പിറന്ന മണ്ണിനും സംസ്കാരത്തിനും വേണ്ടി നടത്തിയ പോരാട്ടത്തിന്റെ കനലുകളില്‍ മൂടിക്കിടന്ന മറവിയുടെ ചാരത്തെ കാറ്റില്‍ പറപ്പിച്ച് ഒരു ധീരയോദ്ധാവിന്റെ ജ്വലിക്കുന്ന ഓര്‍മ്മകളിലേക്ക് നമ്മെ നയിക്കുകയായിരുന്നു തപസ്യ അവതരിപ്പിച്ച ആരണ്യപര്വ്വം എന്ന നാടകം. സ്വാതന്ത്ര്യത്തിന്റെ അമൃതമഹോത്സവത്തിന്റെ ഭാഗമായാണ് തപസ്യ കലാസാഹിത്യ വേദിയുടെ രംഗകലാവിഭാഗം തലയ്ക്കര ചന്തുവിന്റെ ധീരേതിഹാസം കഴിഞ്ഞദിവസം നാടകരൂപത്തിലരങ്ങേറ്റിയത്. സ്വാതന്ത്ര്യസമര സേനാനിയും പത്രപ്രവര്‍ത്തകനുമായിരുന്ന വി.എം. കൊറാത്തിന്റെ സ്മൃതിദിനത്തിലാണ് സ്വാതന്ത്ര്യസമര ചരിത്രത്തില്‍ അധികമൊന്നും പ്രചാരം ലഭിച്ചിട്ടില്ലാത്ത ഒരു വനവാസി പോരാളിയുടെ രക്തസാക്ഷിത്വത്തിന്റെ കഥപറയുന്ന ആരണ്യപര്വ്വം അരങ്ങേറിയത്.
വീരപഴശ്ശി കേരളവര്‍മ്മയുടെ നേതൃത്വത്തില്‍ ഇംഗ്ലീഷ് ഈസ്റ്റിന്ത്യ കമ്പനിക്കെതിരെ പതിനെട്ടാം നൂറ്റാണ്ടിന്റെ അന്ത്യത്തിലും പത്തൊമ്പതാം നൂറ്റാണ്ടിന്റെ തുടക്കത്തിലുമായി നടന്ന പോരാട്ടത്തില്‍ ഒളിയുദ്ധം നടത്തിയ കുറിച്യപ്പടയുടെ തലവനായിരുന്നു തലക്കര ചന്തു. പതിനെട്ടാം നൂറ്റാണ്ടില്‍ പലഘട്ടങ്ങളിലായി ഇന്ത്യയിലെ പല നാടുകളില്‍ നടന്ന ഇംഗ്ലീഷ് വിരുദ്ധസമരങ്ങളെ പരമാവധി തമസ്കരിക്കുന്നതായിരുന്നു അടുത്തകാലം വരെയുള്ള നമ്മുടെ രാജ്യത്തെ സ്വാതന്ത്ര്യസമര ചരിത്രനിര്‍മ്മിതി. ജനതയുടെ സ്വത്വവും അവര്‍ക്ക് ഈ മണ്ണിലുള്ള അവകാശവും ചോദ്യം ചെയ്യപ്പെട്ടപ്പോഴുണ്ടായ സ്വാഭാവികമായ പ്രതികരണമായി പൊട്ടിപ്പുറപ്പെട്ട പോരാട്ടങ്ങളായിരുന്നു അവയെല്ലാം. അത്തരം സമരങ്ങളില്‍ പലതും ആദിവാസി ഗോത്രവിഭാഗങ്ങളില്‍ പെട്ടവര്‍ക്കിടയില്‍ നിന്നുയര്‍ന്നു വന്നതാണ്. അത്തരം സമരങ്ങളിലൊന്നായിരുന്നു വയനാട്ടിലെ കുറിച്യരുടെ യുദ്ധം. ആ യുദ്ധത്തിന് നേതൃത്വം നല്കിയ തലയ്ക്കര ചന്തുവിന്റെ ജീവിതവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അധികമൊന്നും ലഭ്യമല്ല എന്ന പരിമിതിയെ മറികടന്നുകൊണ്ടാണ്, തലയ്ക്കര ചന്തുവിന്റെ ജീവിതവും രക്തസാക്ഷിത്വവും പ്രമേയമാക്കി ഒരു നാടകം എന്ന ദൗത്യം തപസ്യയുടെ രംഗകലാവിഭാഗം ഏറ്റെടുത്തത്. ശശി നാരായണന് എന്ന കൃതഹസ്തനായ നാടകസംവിധായകന്റെ നേതൃത്വത്തില്‍ ആ ശ്രമം പൂര്‍ണവിജയം നേടി. കോഴിക്കോട് എസ്.കെ. പൊറ്റെക്കാട്ട് സാംസ്കാരിക നിലയത്തില്‍ നിറഞ്ഞസദസ്സിന് മുമ്പാകെ നാടകം ആദ്യമായി അവതരിപ്പിച്ചപ്പോള്‍ രംഗത്തും അണിയറയിലും പ്രവര്‍ത്തിച്ചവര്‍ക്ക് ലഭിച്ച അഭിനന്ദനങ്ങള്‍ അതിന്റെ തെളിവാണ്.
പഴശ്ശിത്തമ്പുരാന്റെ സൈനികമുന്നേറ്റങ്ങള്‍ക്ക് നേതൃത്വം നല്കാന് എടച്ചേന കുങ്കനൊപ്പം മുന്നില്‍ നിന്ന ഒരാളാണ് ചന്തു. പനമരം കോട്ട ആക്രമണത്തിലൂടെ ഇംഗ്ലീഷുകാരെ ഞെട്ടിക്കുകയും വയനാടന്‍ കാടുകളിലെ ഒളിയുദ്ധങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ഒടുവില്‍ തന്റെ രണ്ടാം ഭാര്യയാല്‍ ഒറ്റുകൊടുക്കപ്പെട്ട് പിടിയിലായി ദാരുണായി കൊല്ലപ്പെടുകയും ചെയ്തു തുടങ്ങിയ ചില വിവരങ്ങള്‍ മാത്രമാണ് തലയ്ക്കര ചന്തുവിനെ കുറിച്ചുള്ള ചരിത്രത്തിലെ അറിവുകള്‍. ഈ അറിവുകള്‍ മാത്രം കൈമുതലാക്കി ഒന്നേമുക്കാല്‍ മണിക്കൂറോളം നീണ്ട ഒരു നാടകത്തിന്റെ ആവിഷ്കാരം തീര്‍ച്ചയായും അതിന്റെ സംവിധായകന് ശശിനാരായണന്റെയും നാടകകൃത്ത് എം.കെ. രവിവര്‍മ്മയുടെയും സര്‍ഗസിദ്ധിയുടെ നിദാനമാണ്. പനമരം കോട്ടയുടെ സമീപത്തുള്ള കോളിമരത്തില്‍ കെട്ടിയിട്ടാണ് ചന്തുവിനെ ഇംഗ്ലീഷുകാര്‍ കൊന്നത്. ആ കോളിമരത്തില്‍ നിന്നാണ് നാടകം ആരംഭിക്കുന്നത്. തന്റെ മാറില്‍ കിടന്നുമരിച്ച ആ ധീരയോദ്ധാവിന്റെ ഓര്‍മ്മകളില്‍ കാലങ്ങളായി നിലനില്‍ക്കുന്ന ആ മരത്തിന്റെ ചുവട്ടിലാരംഭിക്കുന്ന നാടകം ചന്തുവിന്റെ പോരാട്ടകഥയിലൂടെ സഞ്ചരിച്ച് കോളിമരത്തില്‍ തന്നെ സമാപിക്കുന്നു.
ചന്തുവായി അഭിനയിച്ച ബിജു, പഴയം വീടനായി നടിച്ച എം.സി. രാജീവ്കമാര്‍, പഴശ്ശി രാജാവായി അഭിനയിച്ച കാര്ത്തികേയന്, ചന്തുവിന്റെ അമ്മയായ രമാദേവി, ബേബര്‍ സായിപ്പായ സാഗര്‍ കൃഷ്ണ, രാമചന്ദ്രന് കണ്ണമംഗലം തുടങ്ങി വയനാട്ടിലെയും അട്ടപ്പാടിയിലെയും വനവാസി ഗോത്രക്കാരായ മരുതന്, രതീഷ്, വിനോദ്, ഹരി, പപ്പന് അടക്കം എല്ലാ അഭിനേതാക്കളും മികച്ച അഭിനയം കാഴ്ച വെച്ചു. ഇതില്‍ തേയി ആയി അവിസ്മരണീയമായ അഭിനയം നടത്തിയ ശ്രീകലയുടെ പ്രകടനം താന്‍ അരങ്ങിനൊരു സര്‍ഗ്ഗ വാഗ്ദാനം ആണെന്ന് തെളിയിക്കുന്നതായിരുന്നു. ദീപ-ശബ്ദസംവിധാനങ്ങളും മികവുറ്റതായി. അറിയപ്പെടാത്ത സ്വാതന്ത്ര്യസമര നായകരെ നാടിന് പരിചയപ്പെടുത്തിക്കൊടുക്കുന്ന ഈ അമൃതകാലത്ത് കേരളക്കര മുഴുവന്‍ കണ്ടിരിക്കേണ്ട ഒരു നാടകമാണ് ആരണ്യപര്വ്വം.
ജാതിമത ചിന്തകള്‍ക്കതീതമായി സാധാരണ ജനവിഭാഗങ്ങള്‍ ഒന്നിച്ചണിനിരന്ന ഒരു കാലത്തിന്റെ ഗൃഹാതുരത്വം കലര്‍ന്ന ഓര്‍മ്മകളടങ്ങിയ ഈ നാടകത്തെ ജനങ്ങള്‍ ഏറ്റെടുക്കുമെന്നതില്‍ സംശയമില്ല. തഞ്ചാവൂര്‍ സൗത്ത് സോണ്‍ കള്‍ച്ചറല്‍ സെന്ററിന്റെ സഹായത്തോടെ അരങ്ങേറ്റിയ ഈ നാടകം വര്‍ത്തമാനകാല മലയാള നാടക ഭൂമികയില്‍ വ്യത്യസ്തമായ ഒരു ദൃശ്യാനുഭവമാണ്.’
പ്രതികരിക്കാൻ ഇവിടെ എഴുതുക: