കൊല്ലം: ഒന്‍പത് വര്‍ഷത്തിനുള്ളില്‍ എതിരാളികളെയും അമ്പരപ്പിക്കുന്ന വളര്‍ച്ചയാണ് രാജ്യത്ത് ഉണ്ടായതെന്നും അടിസ്ഥാനസൗകര്യ വികസനം അതിവേഗം നടപ്പാക്കാന്‍ മോദി സര്‍ക്കാരിനായെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്. നരേന്ദ്ര മോദി സര്‍ക്കാരിന്റെ ഒന്‍പതാം വാര്‍ഷികാഘോഷ പരിപാടികളുടെ ഉദ്ഘാടനം കൊല്ലത്ത് നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ അറുപത്തിയഞ്ച് വര്‍ഷത്തിനിടയ്ക്ക് കോണ്‍ഗ്രസ് ഭരിച്ചിരുന്നപ്പോള്‍ സാധിക്കാത്ത പല പദ്ധതികള്‍ക്കും രൂപം നല്കാന് മോദി ഭരണത്തിനായി. പാവപ്പെട്ടവന്റെ ആവശ്യങ്ങള്‍ അറിഞ്ഞുകൊണ്ടുള്ള വികസന പദ്ധതികള്‍ക്കാണ് ഊന്നല്‍ നല്‍കിയത്. വിമര്‍ശിച്ചവരെല്ലാം വിവിധ മേഖലകളില്‍ മോദി സര്‍ക്കാരിന്റെ പദ്ധതികളുടെ ഗുണഭോക്താക്കളാണെന്നും വികസനത്തിന്റെ ഏറ്റവും മികച്ച മാതൃക സൃഷ്ടിക്കാന്‍ നരേന്ദ്ര മോദിക്ക് സാധിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പുതിയ പാര്‍ലമെന്റ് മന്ദിരത്തിലെ പ്രതിപക്ഷ കക്ഷികളുടെ ബഹിഷ്ക്കരണം രാഹുല്‍ ഗാന്ധിക്ക് ആ സഭയില്‍ കയറാനാകാത്തതിന്റെ വിഷമം കാരണമാണെന്നും ശശിതരൂരിനെ പോലുള്ളവരുടെ വാക്കുകള്‍ പോലും മോദിക്ക് അനുകൂലമായത് ഭരണനേട്ടത്തിന്റെ അടയാളമാണെന്നും സുരേന്ദ്രന് പറഞ്ഞു.
ഒന്‍പതാം വാര്‍ഷികം പ്രമാണിച്ച് അംഗപരിമിതരായ ഒന്‍പത് പേര്‍ക്ക് വീല്‍ചെയറുകള്‍ നല്‍ക്കുന്നതിന്റെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു. ജില്ലാ പ്രസിഡന്റ് ബി.ബി. ഗോപകുമാര്‍ അധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റ് വി.ടി. രമ, ജില്ലാ ജനറല്‍ സെക്രട്ടറി എസ്. പ്രശാന്ത്, സംസ്ഥാന കമ്മിറ്റി അംഗം ജി. ഗോപിനാഥ്, ജില്ലാ വൈസ് പ്രസിഡന്റുമാരായ ബി. ശ്രീകുമാര്‍, സുരേന്ദ്രനാഥ്, രാജേശ്വരി രാജേന്ദ്രന്, ജില്ലാ സെക്രട്ടറിമാരായ കെ.ആര്. രാധാകൃഷ്ണന്, എസ്. സുനില്‍കുമാര്‍, വി. എസ്. ശാലു, ദീപാ സഹദേവന്, കൃപവിനോദ്, ജില്ലാ ട്രെഷര്‍ അനില്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: