കൊച്ചി : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി വകമാറ്റിയെന്ന കേസിൽ, വിഷയം ഫുൾ ബെഞ്ചിന് വിട്ട ലോകായുക്ത ഉത്തരവിൽ ഇടപെടാൻ വിസമ്മതിച്ച് ഹൈക്കോടതി. ചീഫ് ജസ്റ്റിസ് എസ് വി ഭാട്ടി അധ്യക്ഷനായ ബെഞ്ചാണ് ലോകായുക്ത ഉത്തരവിൽ ഇടപെടാൻ വിസമ്മതിച്ചത്. ലോകായുക്ത തീരുമാനത്തിനെതിരെ പരാതിക്കാരനായ ആര്.എസ്.ശശികുമാര്‍ സമർപ്പിച്ച ഹർജി കോടതി ജൂൺ ഏഴിലേക്കു മാറ്റി.
വിഷയം ലോകായുക്ത ഫുൾ ബെഞ്ച് പരിഗണിക്കാനിരിക്കെയാണ് ലോകായുക്ത രണ്ടംഗ ബെഞ്ചിന്റെ ഉത്തരവിൽ ഇടപെടാൻ കഴിയില്ലെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയിരിക്കുന്നത്. ജൂൺ ആറിനാണ് ലോകായുക്തയുടെ വിശാല ബെഞ്ച് കേസ് പരിഗണിക്കുന്നത്. കേസ് നിലനിൽക്കുമോ എന്ന കാര്യത്തിൽ തന്നെ രണ്ടഭിപ്രായമുണ്ടെന്ന് അടക്കം വ്യക്തമാക്കിയാണ് ലോകായുക്ത രണ്ടംഗ ബെഞ്ച് കേസ് മൂന്നംഗ ബെഞ്ചിന് വിട്ടത്. ഇതിനെതിരെയാണ് ആർ ശശികുമാർ ഹൈക്കോടതിയെ സമീപിച്ചത്.
മുഖ്യമന്ത്രിയും ഒന്നാം പിണറായി സര്‍ക്കാറിലെ മന്ത്രിമാരും ചേര്‍ന്ന് ഫണ്ട് വകമാറ്റിയെന്നാണ് കേസ്. അന്തരിച്ച ചെങ്ങന്നൂര്‍ മുന്‍ എം.എല്‍.എ കെ.കെ. രാമചന്ദ്രന്റെയും, അന്തരിച്ച എന്‍.സി.പി നേതാവ് ഉഴവൂര്‍ വിജയന്റെയും കുടുംബത്തിനും, കോടിയേരി ബാലകൃഷ്ണന്റെ അകമ്പടി വാഹനം അപകടത്തില്‍പെട്ട് മരിച്ച പോലീസുകാരന്റെ കുടുംബത്തിനും ദുരിതാശ്വാസ നിധിയില്‍നിന്ന് പണവും മറ്റ് ആനുകൂല്യങ്ങളും നല്‍കിയെന്നാരോപിച്ചായിരുന്നു ഹര്‍ജി. വിചാരണവേളയില്‍ ലോകായുക്തയുടെ ഭാഗത്തുനിന്ന് സര്‍ക്കാര്‍ അനുകൂല പരാമര്‍ശങ്ങളുണ്ടായിരുന്നു. ഭിന്നാഭിപ്രായം വന്നതോടെ വിധി ഫുള്‍ ബെഞ്ചിന് വിടുകയായിരുന്നു.
കേസ് ഫുള്‍ ബെഞ്ചിന് വിട്ട ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫും ഉപലോകായുക്ത ജസ്റ്റിസ് ഹാറൂന്‍ ഉല് റഷീദും എതിര്‍കക്ഷിയായ മുഖ്യമന്ത്രി പിണറായി വിജയന് ഒരുക്കിയ ഇഫ്താര്‍ വിരുന്നില്‍ പങ്കെടുത്തത് വിവാദമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: