കണ്ണൂര്‍ : റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ട ട്രെയിനിന് തീപിടിച്ച സംഭവത്തില്‍ ആളെ തിരിച്ചറിഞ്ഞതായി സൂചന. റെയില്‍വേ സ്റ്റേഷന് സമീപത്തുള്ള ബിപിസിഎല്ലിലെ സിസിടിവി ക്യാമറയില്‍ നിന്നുള്ള ദൃശ്യങ്ങളാണ് പ്രതിയിലേക്ക് എത്താന്‍ അന്വേഷണ സംഘത്തിന് സഹായകമായത്.
പോലീസ് പ്രതിയെ തിരിച്ചറിഞ്ഞ് കസ്റ്റഡിയില്‍ എടുത്തതായാണ് സൂചന. ഇതുസംബന്ധിച്ചുള്ള വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. മുമ്പ് സ്റ്റേഷന് സമീപത്ത് തീയിട്ട ആളെയാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തതെന്നാണ് റിപ്പോര്‍ട്ട്. ഇയാള്‍ ട്രാക്കിന് സമീപത്തുണ്ടായിരുന്നുവെന്ന സാക്ഷി മൊഴികളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ബംഗാള്‍ സ്വദേശിയാണ് ഇയാള്‍. എന്നാല്‍ ഔദ്യോഗീക സ്ഥിരീകരണം പുറത്തുവന്നിട്ടില്ല.
വ്യാഴാഴ്ച പുലര്‍ച്ചെ ഒരുമണിയോടെയാണ് കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന് യാര്‍ഡില്‍ നിര്‍ത്തിയിട്ടിരുന്ന എക്സിക്യൂട്ടീവ് എക്സ്പ്രസില്‍ തീപ്പിടിത്തമുണ്ടായത്. ട്രെയിനിന്റെ പിറകിലുള്ള ജനറല്‍കോച്ചിലാണ് തീ ആളിപ്പടര്‍ന്നത്. ഒരു കോച്ച് പൂര്‍ണമായും കത്തിനശിച്ചു. തീപ്പിടിത്തം ശ്രദ്ധയില്‍പ്പെട്ടയുടന്‍ മറ്റുകോച്ചുകള്‍ വേര്‍പ്പെടുത്തിയതിനാല്‍ വലിയ അപകടം ഒഴിവായി.
സ്ഥലത്ത് നിലവില്‍ ഫോറന്‍സിക് പരിശോധന നടന്നു വരികയാണ്. പ്രാഥമിക പരിശോധനയില്‍ കോച്ചിന് അകത്തു നിന്ന് കല്ല് കണ്ടെത്തി. വിന്‍ഡോ ഗ്ലാസ് പൊളിച്ച ഭാഗത്തു നിന്നാണ് കല്ല് കണ്ടെത്തിയത്. ഇന്റലിജന്റ്സ് ബ്യൂറോ അഡീഷണല്‍ എസ്പിയുടെ നേതൃത്വത്തിലാണ് പരിശോധന നടക്കുന്നത്. പരിശോധനയില്‍ ട്രെയിനിന് അകത്ത് ആള് കയറിയെന്ന് കണ്ടെത്തിയിട്ടുണ്ട്.
ട്രെയിന്‍ ബോഗിയുടെ ശുചി മുറി തകര്‍ത്ത നിലയിലാണ്. കണ്ണാടി കുത്തിപ്പൊട്ടിക്കുകയും ക്ലോസറ്റില്‍ കല്ല് ഇടുകയും ചെയ്തിട്ടുണ്ട്. ഫോറന്‍സിക് സംഘവും ഡോഗ് സ്ക്വാഡും ബോഗി പരിശോധിച്ചു. അതിനിടെ പോലീസ് നായ മണം പിടിച്ചു സമീപത്തെ കുറ്റിക്കാട്ടിലേക്ക് പോയി.
ഏലത്തൂരില്‍ തീവെച്ച അതേ ട്രെയിനില്‍ തന്നെയാണ് തീവെച്ചത്. ആസൂത്രിതമായാണ് തീവെച്ചതെന്നാണ് പ്രാഥമിക നിഗമനത്തില്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്. സംഭവത്തില്‍ എന്‍ഐഎ വിവരശേഖരണം ആരംഭിച്ചു. ഏലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസുമായി ബന്ധമുണ്ടോയെന്ന സംശയത്തിലാണ് എന്‍ഐഎയുടെ ഇടപെടല്‍. ഏലത്തൂര്‍ കേസ് അന്വേഷണം എന്‍ഐഎയ്ക്കാണ്. സംസ്ഥാന പോലീസ്- എന്‍ഐഎ എന്നിവരില്‍ നിന്നാണ് എന്‍ഐഎ വിവരങ്ങള്‍ ശേഖരിക്കുക.
ഒരുകോച്ച് മുഴുവന്‍ ഇങ്ങനെ കത്തണമെങ്കില്‍ എന്തെങ്കിലും ഇന്ധനമോ സ്ഫോടകവസ്തുവോ ഉപയോഗിച്ചിട്ടുണ്ടാകുമെന്നാണ് പോര്‍ട്ടര്‍മാര്‍ പറയുന്നത്. തീപ്പിടിത്തമുണ്ടായ യാര്‍ഡില്‍നിന്ന് മീറ്ററുകള്‍ക്ക് അകലെയാണ് ഭാരത് പെട്രോളിയം കോര്‍പ്പറേഷന്റെ ഇന്ധന സംഭരണ ശാലയുള്ളത്. ഇവിടെനിന്നുള്ള സിസിടിവി ക്യാമറകളില്‍നിന്നാണ് ട്രെയിനിന് സമീപത്തുകൂടെ ഒരാള്‍ പോകുന്ന ദൃശ്യങ്ങള്‍ ലഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: