ന്യൂദല്‍ഹി: എക്സൈസ് നയവുമായി ബന്ധപ്പെട്ട കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള ദല്‍ഹി മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്ക് അസുഖ ബാധിതയായ ഭാര്യയെ കാണാന്‍ ദല്‍ഹി ഹൈക്കോടതി അനുമതി നല്കി. ശനിയാഴ്ച രാവിലെ 10 മുതല്‍ വൈകിട്ട് 5 വരെയാണ് സിസോദിയയ്ക്ക് ഭാര്യയെ കാണാന്‍ അനുമതി.
നാളെ രാവിലെ 10 മുതല്‍ വൈകിട്ട് 5 വരെ സിസോദിയയെ ഭാര്യ താമസിക്കുന്ന സ്ഥലത്തേക്ക് കൊണ്ടുപോകാന്‍ ജസ്റ്റിസ് ദിനേഷ് കുമാര്‍ ശര്‍മ്മയുടെ സിംഗിള്‍ ജഡ്ജി ബെഞ്ച് ജയില്‍ അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്കി.എന്നാല്‍ സിസോദിയ മാധ്യമങ്ങളോട് സംസാരിക്കാന്‍ പാടില്ലെന്നും കോടതി പറഞ്ഞു. കുടുംബാംഗങ്ങള്‍ ഒഴികെ ആരെയും കാണാന്‍ പാടില്ല. ഫോണ്‍,ഇന്റര്‍നെറ്റ് എന്നിവയും ഉപയോഗിക്കരുത്.
എക്സൈസ് നയം സംബന്ധിച്ച ഇഡിയുടെ അന്വേഷണത്തിലും ഭാര്യയുടെ അസുഖത്തിന്റെ പേരില്‍ സമര്‍പ്പിച്ച പുതിയ ഇടക്കാല ജാമ്യാപേക്ഷയും പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റിവച്ചു.
അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ് വി രാജു ഇടക്കാല ജാമ്യാപേക്ഷയെ എതിര്‍ത്തു. നേരത്തെയും സിസോദിയ സമാന രീതിയില്‍ ജാമ്യാപേക്ഷ നല്‍കിയിട്ടുണ്ടെന്നും പിന്നീട് പിന്‍വലിച്ചെന്നും ചൂണ്ടിക്കാട്ടിയാണ് എതിര്‍ത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: