സി രാധാകൃഷ്ണന്
മഹാപണ്ഡിതനായ ശ്രീ സി. രാജഗോപാലാചാരി ആദിശൈവരെയാണ് ബ്രിട്ടീഷുകാരില്‍നിന്ന് അധികാര ചെങ്കോല്‍ ഏറ്റുവാങ്ങി നെഹ്റുവിനെ ഏല്‍പ്പിക്കാന്‍ തെരഞ്ഞെടുത്തത് എന്നത് എനിക്കൊരു പുതിയ അറിവാണ്.
ആദിശൈവരെ കുറിച്ച് കുറെ പഠനം ഞാന്‍ നടത്തിയിരുന്നു. അവര്‍ തഞ്ചാവൂരില്‍ നടത്തിപ്പോന്ന ആദീനങ്ങള്‍ എന്ന സര്‍വ്വകലാശാലകളെ കുറിച്ചും അവിടത്തെ രീതികളെ കുറിച്ചും അറിയാനായിരുന്നു ഇത്. ഇന്ത്യയില്‍ എങ്ങും അബ്രാഹ്മണരെ ബ്രാഹ്മണ പണ്ഡിതന്മാര് വേദവേദാന്താദികള്‍ പഠിപ്പിക്കാതിരുന്ന കാലത്ത് പിന്നീട് ഭാഷാപിതാവായി തീര്‍ന്ന രാമാനുജന് എഴുത്തച്ഛന് ഉപരിപഠനത്തിന് പോയത് തഞ്ചാവൂരില്‍ ആയിരുന്നു എന്നും അദ്ദേഹത്തിന്റെ ഗുരുനാഥന്മാര് ആദിശൈവരായിരുന്നു എന്നും അറിഞ്ഞപ്പോള്‍ ആയിരുന്നു എന്റെ ഈ പഠനം.
ഏറെ തവണ ഞാന്‍ തഞ്ചാവൂരിലേക്ക് തീര്‍ത്ഥയാത്ര നടത്തി. തമിഴ് സര്‍വകലാശാലയിലും സരസ്വതി മഹാള് ലൈബ്രറിയിലുമായിരുന്നു കാര്യമായി പരതിയത്.
ബൃഹദീശ്വര ക്ഷേത്രത്തിന്റെ പരിസരങ്ങളിലും ആ ക്ഷേത്രത്തിലെ ശാന്തിക്കാരുടെ ഭവനങ്ങളിലും പോയി. പതിനായിരം കൊല്ലത്തെ പൂര്‍വിക പാരമ്പര്യമാണ് അവര്‍ അവകാശപ്പെട്ടത്. അതെ, ‘സദാശിവനില്‍ സമാരംഭിക്കുന്ന’ എന്ന് തുടങ്ങുന്ന ഗുരുപരമ്പരാ വന്ദനത്തിന്റെ ആദ്യ വരിയിലെ ശദാശിവാചാര്യര് എന്ന മഹാമുനിയില്‍ തുടങ്ങുന്നതുതന്നെ.
തഞ്ചാവൂരിലെ ആദീനങ്ങളില് ഏറ്റവും പ്രധാനപ്പെട്ടതില്‍ ഒന്നായിരുന്നു തിരുവാവാടുതുറൈ ആദീനം (തിരുവാടുതുറയ് അല്ല).
ജാതി നോക്കാതെ വേദശാസ്ത്രാദികള്‍ പഠിപ്പിച്ചു എന്ന കുറ്റത്തിന് വധശിക്ഷയ്ക്ക് വിധിക്കപ്പെടുകയും ആഴ്വാഞ്ചേരി തമ്പുരാക്കളുടെ സഹായം കൊണ്ട് ആ വധശിക്ഷ നാടുകടത്തിലായി പരിമിതപ്പെടുത്തപ്പെടുകയും ചെയ്തപ്പോള്‍ ആചാര്യന് വീണ്ടും പോയത് താന്‍ പഠിച്ച ഇതേ ഗുരുകുലത്തിലേക്കാണ്. അവിടെ പതിന്നാലു കൊല്ലം പഠിപ്പിച്ചു. എന്നിട്ടാണ് സാമൂതിരിനാടിന്റെ അതിര്‍ത്തി വരെ വന്നതും ശോകനാശിനിയുടെ മറു കരയില്‍ ആശ്രമം പണിതതും ഗുരുകുലം സ്ഥാപിച്ചതും. (വിശദമായ ചരിത്രം ‘തീക്കടല്‍ കടഞ്ഞ് തിരുമധുരം’ എന്ന എന്റെ കൃതിയില്‍ വായിക്കാം.)
ആദിശൈവ ഗുരുനാഥന്മാര് മുഖേന ചെങ്കോല്‍ കൈമാറ്റം നടന്ന വാര്‍ത്ത വായിച്ചപ്പോള്‍ കേരളത്തില്‍നിന്ന് മറ്റാരും അന്വേഷിച്ചു പോകാത്ത വഴികളിലൂടെ ഞാന്‍ നടത്തിയ പഠന യാത്രകളും കണ്ടെത്തിയ കാര്യങ്ങളും ഓര്‍ത്തു. നമ്മുടെ ദാര്‍ശനിക പാരമ്പര്യത്തിന്റെ നിലനില്‍പ്പിനും പ്രചാരത്തിനും തമിഴകത്തിന്റെ സംഭാവന എത്രമാത്രമാണ് എന്ന് സധൈര്യം ചൂണ്ടിക്കാണിക്കപ്പെട്ടത് വളരെ നന്നായി. നമ്മുടെ ചരിത്ര വഴിയിലെ നോട്ടപ്പിശുകുകള്ക്ക് പരിഹാരമുണ്ടാകേണ്ട കാലം വൈകി. ഭാരതീയത എന്ന വാക്കിന്റെ നാനാര്‍ത്ഥങ്ങള്‍ ഇനിയും ചികയപ്പെടേണ്ടതുണ്ട്. മതത്തിന്റെ അതിരുകള്‍ക്കപ്പുറത്തേക്ക് വ്യാപിക്കുന്ന ഒന്നാണല്ലോ അത്. അതുതന്നെയാണ് ആധുനിക ലോകത്ത് അതിന്റെ പ്രസക്തിയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: