ഇംഫാല്‍: മണിപ്പൂരിൽ ഗോത്ര വിഭാഗങ്ങൾക്കിടയിലുള്ള സംഘർഷത്തിൽ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. മണിപ്പൂരിലെ പ്രശ്നങ്ങളെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ വിരമിച്ച ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിൽ സമിതി രൂപീകരിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ മണിപ്പൂരിൽ നാല് ദിവസത്തെ സന്ദർശനത്തിനെത്തിയതായിരുന്നു അദ്ദേഹം.
ഇംഫാലിലെ വിവിധ വിഭാഗങ്ങളുമായി അമിത്ഷാ ചർച്ചകൾ നടത്തിയിരുന്നു. സംഘർഷവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത അഞ്ച് കേസുകളില്‍ സിബിഐ അന്വേഷണം നടത്തും. വീടുകള്‍ നഷ്ടപ്പെട്ടവരുടെ പുനരധിവാസം എത്രയും വേഗം സാധ്യമാക്കും. അക്രമത്തില്‍ സ്വതന്ത്രവും നീതിയുക്തവും നിഷ്പക്ഷവുമായി അന്വേഷണം നടത്തുമെന്നും ആഭ്യന്തര മന്ത്രി ഉറപ്പു നല്കി. മരിച്ചവരുടെ കുടുംബത്തിന് കേന്ദ്രവും മണിപ്പൂര്‍ സര്‍ക്കാരും സംയുക്തമായി 10 ലക്ഷം രൂപ ധനസഹായം നല്‍കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. മുഖ്യമന്ത്രി ബിരേൻ സിങ്ങിന്റെ നേതൃത്വത്തിൽ വിവിധ രാഷ്ട്രീയ പാർട്ടി അംഗങ്ങളെയും മെയ്തി- കിക്കു സമുദായാംഗങ്ങളെയും ഉൾപ്പെടുത്തി സമാധാനസമിതി രൂപീകരിക്കുമെന്നും ആഭ്യന്തരമന്ത്രി അറിയിച്ചു.
സംസ്ഥാനത്തെ സമാധാനാന്തരീക്ഷം പുനഃസ്ഥാപിക്കാനും ആളുകളെ സുരക്ഷിതമായി അവരവരുടെ വീട്ടിലെത്തിക്കാനും സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമെന്ന് അദ്ദേഹം പറഞ്ഞു. ബി ജെ പി സംസ്ഥാനത്ത് അധികാരത്തിലെത്തിയ ശേഷം മണിപ്പൂര്‍ ശാന്തമാണെന്നും ജനങ്ങളുടെ ക്ഷേമവും നാടിന്റെ വികസനവും ഞങ്ങള്‍ ഉറപ്പാക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
അവശ്യസാധനങ്ങള്‍ പ്രത്യേക ട്രെയിനുകളില്‍ സംസ്ഥാനത്തെത്തിക്കും. നിലവില്‍ സ്കൂളുകളെല്ലാം അടഞ്ഞുകിടക്കുന്നതിനാല്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് വേണ്ട ക്രമീകരണങ്ങള്‍ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. സന്ദര്‍ശനം പൂര്‍ത്തിയാക്കിയശേഷം അമിഷാ ഇന്ന് സംസ്ഥാനത്തുനിന്ന് മടങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: