കോട്ടയം: ഈ സാമ്പത്തിക വര്‍ഷം റബര്‍ ഉത്പാദനത്തില്‍ 8.3 ശതമാനം വളര്‍ച്ച. 2021-22ല്‍ 7,75,000 ടണ്ണായിരുന്ന ഉത്പാദനം 2022-23ല്‍ 8,39,000 ടണ്ണായി. കാലാവസ്ഥ അനുകൂലമായതും ടാപ്പുചെയ്യാതെ കിടന്ന തോട്ടങ്ങളില്‍ വിളവെടുപ്പ് തുടങ്ങിയതും പുതിയ തോട്ടങ്ങള്‍ ടാപ്പു ചെയ്യാന്‍ പാകമായതുമെല്ലാം ഉത്പാദനം കൂടാന്‍ കാരണമായി.
കഴിഞ്ഞ സാമ്പത്തികവര്‍ഷം ഇന്ത്യയുടെ ആഭ്യന്തര റബര്‍ ഉപഭോഗം 13,50,000 മെട്രിക് ടണ്ണായിരുന്നു. 2021-22ലെ 12,38,000 മെട്രിക് ടണ്ണിനെ അപേക്ഷിച്ച് ഒമ്പത് ശതമാനം വര്‍ധന. കൊല്‍ക്കത്തയിലെ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് കൊമേഴ്സിയല്‍ ഇന്റലിജന്‍സ് ആന്‍ഡ് സ്റ്റാറ്റിറ്റിക്സ് വിഭാഗത്തിന്റെ റിപ്പോര്‍ട്ട് പ്രകാരം 2022-23ല്‍ 5,28,677 ടണ്‍ പ്രകൃതിദത്ത റബര്‍ ഇറക്കുമതി ചെയ്തു. 2021-22ലെ ഇറക്കുമതി 5,46,369 ടണ്ണായിരുന്നു. ഈ സാമ്പത്തികവര്‍ഷം 3700 ടണ്‍ റബര്‍ കയറ്റുമതി ചെയ്തു. 2021-22ലെ കയറ്റുമതി 3560 ടണ്ണായിരുന്നു.
റബ്ബര്‍ ബോര്‍ഡിന്റെ കണക്കു പ്രകാരം രാജ്യത്ത് റബര്‍ കൃഷി വര്‍ധിച്ചു, 2005-06 കാലയളവില്‍ 5,97,610 ഹെക്ടറിലായിരുന്നു കൃഷി ഉണ്ടായിരുന്നത്. ടാപ്പിങ് നടക്കുന്നത് 4,47,015 ഹെക്ടറിലുമായിരുന്നു. ഇത് പടിപടിയായി വളര്‍ന്ന് 2021-22 ഘട്ടത്തില്‍ 8,26,660 ഹെക്ടറിലേക്ക് റബര്‍ കൃഷി വ്യാപിച്ചു. 7,18,300 ഹെക്ടറില്‍ ടാപ്പിങ് നടക്കുന്ന നിലയിലേക്ക് ഉയര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: