കൊച്ചി: കൊച്ചിന് ഫിഷിംഗ് ഹാര്‍ബറിന്റെ നവീകരണവും ആധുനികവല്‍ക്കരണവും സംബന്ധിച്ച പദ്ധതിക്ക് തോപ്പുംപടിയില്‍ കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീരവികസന മന്ത്രി പര്‍ഷോത്തം രൂപാല, തുറമുഖ, ഷിപ്പിംഗ് ജലപാത മന്ത്രി സര്‍ബാനന്ദ സോനോവാള്‍ എന്നിവര്‍ ഇന്ന് തറക്കല്ലിട്ടു.
ഫിഷറീസ് & അക്വാകള്‍ച്ചര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്മെന്റ് ഫണ്ട് (എഫ്ഐഡിഎഫ്), സാഗര്‍മാല പദ്ധതി, പ്രധാന്‍മന്ത്രി മത്സ്യ സമ്പദ യോജന എന്നിവയ്ക്ക് കീഴില്‍ ആധുനിക ഫിഷിംഗ് ഹാര്‍ബറുകളുടെയും ഫിഷ് ലാന്‍ഡിംഗ് സെന്ററുകളുടെയും വികസനത്തിന് 7,500 കോടിയിലധികം രൂപയുടെ പദ്ധതികള്‍ക്ക് ഗവണ്മെന്റ് അംഗീകാരം നല്‍കിയതായി ചടങ്ങില്‍ സംസാരിച്ച കേന്ദ്ര മന്ത്രി പര്‍ഷോത്തം രൂപാല പറഞ്ഞു. കൊച്ചിന് ഫിഷിംഗ് ഹാര്‍ബറിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കും.
സാഗര്‍ പരിക്രമയുടെ ഭാഗമായുള്ള കേരള സന്ദര്‍ശനത്തിന് സംസ്ഥാന സര്‍ക്കാര്‍ എല്ലാവിധ പിന്തുണയും നല്‍കിയതായും അദ്ദേഹം പറഞ്ഞു. പദ്ധതികള്‍ നടപ്പിലാക്കുമ്പോള്‍ സംസ്ഥാന കേന്ദ്ര സര്‍ക്കാറുകള്‍ കൈകോര്ക്കണീ, അത് പദ്ധതികളുടെ ഗുണനിലവാരം വര്‍ധിപ്പിക്കും. രാജ്യത്തിന് ഇത് പുതിയ സന്ദേശവും നല്‍കും. മത്സ്യമേഖലക്ക് സ്വതന്ത്ര മന്ത്രാലയം എന്നതാണ് പ്രധാനമന്ത്രി ലക്ഷ്യം വക്കുന്നത്. മത്സ്യ ബന്ധമേഖല പൂര്‍ണ്ണമായും സാങ്കേതികവത്കരിക്കും. മത്സ്യമേഖലയുടെ ശാക്തീകരണത്തിലൂടെ ഗ്രാമീണ മേഖലയുടെ വികസനമാണ് ലക്ഷ്യം. ലോക ഭക്ഷ്യ സുരക്ഷക്ക് ഭാരതം ശക്തിപകരുമെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ മത്സ്യമേഖലയുടെ സമഗ്ര വികസനം ലക്ഷ്യമാക്കി പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടന്നും എല്ലാ മേഖലകളിലും വികസനം കൊണ്ടുവരാന്‍ കഴിഞ്ഞിട്ടുണ്ടെന്നും ചടങ്ങില്‍ വെര്‍ച്വലായി പങ്കെടുത്ത സര്‍ബാനന്ദ സോനോവാള്‍ പറഞ്ഞു. കേരളം എല്ലാ വിധ പിന്തുണയും നല്‍കുന്നുണ്ടെന്നും ഇന്ത്യ എല്ലാ മേഖലകളിലും സ്വയം പര്യാപ്തത കൈവരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര ഫിഷറീസ് വകുപ്പ്, 2022 മാര്‍ച്ചില്‍, തോപ്പുംപടിയിലെ കൊച്ചിന് ഫിഷിംഗ് ഹാര്‍ബറിന്റെ നവീകരണത്തിനും ആധുനികവല്‍ക്കരണത്തിനുമുള്ള കൊച്ചിന് പോര്‍ട്ട് ട്രസ്റ്റിന്റെ നിര്‍ദ്ദേശത്തിന് അനുമതി നല്‍കിയിരുന്നു. കേന്ദ്ര തുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രാലയത്തിന്റെ സാഗര്‍മാല പദ്ധതിയുമായി ചേര്‍ന്ന് പിഎംഎംഎസ്വൈ പ്രകാരം 100 കോടി രൂപ കേന്ദ്ര ധനസഹായത്തോടെ ആകെ 169.17 കോടി രൂപ ചെലവിലാണ് പദ്ധതി നടപ്പാക്കുന്നത്.
കൊച്ചിന് ഫിഷിംഗ് ഹാര്‍ബറില്‍ പ്രവര്‍ത്തിക്കുന്ന 700 മത്സ്യബന്ധന ബോട്ടുകള്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും. അതുവഴി പതിനായിരത്തോളം മത്സ്യത്തൊഴിലാളികള്‍ക്ക് നേരിട്ടുള്ള ഉപജീവനമാര്‍ഗത്തിനും 30,000 ഓളം മത്സ്യത്തൊഴിലാളികളുടെ പരോക്ഷ ഉപജീവനത്തിനും സഹായകമാകും. ആധുനികവല്‍ക്കരണം ശുചിത്വത്തില്‍ ഗണ്യമായ പുരോഗതി കൈവരിക്കാന്‍ സഹായിക്കുമെന്നും മത്സ്യത്തിന്റെയും മത്സ്യ ഉല്പന്നങ്ങളുടെയും കയറ്റുമതിയില്‍ നിന്നുള്ള വരുമാനം വര്‍ദ്ധിപ്പിക്കുമെന്നും പ്രതീക്ഷിക്കുന്നു.
ആധുനികവല്‍ക്കരണത്തിന് കീഴില്‍ എയര്‍കണ്ടീഷന്‍ ചെയ്ത ലേല ഹാളുകള്‍, ഫിഷ് ഡ്രസ്സിംഗ് യൂണിറ്റ്, പാക്കേജിംഗ് യൂണിറ്റ്, പ്രാദേശിക റോഡുകള്‍, കയറ്റിറക്ക് പ്ലാറ്റ്ഫോമുകള്, ഓഫീസ്, ഡോര്‍മിറ്ററി, ഫുഡ് കോര്‍ട്ട് എന്നിവ സ്ഥാപിക്കുന്നതാണ് പ്രധാന പ്രവര്‍ത്തനങ്ങള്‍. കോള്‍ഡ് സ്റ്റോറേജുകള്‍, സ്ലറി & ട്യൂബ് ഐസ് പ്ലാന്റുകള്‍, മള്‍ട്ടി ലെവല്‍ കാര്‍ പാര്‍ക്കിംഗ് സൗകര്യം, റിവേഴ്സ് ഓസ്മോസിസ് പ്ലാന്റ്, ഫുഡ് കോര്‍ട്ട്, ചില്ലറ വില്‍പ്പന വിപണി തുടങ്ങിയവ ഉള്‍പ്പെടെ 55.85 കോടി രൂപയുടെ പിപിപി ഘടകമാണ് പദ്ധതിക്കുള്ളത്.
പിന്നീട്, കൊച്ചിന് പോര്‍ട്ട് അതോറിറ്റി ഓഫീസില്‍, മത്സ്യോല്‍പ്പന്ന കയറ്റുമതി മേഖലയിലെ വിദഗ്ധരുമായി പര്‍ഷോത്തം രൂപാല സംവദിച്ചു. സമുദ്രത്തിലെ മലിനീകരണം, സമുദ്രോത്പന്ന സംസ്കരണ പ്ലാന്റുകളിലെ മാലിന്യ സംസ്കരണം, ഡീസല്‍ വില തുടങ്ങിയവയെ കുറിച്ച് വിദഗ്ധര്‍ ആശങ്ക ഉന്നയിച്ചു. മത്സ്യ ഉത്പന്ന കയറ്റുമതി മേഖലയില്‍ യൂണിഫാം സ്റ്റാന്‍ഡാര്‍ഡ് നിയമം നടപ്പിലാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ട്രോളിംഗില്‍ ഉള്‍പ്പെടെ നിലവിലുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുമെന്ന് മന്ത്രി അവര്‍ക്ക് മന്ത്രി ഉറപ്പ് നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: