ന്യൂദല്‍ഹി: ഗൂഗില്‍ സെര്‍ച്ചിനെ അടിയോടെ കടപുഴക്കാന്‍ കഴിവുള്ള ചാറ്റ് ജിടിപിയുടെ സിഇഒ സാം ആള്‍ട് മാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെക്കുറിച്ച് സംസാരിക്കുമ്പോള്‍ നൂറ് നാവ്. കാരണം നിര്‍മ്മിത ബുദ്ധിയെക്കുറിച്ചുള്ള മോദിയുടെ ആഴമേറിയ ചിന്തയുടെ അടിസ്ഥാനത്തിലുള്ള തിരിച്ചറിവുകള്‍ അപാരമെന്ന് സാം ആള്ട്മാന്. ചാറ്റ്ജിപിടിയെ ഏറെ നേരത്തെ രണ്ടു കയ്യും നീട്ടി പുണര്‍ന്ന ഇന്ത്യയിലും സാം ആള്ട്മാന് നിറയെ ശുഭപ്രതീക്ഷകള്‍.
ഡിജിറ്റല്‍ ഡയലോഗ്സ് പരിപാടിയില്‍ മോദിയുടെ നിര്‍മ്മിത ബുദ്ധിയെക്കുറിച്ചുള്ള ആഴത്തിലുള്ള ചിന്തയില്‍ നിന്നുയര്‍ന്നുവന്ന ധാരണയെയും അതിന്റെ നേട്ടങ്ങളെയും സാം ആള്ട്മാന് അഭിനന്ദിച്ചു. നിര്‍മ്മിത ബുദ്ധിയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഉള്‍ക്കാഴ്ചയോടെയുള്ള ഉത്തരങ്ങളാണ് മോദി സമ്മാനിച്ചതെന്നും സാം ആള്ട്മാന് പറഞ്ഞു. ചാറ്റ് ജിടിപിയെ വളരെ നേരത്തെ ഇന്ത്യ രണ്ടുകയ്യുംനീട്ടി സ്വീകരിച്ചത് മോദിയെ അത്ഭുതപ്പെടുത്തിയെന്നും ആള്ട്മാന് പറഞ്ഞു.
നിര്‍മ്മിത ബുദ്ധിയുടെ കാര്യത്തില്‍ പ്രധാനമന്ത്രി മോദി വലിയ താല്പര്യം കാട്ടിയെന്നും നിര്‍മ്മിത ബുദ്ധിയുടെ ഇന്ത്യയിലെ സാധ്യതകളെക്കുറിച്ച് മോദിയുമായി ചര്‍ച്ച നടത്തിയെന്നും സാം ആള്ട്മാന് പറഞ്ഞു. അതേ സമയം ചില കാര്യങ്ങളില്‍ നിര്‍മ്മിതബുദ്ധിയുടെ കാര്യത്തില്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരേണ്ടതിനെപ്പറ്റിയും മോദി സൂചന നല്കി. “രാജ്യത്തിന് മുന്നിലുള്ള അവസരങ്ങളെക്കുറിച്ച് ഞങ്ങള്‍ ചര്‍ച്ച ചെയ്തു. നിര്‍മ്മിത ബുദ്ധിയുടെ കാര്യത്തില്‍ രാജ്യം എന്താണ് ചെയ്യേണ്ടത്, നിര്‍മ്മിത ബുദ്ധി മൂലമുണ്ടായേക്കാവുന്ന ചില ദുരവസ്ഥകളിലേക്ക് രാജ്യം വീണുപോകാതിരിക്കാനുള്ള മുന്‍കരുതലുകളെക്കുറിച്ചും ചര്‍ച്ച ചെയ്തു- ഇത് അങ്ങേയറ്റം പ്രാധാന്യമുള്ള മണിക്കൂറായിരുന്നു.”- പ്രധാനമന്ത്രിയുമായി നടത്തിയ ചര്‍ച്ചയെക്കുറിച്ച് സാം ആള്ട്മാന് അഭിപ്രായപ്പെട്ടു.
“ബുദ്ധി ഏതാണ്ട് സ്വതന്ത്രമായിത്തീരുമ്പോള് ജീവിതം കൂടുതല്‍ മെച്ചപ്പെടും. നിര്‍മ്മിത ബുദ്ധി സ്വീകരിക്കുക വഴി എന്താണ് ഇന്ത്യയ്ക്ക് സംഭവിക്കാന്‍ പോകുന്നതെന്നത് നോക്കിക്കാണുക കൗതുകകരമാണ്. “- അദ്ദേഹം പറഞ്ഞു. ചാറ്റ് ജിപിടിയുടെ നിര്‍മ്മിത ബുദ്ധി സംവിധാനത്തിന് ഊര്‍ജ്ജം പകരാന്‍ പുനരുപയോഗ ഊര്‍ജ്ജ സാധ്യതകള്‍ ഉപയോഗിക്കുന്നതോടെ കാര്‍ബണ്‍ പുറന്തള്ളാത്ത സംവിധാനമായി അത് മാറും. അതോടെ ചാറ്റ് ജിപിടിയും നിര്‍മ്മിത ബുദ്ധിയും പരിസ്ഥിതിക്ക് ഹാനികരമല്ലാതാകും. 20 മുതല്‍ 50 വരെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാന്‍ ചാറ്റ് ജിപിടിയ്ക്ക് അരലിറ്റര്‍ വെള്ളം ചെലവാകുമെന്നും അതിനാല്‍ അത് പരിസ്ഥിതിക്ക് ഹാനികരമാണെന്നുമുള്ള പരിസ്ഥിതി വാദികളുടെ ആശങ്കള്‍ക്കുള്ള മറുപടിയായാണ് ദല്‍ഹിയില്‍ നടന്ന ചര്‍ച്ചയില്‍ സാം ആള്ട്മാന് ഇക്കാര്യം വ്യക്തമാക്കിയത്.
കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരാന്‍ പോകുന്ന ഡിജിറ്റല്‍ ഇന്ത്യാബില്ലും ചര്‍ച്ചാ വിഷയമായി. ഇന്‍ഫര്‍മേഷന്‍ ടെക്നോളജി (ഐടി) നിയമത്തിന് പകരമായിരിക്കും പുതിയ ഡിജിറ്റല്‍ ഇന്ത്യന്‍ ബില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: