തൊടുപുഴ: നീണ്ട അനിശ്ചിതത്വങ്ങള്‍ക്ക് വിരാമമിട്ട് അറബിക്കടലില്‍ രൂപമെടുത്ത ബിപോര്‍ജോയ് അതിതീവ്ര ചുഴലിക്കാറ്റ് ഗുജറാത്തിലും പാകിസ്ഥാനിലുമായി കരതൊടുമെന്ന് മുന്നറിയിപ്പ്. 5ന് അന്തരീക്ഷച്ചുഴി രൂപപ്പെട്ട് മണിക്കൂറുകള്‍ക്കുള്ളില്‍ ന്യൂനമര്‍ദമായി മാറുകയും പിന്നാലെ അന്ന് തന്നെ ചുഴലിക്കാറ്റാകുകയും ചെയ്ത് കാലാവസ്ഥ നിരീക്ഷകരെ പോലും ഞെട്ടിച്ചിരുന്നു ബിപോര്‍ജോയി.
എന്നാല്‍ ഈ വേഗത കരതൊടുന്ന കാര്യത്തില്‍ ചുഴലിക്കാറ്റ് കാട്ടിയില്ല. കഴിഞ്ഞ ആറു ദിവസമായി അറബിക്കടലിന്റെ കിഴക്കന്‍ മധ്യമേഖലയില്‍ സാവധാനം സഞ്ചരിക്കുകയായിരുന്നു. പലപ്പോഴും പ്രവചിച്ച ദിശമാറി കടല്‍ത്തീരത്തോട് ചേര്‍ന്നായിരുന്നു സഞ്ചാരം. ഇതിനിടെ പലതവണ ദിശമാറിയിരുന്നു. കാലാവസ്ഥ നിരീക്ഷകരെ ചുഴലിക്കാറ്റ് വട്ടം ചുറ്റിച്ചെങ്കിലും ഇത്തരം പ്രവണതകള്‍ മറ്റിടങ്ങളില്‍ ഏറെക്കാലമായി പതിവാണെന്നാണ് വിദഗ്ധരുടെ പക്ഷം.
ദിവസങ്ങളായി ഇത് സംബന്ധിച്ചുള്ള നിരീക്ഷണത്തിലായിരുന്നു. ആദ്യം ഒമാന്‍ തീരത്തേക്ക് പോകുമെന്നാണ് പ്രവചനങ്ങള്‍ വന്നത്. ഐഎംഡിയും കരതൊടുന്ന കാര്യത്തില്‍ വ്യക്തത വരുത്തിയിരുന്നില്ല.
പിന്നാലയാണ് 15ന് കരതൊടുമെന്ന അറിയിപ്പ് വന്നത്. നിലവില്‍ അതി തീവ്രഗണത്തില്പ്പെടുന്ന ചുഴലിക്കാറ്റിന്റെ വേഗത 195 കി.മീ. വരെയാണ് ഇത് ഇന്ന് പുലര്‍ച്ചയോടെ കുറയുമെന്നും കാറ്റ് തീവ്ര ഗണത്തിലേക്ക് മാറുമെന്നുമാണ് പ്രവചനം. പിന്നീട് വേഗത ഘട്ടം ഘട്ടമായി കുറഞ്ഞ് കരതൊടുമ്പോള്‍ മണിക്കൂറില്‍ 150 കി.മീ. ആകും. 14ന് രാവിലെ വരെ നിലവിലെ ദിശയില്‍ തന്നെ വടക്കോട്ടുള്ള സഞ്ചാരം തുടരും.
പിന്നീട് വടക്ക് വടക്ക്കിഴക്ക് ദിശയിലേക്ക് തിരിഞ്ഞ് ഗുജറാത്തിലെ മാണ്ഡവിക്കും പാകിസ്ഥാനിലെ കറാച്ചിക്കും ഇടയില്‍ 15ന് രാവിലെ 11.30നും ഉച്ചകഴിഞ്ഞ് 2.30നും ഇടയില്‍ കരതൊടും. ഈ സമയം കാറ്റിന് പരമാവധി 150 കി.മീ വരെ വേഗത പ്രതീക്ഷിക്കാം. മേഖലയില്‍ വലിയ നാശത്തിന് ഇത് കാരണമാകും.
പിന്നാലെ വൈകിട്ടോടെ ശക്തി കുറഞ്ഞ് ചുഴലിക്കാറ്റായും 16ന് പുലര്‍ച്ചെ തീവ്ര ന്യൂനമര്‍ദമായും മാറും. അടുത്ത ദിവസങ്ങളില്‍ കാലവര്‍ഷം അതിവേഗം വ്യാപിക്കാന്‍ ഇത് കാരണമാകുമെങ്കിലും കേരളത്തില്‍ സാധാരണ തോതിലുള്ള മഴയും ഒറ്റപ്പെട്ട ശക്തമായ മഴയുമാണ് അടുത്ത അഞ്ച് ദിവസം പ്രതീക്ഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: