ഹെങ്കേലോ(നെതര്‍ലന്‍ഡ്സ്): ഫാന്നി ബ്ലാങ്കേഴ്സ്-കോയെന്‍(എഫ്ബികെ) ഗെയിംസില്‍ നിന്നും ഇന്ത്യയുടെ ഒളിംപിക് മെഡല്‍ ജേതാവ് നീരജ് ചോപ്ര പിന്മാറി. പരിശീലനത്തിനിടെ പരിക്കേറ്റതിനെ തുടര്‍ന്നാണ് ജാവലിന്‍ ത്രോ താരത്തിന്റെ പിന്മാറ്റം.
ജൂണ്‍ നാലിനാണ് നെതര്‍ലന്‍ഡ്സിലെ ഹെങ്കേലോ നഗരത്തില്‍ എഫ് ബി കെ ഗെയിംസ് ആരംഭിക്കുക. 2021ല്‍ ടോക്കിയോ ഒളിംപിക്സില്‍ ഇന്ത്യയ്ക്ക് വേണ്ടി ചരിത്രത്തില്‍ ആദ്യമായി ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് ഇനത്തില്‍ സ്വര്‍ണം നേടിയ താരമാണ് നീരജ് ചോപ്ര. എഫ്ബികെ ഗെയിംസിനില്ലെന്ന വിവരം താരം തന്റെ ട്വിറ്റര്‍ പോസ്റ്റിലൂടെയാണ് അറിയിച്ചത്.
അടുത്തിടെ മറ്റൊരു ചരിത്രനേട്ടം കൂടി താരം കൈവരിച്ചു. ദിവസങ്ങള്‍ക്ക് മുമ്പ് വേള്‍ഡ് അത്ലറ്റിക്സ് ഫെഡറേഷന് പ്രസിദ്ധപ്പെടുത്തിയ റാങ്ക് പട്ടികയില്‍ ജാവലിന്‍ ത്രോയില്‍ നീരജ് ഒന്നാം സ്ഥാനത്തെത്തി. ഈ നേട്ടം കൈവരിക്കുന്ന ചരിത്രത്തിലെ ആദ്യ ഇന്ത്യക്കാരന് കൂടിയാണ് നീരജ്. ഈ മാസം ആദ്യം ദോഹയില്‍ നടന്ന ഡയമണ്ട് ലീഗില്‍ താരം വിജയം നേടിയിരുന്നു. 88.67 മീറ്റര്‍ ദൂരം കുറിച്ചുകൊണ്ടാണ് താരം ലീഗില്‍ ഒന്നാമതെത്തിയത്. സീസണില്‍ താരത്തിന്റെ ആദ്യ നേട്ടം കൂടിയായിരുന്നു അത്. പിന്നാലെയാണ് റാങ്കിങ്ങില്‍ ചരിത്രനേട്ടം കൈവരിച്ചത്.
എഫ്ബികെ ഗെയിംസില്‍ നിന്നും പിന്മാറിയ സ്ഥിതിക്ക് നീരജിന്റെ അടുത്ത മത്സരം പാവോ നുര്‍മി ഗെയിംസിലായിരിക്കും. ഫിന്‍ലന്‍ഡിലെ ടുര്‍ക്കു നഗരത്തില്‍ ജൂണ്‍ 13നാണ് പാവോ നുര്‍മി ഗെയിംസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: