ന്യൂദല്‍ഹി: കേന്ദ്ര ഇലക്ട്രോണിക്സ് & ഐടി, നൈപുണ്യ വികസന, സംരംഭകത്വ വകുപ്പ് സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ ജൂണ്‍ 13ന് തിരുവനന്തപുരം സന്ദര്‍ശിക്കും. തിരുവനന്തപുരം, തമ്പാനൂര്‍ റെയില്‍വേ കല്യാണമണ്ഡപത്തില്‍ നടക്കുന്ന റോസ്ഗര് തൊഴില്‍ മേളയില്‍ അദേഹം പ്രസംഗിക്കും.
പരിപാടിയുടെ ഭാഗമായി തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് അദ്ദേഹം നിയമന ഉത്തരവുകള്‍ വിതരണം ചെയ്യും. തൊഴിലുടമകള്‍ക്ക് മികച്ച ജീവനക്കാരെ തെരഞ്ഞെടുക്കുന്നതിനും നൈപുണ്യ പരിശീലനം സിദ്ധിച്ച ഉദ്യോഗാര്‍ത്ഥികള്‍ക്ക് അനുയോജ്യമായ തൊഴിലവസരങ്ങളും ഉറപ്പാക്കുന്നതിന് വേണ്ടി നൈപുണ്യ പരിശീലനം ലഭിച്ച ഉദ്യോഗാര്‍ത്ഥികളെയും തൊഴിലുടമകളെയും പൊതുവായ ഒരിടത്ത് എത്തിക്കുന്നതിനുള്ള വേദികളാണ് റോസ് ഗര്‍ മേളകള്‍.
ഇത് രണ്ടാം തവണയാണ് രാജീവ് ചന്ദ്രശേഖര്‍ കേരളത്തില്‍ റോസ് ഗര്‍ മേളയില്‍ പങ്കെടുത്ത് നിയമന ഉത്തരവുകള്‍ വിതരണം ചെയ്യുന്നത്. നേരത്തെ രാജ്യമെങ്ങും 75000 നിയമന കത്തുകള്‍ വിതരണം ചെയ്തുകൊണ്ട് പ്രധാനമന്ത്രി നടത്തിയ ദേശീയ റോസ് ഗര്‍ ദൗത്യത്തിന്റെ ഭാഗമായി 2022 ഒക്ടോബര്‍ 22ന് കൊച്ചിയില്‍ നടന്ന മേളയിലും അദ്ദേഹം പങ്കെടുത്തിരുന്നു.
തുടര്‍ന്ന് തിരുവനന്തപുരം നാലാഞ്ചിറ മാര്‍ ബസേലിയോസ് കോളേജ് ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് ടെക്നോളജിയില്‍ നടക്കുന്ന പൊതു ചടങ്ങില്‍ നവ ഇന്ത്യ, യുവാക്കളുടെ ഇന്ത്യ (ന്യൂ ഇന്ത്യ ഫോര്‍ യംഗ് ഇന്ത്യ) എന്ന വിഷയത്തില്‍ മന്ത്രി വിദ്യാര്‍ഥികളുമായി സംവദിക്കും. പിന്നാലെ കോളേജിലെ ഐഒടി ലാബിന്റെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിക്കും.
ഇന്റര്‍നെറ്റിന്റെ സാദ്ധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തിയും വിവിധ മേഖലകളിലെ പഠന, ഗവേഷണ സാദ്ധ്യതകള്‍ ഏകോപിപ്പിച്ചും കൊണ്ട് ഗവേഷണ രംഗം പുഷ്ടിപ്പെടുത്തുന്നതിനുള്ള പ്ലാറ്റ്ഫോമാണ് ഐഒടി ലാബുകള്‍. തന്റെ വകുപ്പുകള്‍ക്ക് കീഴിലുള്ള വിവിധ സ്ഥാപനങ്ങളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായും മന്ത്രി കൂടിക്കാഴ്ച നടത്തും. വൈകിട്ട് അദേഹം ദല്‍ഹിയിലേക്ക് മടങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: