ബെംഗളൂരു: ഒഡിഷയില്‍ 288 പേരുടെ മരണത്തിനിടയാക്കിയ തീവണ്ടി അപകടത്തെ തുടര്‍ന്ന് മൂന്ന് ദിവസത്തോളം ദുരന്തമുഖത്ത് തന്നെ ചെലവഴിച്ച റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിനെ പുകഴ്ത്തി മുന്‍ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡ. അദ്ദേഹം വിശ്രമമില്ലാതെ പണിയെടുക്കുന്നുണ്ട് എന്നായിരുന്നു ദേവഗൗഡയുടെ അഭിപ്രായപ്രകടനം.
കഴിഞ്ഞ 55 മണിക്കൂറുകളായി അദ്ദേഹം ദുരന്തം സംഭവിച്ച സ്ഥലത്ത് വിശദാംശങ്ങള്‍ തേടുകയാണ്. അപകടം നടന്ന ഉടനെ അര്‍ധരാത്രി തന്നെ അദ്ദേഹം ആ വിവരം ട്വീറ്റ് ചെയ്തു. റെയില്‍വേ ഉദ്യോഗസ്ഥരോട് വേണ്ട നടപടികള്‍ കൈക്കൊള്ളാന്‍ ആവശ്യപ്പെട്ടു. റെയില്‍വേമന്ത്രി എന്ന നിലയില്‍ അശ്വിനി വൈഷ്ണവ് അവശ്യമായ എല്ലാ നടപടികളും കൈക്കൊണ്ടിട്ടുണ്ട്. ഈ ഘട്ടത്തില്‍ അദ്ദേഹം രാജിവെയ്ക്കണമെന്ന് ആവശ്യപ്പെടുന്നത് ശരിയല്ല. ദേവഗൗഡ പറഞ്ഞു. – ദേവഗൗഡ പറഞ്ഞു.
ഞാന്‍ ഇതെല്ലാം കാണുന്നുണ്ട്. സിബിഐ അന്വേഷണം നടക്കുന്നു എന്നത് വേറെ കാര്യം. അന്വേഷണം ആദ്യം പൂര്‍ത്തിയാകട്ടെ. – ദേവഗൗഡ പറഞ്ഞു.
തികച്ചും വ്യത്യസ്തമായ രീതിയില്‍ മന്ത്രിസ്ഥാനത്തേക്ക് ഉയര്‍ന്നുവന്ന വ്യക്തിയാണ് അശ്വിനി വൈഷ്ണവ്. സീമന്‍സ് കമ്പനിയുടെ വൈസ് പ്രസിഡന്റായി ജോലി ചെയ്തിരുന്ന അദ്ദേഹം അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക് ട്രാന്‍സ്പോര്‍ട്ടേഷനിലെ മാനേജിംഗ് ഡയറക്ടറുമായിരുന്നു. സാങ്കേതിക വിദ്യയില്‍ അത്യധികം അറിവും അനുഭവസമ്പത്തുമുള്ള അശ്വിനി വൈഷ്ണവിന്റെ വരവ് മോദിയുടെ റെയില്‍വേ സ്വപ്നങ്ങള്‍ക്ക് ആക്കം കൂട്ടുന്നതില്‍ മുഖ്യമായ പങ്കുവഹിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: