കെന്നിങ്ടണ്‍ ഓവല്‍: പത്ത് വര്‍ഷത്തെ ഐസിസി കിരീടദാഹം തീര്‍ക്കല്‍ ലക്ഷ്യമിട്ട് രോഹിത് ശര്‍മ്മയ്ക്ക് കീഴില്‍ ഇന്ത്യ ഇന്ന് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനിറങ്ങും. ഇന്ത്യന്‍ സമയം ഉച്ചതിരിഞ്ഞ് 3.30 മുതലാണ് മത്സരം. ഇംഗ്ലണ്ടിലെ ഓവല്‍ സ്റ്റേഡിയത്തില്‍ എതിരാളികള്‍ ഓസ്ട്രേലിയ.
കിരീടം നേടിയെടുക്കേണ്ടതുണ്ട്, നേരിടാനുള്ളത് കരുത്തന് ഓസ്ട്രേലിയയെ ആണെന്ന് രോഹിത് ശര്‍മ്മ ഇന്നലെ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു കഴിഞ്ഞു. കിരീടനേട്ടത്തിനപ്പുറം രണ്ട് വര്‍ഷം മുമ്പ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ന്യൂസിലാന്‍ഡിനോട് പരാജയപ്പെട്ടതിന്റെ നീറ്റല്‍ മായ്ച്ചുകളയേണ്ടതുമുണ്ട്. അതിനായി ഒരുങ്ങിക്കെട്ടിയാണ് ഇന്ത്യ കുരത്തന്‍ കംഗാരുക്കള്‍ക്കെതിരെ ഇന്നിറങ്ങുന്നത്.
ക്രിക്കറ്റില്‍ പലനേട്ടങ്ങളും കൈയ്യെത്തിപിടിച്ചിട്ടുള്ള രാജാക്കന്മാരാണ് ഓസ്ട്രേലിയ. അവരെ സംബന്ധിച്ച് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് എന്ന കടമ്പ അവശേഷിക്കുകയാണ്. ആഷസ് പരമ്പര പടിവാതില്‍ക്കലെത്തിനില്‍ക്കുമ്പോഴും ഇന്ത്യയ്ക്കെതിരായ പോരാട്ടത്തിന് വീര്യമൊട്ടും കുറയ്ക്കാന്‍ പാറ്റ് കമ്മിന്‍സും കൂട്ടരും തയ്യാറല്ല.
പരിക്കിന്റെ അലട്ടലുകള്‍ ഇന്ത്യയ്ക്കുണ്ട്. അതിനെ മറികടക്കാനുള്ള താരബലവും ചെറുതല്ല. എങ്കിലും ജസ്പ്രീത് സിങ് ബുംറ, ഋഷഭ് പന്ത് എന്നിവരുടെ പന്‍മാറ്റങ്ങള്‍ വലിയ വിലയായിരിക്കും നല്‍കേണ്ടിവരിക. ഋഷഭ് പന്തും കെ.എല്‍. രാഹുലും ഇല്ലാത്ത സാഹചര്യത്തില്‍ വിക്കറ്റ് കീപ്പറായി ഒരാളെ കരുതിവയ്ക്കാന്‍ ഇന്ത്യ ശ്രമിച്ചിട്ടില്ല. മൂന്ന് മാസം മുമ്പ് ഇന്നത്തെ എതിരാളികളെ കീഴ്പ്പെടുത്തി പരമ്പര സ്വന്തമാക്കിയതിന്റെ ആത്മവിശ്വാസം ഇന്ത്യയ്ക്കുണ്ട്. എന്നാല്‍ അത് ഇന്ത്യന്‍ ബോളര്‍മാര്‍ക്ക് അനുകൂലമായി ഒരുക്കിയ ഇന്ത്യന്‍ വിക്കറ്റിലാണെന്നത് എടുത്തുപറയണം.
എതിരാളികള്‍ക്കും പരിക്കിന്റെ പ്രശ്നങ്ങളുണ്ടെങ്കിലും പ്രതിഭയാര്‍ന്ന കളിക്കാര്‍ കൂടുതലായുണ്ട്. കഴിഞ്ഞ ദിവസം ജോഷ് ഹെയ്സല്‍വുഡിന് പരിക്കേറ്റു. പകരക്കാരനായി മൈക്കല്‍ നെസെര്‍ എത്തി. അന്തിമ ഇലവനില്‍ കളിക്കുക കുറഞ്ഞ കാലം കൊണ്ട് മികച്ച റെക്കോഡ് സൃഷ്ടിക്കാന്‍ സാധിച്ച. സ്കോട്ട് ബോളണ്ടിനായിരിക്കും. അപകടകാരിയാണ് ബോളണ്ട്. ഇന്ത്യന്‍ പരിശീലകന് രാഹുല്‍ ദ്രാവിഡിന്റെ കാഴ്ചപ്പാടില്‍ ഓസീസ് ഓപ്പണല്‍ ഡേവിഡ് വാര്‍ണറെ കഴിവതും നേരത്തെ പുറത്താക്കി അപകടം ഒഴിവാക്കണമെന്നാണ്. വാര്‍ണറെ കൂടാതെ മാര്‍കസ് ലബൂഷെയന്‍, സ്റ്റീവ് സ്മിത്ത്, ട്രാവിസ് ഹെഡ് എന്നിവരും വലിയ തലവേദനയാകും ഇന്ത്യന്‍ ബോളര്‍മാര്‍ക്ക് സൃഷ്ടിക്കുക.
ഇന്നുമുതല്‍ ഇനിയുള്ള ദിവസങ്ങളില്‍ കപിലിനും ധോണിക്കും ശേഷം രോഹിത് ഇന്ത്യയിലേക്ക് ലോക ചാമ്പ്യന്‍ഷിപ്പ് നേട്ടം എത്തിക്കുമോയെന്ന് കാത്തിരിക്കാം കാണാം. മത്സരത്തിന്റെ തത്സമയ സംപ്രേഷണം സ്റ്റാര്‍ സ്പോര്‍ട്സിലും ഡിസ്നി ഹോട്ട്സ്റ്റാറിലും കാണാനാകും.
ഓവലിലെ 105-ാം ടെസ്റ്റ്
കെന്നിങ്ടണ്‍ ഓവല്‍ നഗരത്തിലെ ഓവല്‍ ക്രിക്കറ്റ് ഗ്രൗണ്ട് സ്റ്റേഡിയത്തില്‍ ഇന്ന് നടക്കുന്നത് 105-ാം ടെസ്റ്റ്. ഇവിടെ ഇതുവരെ നടന്ന 104 ടെസ്റ്റുകളില്‍ 88 തവണയും ടോസ് നേടിയ ടീം ബാറ്റ് ചെയ്യാന്‍ തീരുമാനിച്ചു. ഇവിടെ ആദ്യം ബാറ്റ് ചെയ്ത ടീം 38 തവണ ജയിച്ചു. ആദ്യം ഫീല്‍ഡ് ചെയ്തവര്‍ 29 മത്സരങ്ങളിലും.
കഴിഞ്ഞ പത്ത് വര്‍ഷമായി അത്യാവശ്യം റണ്‍സ് നേടാനാകുന്ന ഉപരിതലമാണ് ഈ പിച്ചിലേത്. ഓവറില്‍ 3.39 റണ്‍സ് വെച്ച് നേടാന്‍ സാധിക്കുന്നുവെന്നതാണ് കണക്ക്. ഓരോ 54 പന്തുകള്‍ കഴിയുമ്പോഴും വിക്കറ്റ് വീഴാന്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നു. ആദ്യ രണ്ട് ദിവസങ്ങളില്‍ പേസ് ബോളിങ്ങിനെ നന്നായി തുണയ്ക്കും. പിന്നീട് സ്പിന്നിന് അനുകൂലമാകും.
ഓവലില്‍ ഇന്ത്യ
14 ടെസ്റ്റുകള്‍ കളിച്ചു. രണ്ടെണ്ണത്തില്‍ ജയിച്ചു. മൂന്നെണ്ണം തോറ്റു. ഏഴ് മത്സരങ്ങള്‍ സമനിലയിലായി. അവസാനം കളിച്ച മത്സരം 2021ല്‍. അന്ന് ആതിഥേയരായ ഇംഗ്ലണ്ടിനെ 157 റണ്‍സിന് തോല്‍പ്പിച്ചു.
ഓവലില്‍ ഓസീസ്
34 ടെസ്റ്റുകള്‍ കളിച്ചു. ഏഴെണ്ണം ജയിച്ചു. 17 കളികള്‍ തോറ്റു. 14 മത്സരങ്ങള്‍ സമനിലയിലായി. അവസാനം കളിച്ചത് 2019ല്‍. ആതിഥേയരായ ഇംഗ്ലണ്ടിനോട് 137 റണ്‍സിന് പരാജയപ്പെട്ടു.
നിഷ്പക്ഷ വേദിയില്‍ ആദ്യം
ടെസ്റ്റ് മത്സരത്തില്‍ ഇതുവരെ ഇന്ത്യയും ഓസ്ട്രേലിയയും നേര്‍ക്കുനേര്‍ വന്നത് 106 മത്സരങ്ങളില്‍. 54 ടെസ്റ്റുകള്‍ ഇന്ത്യയില്‍ നടന്നപ്പോള്‍ ബാക്കിയുള്ള 52 എണ്ണം ഓസ്ട്രേലിയന്‍ പിച്ചുകളിലായിരുന്നു. നിഷ്പക്ഷവേദിയിലെ ആദ്യ ഏറ്റുമുട്ടല്‍ ഇന്നാണ്.
കൂടുതല്‍ ജയം ഓസീസിനൊപ്പമാണ്. 44 ടെസ്റ്റ് മത്സരങ്ങളില്‍ അവര്‍ ജയിച്ചപ്പോള്‍ ഇന്ത്യന്‍ ജയം 32 എണ്ണത്തില്‍. 29 മത്സരങ്ങള്‍ സമനിലയിലായി. ഒരെണ്ണം ടൈയില്‍ കലാശിച്ചു. ഹോം മാച്ചില്‍ ഇന്ത്യ 23 ജയം നേടിയപ്പോള്‍ 9 എവെ ജയം സ്വന്തമാക്കി. ഓസീസിന് 30 ഹോം ജയവും 14 ഏവേ ജയങ്ങളും. ഇന്ത്യയില്‍ നടന്ന 16 ടെസ്റ്റുകളും ഓസ്ട്രേലിയില്‍ നടന്ന 13 ടെസ്റ്റുകളും സമനിലയിലായി.
അവസാനം നടന്ന പത്ത് ടെസ്റ്റുകളില്‍ അഞ്ച് ജയം ഇന്ത്യയ്ക്കൊപ്പമാണ്. ഓസീസ് ജയിച്ചത് രണ്ടെണ്ണത്തില്‍. മൂന്ന് മത്സരങ്ങള്‍ സമനിലയിലായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: