടയമെന്ന പേരിലാണ് ഇതു റദ്ദാക്കിയത്. ശരിയായ പട്ടയം വാങ്ങി നല്കുമെന്നു പറഞ്ഞാണ് നല്കിയ പട്ടയം പിന്‍വലിച്ചത്. പട്ടയം റദ്ദാക്കിയിട്ട് ഏഴു വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും ഒരു നടപടിയുമില്ല. 1977 ജനുവരി ഒന്നിനു മുമ്പുള്ള സംസ്ഥാനത്തെ മുഴുവന്‍ കൈയേറ്റങ്ങളും അംഗീകരിച്ച് പ്രത്യേക നിയമപരിരക്ഷയോടെ പട്ടയം നല്‍കാനാകും. 1993ല്‍ ഇതു സംബന്ധിച്ച നിയമവും പാസായതാണ്.എന്നാല്‍ ചില ഉദ്യോഗസ്ഥരുടെ പിടിവാശിയില്‍ ഇത്തരത്തില്‍ അര്‍ഹരായ നിരവധി കര്‍ഷക ഭൂമികളാണ് തര്‍ക്കത്തില്‍ പെടുത്തിയത്.
പട്ടയം നല്കാന് വനസംരക്ഷണ നിയമം അനുസരിച്ച് കേന്ദ്രാനുമതി ആവശ്യമാണെന്നു കണ്ടതോടെ 2012ല്‍ ഇതുള്‍പ്പെടുത്തി നല്കിയ അപേക്ഷയില്‍ ചില പിശകുകള്‍ കടന്നുകൂടി. ഇതു തിരുത്തി പുനര്‍സമര്‍പ്പിച്ചതാകട്ടെ 2019ലാണ്. കേന്ദ്രത്തിന്റെ അനാസ്ഥകൊണ്ടാണ് അനുമതി നിഷേധിക്കപ്പെടുന്നത് എന്ന വിശദീകരണമാണ് കേരളം ആവര്‍ത്തിക്കുന്നത്. അപേക്ഷയിലെ പിശകാണ് ഇപ്പോഴും പട്ടയത്തിനു വിഘാതമായത്. 1980 ലെ വനസംരക്ഷണ നിയമം അനുസരിച്ച് കൈയേറിയ വനഭൂമിയുടെ പട്ടിക മാത്രമാണ് കേന്ദ്രത്തിനു സമര്‍പ്പിക്കേണ്ടത്. എന്നാല്‍ മല്ലപ്പള്ളി താലൂക്കിലെ പെരുമ്പെട്ടിയിലെ 414 കര്‍ഷകരുടെ വനത്തിന്റെ അതിര്‍ത്തിക്കു പുറത്തുള്ള 104.15ഹെക്ടര്‍ ഭൂമികൂടി ഈ അപേക്ഷയില്‍ ഉദ്യോഗസ്ഥരുടെ തെറ്റിധാരണയില്‍ കടന്നുകൂടിയത്.ഇക്കാര്യം കേന്ദ്രത്തിന്റെയും കോടതിയുടെയും ശ്രദ്ധയില്‍ പൊന്തന്‍പുഴയിലെ കര്‍ഷകര്‍ കൊണ്ടുവരികയും ചെയ്തു. സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശിച്ച വനം സര്‍വേയിലൂടെ കര്‍ഷകരുടെ ഭൂമി വനപരിധിക്കു പുറത്താണെന്ന് തെളിഞ്ഞ ഉടന്‍ തങ്ങളുടെ പിശക് മൂടിവയ്ക്കന്‍ ചില ഉദ്യോസ്ഥര്‍ ഇടപെട്ടു സര്‍വേ മുടക്കുകയായിരുന്നു. ഈ സര്‍വേപൂര്‍ത്തീകരിച്ചു അന്തിമ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലോ ഇടക്കാല റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലോ പുതുക്കിയ അപേക്ഷ നല്‍കുകയാണ് ഇനി സര്‍ക്കാരിനുമുന്നിലുള്ള വഴി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: