പ്രധാനമന്ത്രി നരേന്ദ്ര മോദി ഭാരതത്തിന്റെ പാര്‍ലമെന്റില്‍ ചെങ്കോല്‍ സ്ഥാപിച്ചതോടെ ഭാരത ദേശീയത വീണ്ടും ചര്‍ച്ചാ വിഷയമാവുകയാണ്. വിസ്മരിയ്ക്കപ്പെട്ടു കിടന്നിരുന്ന ചരിത്രത്തിലെ ഒരേട് പൊടുന്നനെ ഭാരത ജനതയുടെ മുന്നില്‍ അനാവൃതമായി. അധികാര കൈമാറ്റത്തിന്റെ പ്രതീകമായി ആചാര്യന്മാര് ഭരണാധികാരിയ്ക്ക് ധര്‍മ്മദണ്ഡ് അഥവാ ചെങ്കോല്‍ കൈമാറുന്ന ചടങ്ങ് ഭാരതത്തിന്റെ സ്വാതന്ത്ര്യ വേളയില്‍ ഉള്പ്പെടുത്തിയിരുന്നത്രേ. അത് തമിഴ് നാട്ടുകാരനും ചരിത്ര പണ്ഡിതനുമായ രാജാജിയുടെ നിര്‍ദ്ദേശ പ്രകാരമായിരുന്നു. അദ്ദേഹത്തിന് ഈ ആശയം കിട്ടിയതാകട്ടെ ആയിരം വര്‍ഷം പഴക്കമുള്ള ചോള പാരമ്പര്യത്തില്‍ നിന്നായിരുന്നു.
എന്നാല്‍ ഇതെല്ലാം കഴിഞ്ഞ 75 വര്‍ഷമായി വിസ്മൃതിയില്‍ ആണ്ടു കിടക്കുകയായിരുന്നു. കിഴക്കും പടിഞ്ഞാറും തെക്കും വടക്കും നിന്നുള്ള ധാരകള്‍ ഒരുപോലെ പോഷിപ്പിച്ച് സമ്പുഷ്ടമാക്കിയ മഹാപ്രവാഹമാണ് ഇന്ത്യയുടെ സംസ്ക്കാരം എന്ന വസ്തുത ഇപ്പോള്‍ ഒരിയ്ക്കല്‍ കൂടി ഊട്ടിയുറപ്പിയ്ക്കുകയാണ്. ഭാരത സംസ്ക്കാരം അഥവാ ഹിന്ദുത്വം എന്നത് കേവലം ഉത്തരേന്ത്യന്‍ സ്വത്വബോധമാണ് എന്ന കുപ്രചരണമാണ് ഇവിടെ തകര്‍ന്നു വീഴുന്നത്.
ശിവനും കൈലാസവും നന്ദിയും ഗംഗയും ഗണേശനും സുബ്രഹ്മണ്യനുമെല്ലാം അനാദികാലം മുതലേ തമിഴ് മക്കളുടെ ജീവശ്വാസമായി തീര്‍ന്നിട്ടുണ്ടെങ്കില്‍ അവയെങ്ങനെ വെറും ഉത്തരേന്ത്യന്‍ ആകും ? ശിവന്റെ ഡമരുവിന്റെ രണ്ട് വശങ്ങളില് നിന്നും ഉതിര്‍ന്ന ഭാഷകളാണ് സംസ്കൃതവും തമിഴും എന്നാണ് പൗരാണിക വിശ്വാസം. അതായത് പ്രാചീനരെ സംബന്ധിച്ച് ഇവ രണ്ടും ദൈവീകങ്ങളും സഹോദര ഭാഷകളുമാണ്. ഇവ തമ്മില്‍ പോരാട്ടമാണ് എന്ന് വരുത്തിയെടുക്കുന്നത് അധികാര മോഹികളായ ആധുനിക വിഘടനവാദ രാഷ്ട്രീയക്കാരാണ്. സംസ്കൃത സാഹിത്യവും തമിഴ് സാഹിത്യവും പ്രാചീന കാലം മുതല്‍ എപ്രകാരം തമിഴ് ജീവിതത്തില്‍ ഇഴചേര്‍ന്ന് കിടക്കുന്നു എന്ന് നിരവധി ഉദാഹരണങ്ങള്‍ സഹിതം ജടായു ബംഗളൂരു എന്ന പണ്ഡിതന് ഇവിടെ വിവരിയ്ക്കുന്നു.
‘യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് സൗത്ത് ഇന്ത്യ’, ‘കട്ടിംഗ് സൗത്ത്’ തുടങ്ങിയ വിഘടനവാദ രൂപങ്ങള്‍ തലയുയര്‍ത്തുന്ന ഈ സമയത്ത് ഭാരത ദേശീയതയുടെ ആഴങ്ങള്‍ വിശകലനം ചെയ്യുന്ന ഇത്തരം ചര്‍ച്ചകള്‍ക്ക് പ്രസക്തിയേറുകയാണ്.
ഭാരതത്തില്‍ ഏറ്റവും ആഴത്തിലും വ്യാപ്തിയിലും സൈദ്ധാന്തിക അടിത്തറയോടു കൂടി വേരുറപ്പിച്ചിട്ടുള്ള പ്രാദേശിക വിഘടന പ്രവണത ദ്രാവിഡ വാദമാണ്. പത്തൊമ്പതാം നൂറ്റാണ്ടില്‍ യൂറോപ്യന്‍ ചിന്തകര്‍ ബീജാവാപം ചെയ്ത ആര്യ ദ്രാവിഡ വംശീയ സങ്കല്‍പ്പങ്ങള്‍ നിരവധി സംഘര്‍ഷങ്ങള്‍ക്ക് വഴിമരുന്നിട്ടിട്ടുണ്ട്. ജര്‍മ്മന്‍ നാസിസത്തിന്റെ അടിത്തറ തന്നെ ആര്യന് വംശീയ മേന്മയെക്കുറിച്ചുള്ള മിഥ്യാഭിമാനത്തിനു മേല്‍ പടുത്തുയര്‍ത്തിയ രാഷ്ട്രീയമാണല്ലോ. മാനവരാശിയ്ക്ക് അതുണ്ടാക്കിയ നാശം അചിന്ത്യമായിരുന്നു.
തുടക്കത്തില്‍ ഒരു പ്രത്യേക ഗോത്രത്തില്‍ ഉള്‍പ്പെടുന്ന ഭാഷകള്‍ സംസാരിച്ചിരുന്ന ജനസമൂഹങ്ങള്‍ എന്നതായിരുന്നു ആര്യ സങ്കല്പ്പമെങ്കില്, പിന്നീട് ശാരീരിക പ്രത്യേകതകള്‍, പ്രത്യേക ജനിതക ഘടന, പ്രത്യേക മത അനുഷ്ഠാന രീതികള്‍, പ്രത്യേക പ്രദേശത്തു നിന്നുള്ള ഉത്ഭവം തുടങ്ങി നിരവധി അനുബന്ധ ഘടകങ്ങള്‍ ഈ വംശീയ വാദത്തോട് ചേര്‍ത്ത് പറയാന്‍ തുടങ്ങി. അവയെ പിന്തുണച്ചു കൊണ്ട് നാളിതുവരെ മുന്നോട്ട് വയ്ക്കപ്പെട്ട വാദങ്ങള്ക്കെല്ലാം ശക്തമായ എതിര്‍വാദങ്ങളും, നിരത്തിയ തെളിവുകള്‍ക്കെല്ലാം കടുത്ത വെല്ലുവിളികളും ഉണ്ടായിട്ടുമുണ്ട്. എങ്കിലും നിരന്തരമായ ആവര്‍ത്തനത്തിലൂടെ ഒരു വലിയ സമൂഹത്തിന്റെ മനസ്സില്‍ ഈ വംശീയ വിഘടനവാദം വളര്‍ത്തിയെടുക്കുന്നതില്‍ സ്ഥാപിത താല്‍പ്പര്യക്കാരായ പണ്ഡിതന്മാര് വിജയിച്ചിട്ടുണ്ട്.
തുടക്കത്തില്‍ ആര്യന് എന്നത് മറ്റു സമകാലീന സമൂഹത്തേക്കാള്‍ മുന്നേറിയ സംസ്കാരത്തിന്റെ പേരായിരുന്നു. പില്ക്കാലത്ത് കൂടുതല്‍ പരിഷ്കൃതവും പ്രാചീനവുമായ നാഗരികതയുടെ അവശിഷ്ടങ്ങള്‍ സിന്ധു നദീതടത്തില്‍ കണ്ടെത്തുകയുണ്ടായി. അതോടെ അവരെ ആര്യന്മാരില് നിന്ന് വ്യത്യസ്ഥരെന്ന നിലയില്‍ ദ്രാവിഡ വംശമായി പ്രഖ്യാപിച്ചു. സ്വഭാവികമായും ആര്യന്മാര് പുറമേ നിന്നു വന്ന വെറും നാടോടികളും, അധിനിവേശകരുമായി ചിത്രീകരിയ്ക്കപ്പെട്ടു.
ആര്യന് അധിനിവേശം തെളിയിക്കാന്‍ കഴിയാതെ വന്നതോടെ, പിന്നീടവരെ കുടിയേറ്റക്കാരാക്കി മാറ്റി സിദ്ധാന്തത്തെ ഒന്നു മയപ്പെടുത്തി. ഭാരതത്തിന്റെ തനതു ജനതയുടെയും സംസ്കൃതിയുടെയും ശേഷിപ്പുകള്‍ ബാക്കിനില്‍ക്കുന്നത് ദക്ഷിണേന്ത്യയിലാണ് എന്ന സിദ്ധാന്തത്തില്‍ ഊന്നിയാണ് ദ്രാവിഡവാദം തഴച്ചു വളരുന്നത്.
എന്നാല്‍ നമ്മുടെ ഏറ്റവും പ്രാചീനമായ സാഹിത്യത്തിലും കൃതികളിലും ഒന്നും തന്നെ അത്തരം വിഭജനത്തിന്റെ യാതൊരു തെളിവുകളും ഇല്ല. മാത്രവുമല്ല, എത്രയൊക്കെ തട്ടുകളിലാക്കാന്‍ ശ്രമിച്ചിട്ടും ഇന്ത്യയുടെ മറ്റെല്ലാ പ്രദേശങ്ങളിലേയും ജനങ്ങളെ പോലെ ദാക്ഷിണാത്യരും ചരിത്രാതീത കാലം മുതല്‍ ഈ രാഷ്ട്രത്തെ ഒരൊറ്റ സാംസ്കാരിക സത്തയായിട്ടാണ് കണ്ടിരുന്നത് എന്നതിന് നിരവധി തെളിവുകള്‍ ഉണ്ട് താനും.
അതിവിപുലമായ തമിഴ് സാഹിത്യ ലോകത്തു നിന്ന് അത്തരം ചില മുത്തുകള്‍ കണ്ടെത്തി ഭാരതീയ സമൂഹത്തിന്റെ മുന്നില്‍ സമര്‍പ്പിയ്ക്കുകയാണ് ജടായു ബംഗളൂരു എന്ന പേരില്‍ അറിയപ്പെടുന്ന ശങ്കര നാരായണന്. ഇലക്ട്രോണിക്സ് വിദഗ്ദനായ ശങ്കര നാരായണന് ഭാരതീയ സാംസ്ക്കാരിക സാഹിത്യ സാമൂഹ്യ വിഷയങ്ങളില്‍ പഠനം നടത്തുകയും, പ്രഭാഷണങ്ങള്‍, ലേഖനങ്ങള്‍, പുസ്തകങ്ങള്‍ എന്നിവയിലൂടെ തന്റെ കണ്ടെത്തലുകള്‍ സമൂഹത്തോട് പങ്ക് വയ്ക്കുകയും ചെയ്യുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: