കോഴിക്കോട് : കൊല്ലപ്പെട്ട ഹോട്ടല്‍ ഉടമയായ സിദ്ദിഖിന്റെ മൃതദേഹം മുറിക്കാന്‍ പ്രതികള്‍ ഉപയോഗിച്ച ഇലക്ട്രിക് കട്ടര്‍ പോലീസ് കണ്ടെടുത്തു. പെരിന്തല്‍മണ്ണയിലെ ചിരട്ടാമലയില്‍ പ്രതികളുമായി നടത്തിയ തെളിവെടുപ്പിനിടെയാണ് കട്ടര്‍ കണ്ടെത്തിയത്. സിദ്ദിഖിന്റെതെന്ന് കരുതുന്ന രണ്ട് എടിഎം കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ഹോട്ടലിലെ തലയണ കവര്‍, ചെരിപ്പ്, വസ്ത്രഭാഗങ്ങള്‍ എന്നിവയും കണ്ടെടുത്തിട്ടുണ്ട്.
കൊലപാതകത്തിന് ഉപയോഗിച്ച ഇലക്ട്രിക് കട്ടറും മറ്റും ഉപേക്ഷിച്ചത് ചിരട്ടാമലയിലാണെന്ന് പ്രതികള്‍ മൊഴി നല്‍കിയത് പ്രകാരം നടത്തിയ തെരച്ചിലിലാണ് ഇവ കണ്ടെടുത്തത്. മൃതദേഹം രണ്ട് ട്രോളി ബാഗുകളിലാക്കി അട്ടപ്പാടയിലെത്തി ഉപേക്ഷിച്ച് തിരിച്ചുവരുന്നതിനിടെ തെളിവുനശിപ്പിക്കാന്‍ കട്ടറും വസ്ത്രവുമെല്ലാം ചിരട്ടാമലയില്‍ ഉപേക്ഷിക്കാമെന്ന് മുഖ്യപ്രതികളിലൊരാളായ ഷിബിലിയാണ് നിര്‍ദേശിച്ചത്. ഇത് പ്രകാരമാണ് കട്ടര്‍ ഇവിടെ ഉപേക്ഷിച്ചത്. മയക്കുമരുന്ന് ഉപയോഗിക്കുന്നതിനായി ഇതിന് മുമ്പും ഷിബിലി ഈ പ്രദേശത്തേക്ക് എത്തിയതാണ്. ഒഴിഞ്ഞ പ്രദേശമാണിതെന്ന് അറിയുന്നതുകൊണ്ടാണ് ഈ സ്ഥലം നിര്‍ദ്ദേശിച്ചത്.
അതേസമയം കൃത്യമായ ആസൂത്രണത്തോടെയായിരുന്നു പ്രതികളുടെ നീക്കം. സിദ്ദിഖിനെ കൊലപ്പെടുത്തിയതിന് ശേഷം കഷണങ്ങളാക്കിയ മൃതദേഹം അട്ടപ്പാടി ചുരത്തില്‍ ഉപേക്ഷിക്കാനുള്ള പദ്ധതി ചിക്കു എന്ന ആഷിഖിന്റേതായിരുന്നുവെന്ന് മലപ്പുറം എസ്പി സുജിത്ത് ദാസ് പറഞ്ഞു. ഹണി ട്രാപ്പ് പദ്ധതി പരാജയപ്പെട്ടതാണ് കൊലയിലേക്ക് നയിച്ചത്. കത്തിയും ചുറ്റികയുമടക്കമുള്ള ആയുധങ്ങള്‍ കൈയ്യില്‍ കരുതിയാണ് ഫര്‍ഹാനയും സംഘവും ഹോട്ടല്‍ മുറിയിലെത്തിയത്. ഹണി ട്രാപ്പിനായി സിദ്ദിഖിനെ നഗ്നാക്കി ഫര്‍ഹാനയ്ക്കൊപ്പം നിര്‍ത്തി ചിത്രമെടുക്കാനായിരുന്നു പദ്ധതി. എന്നാല്‍ ഇത് ചെറുത്താല്‍ മര്‍ദ്ദിക്കാനാണ് ആയുധങ്ങള്‍ കൈയ്യില്‍ കരുതിയത്. മൂവരും ചേര്‍ന്ന് സിദ്ദിഖിനെ മര്‍ദ്ദിച്ചു. ഫര്‍ഹാനയുടെ കൈയ്യിലെ ചുറ്റിക ഉപയോഗിച്ച് ഷിബിലി സിദ്ധിഖിന്റെ തലയ്ക്ക് ആഞ്ഞടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ആഷിഖ് ഈ സമയത്ത് സിദ്ധിഖിന്റെ നെഞ്ചില്‍ ആഞ്ഞ് ചവിട്ടി. വാരിയെല്ലുകള്‍ തകര്‍ന്നു. ശ്വാസകോശം മുറിവേല്‍ക്കുകയും ചെയ്തു.
സിദ്ദിഖ് മരിച്ചെന്ന് ഉറപ്പായതോടെ പ്രതികള്‍ കോഴിക്കോട് നിന്ന് ഒരു ട്രോളി ബാഗ് വാങ്ങി വന്നു. എന്നാല്‍ മൃതദേഹം ഒരു ബാഗില്‍ ഒന്നുങ്ങുന്നില്ലെന്ന് കണ്ടതോടെ ഇലക്ട്രിക് കട്ടറും മറ്റൊരു ട്രോളി ബാഗും കൂടി വാങ്ങുകയായിരുന്നു. ഹോട്ടല്‍ മുറിയിലെ ശുചിമുറിയില്‍ വച്ച് സിദ്ദിഖിന്റെ മൃതദേഹം കട്ടര്‍ ഉപയോഗിച്ച് മുറിച്ച് രണ്ട് പെട്ടിയിലാക്കി അട്ടപ്പാടിയിലെത്തി പെട്ടികള്‍ ഉപേക്ഷിക്കുകയായിരുന്നു. മെയ് 19നാണ് മൃതദേഹം ഉപേക്ഷിച്ചത്.
അട്ടപ്പാടിയില്‍ മൃതദേഹം ഉപേക്ഷിക്കാനുമുള്ള പദ്ധതി ആഷിഖിന്റേതായിരുന്നു. ഫര്‍ഹാനയുടെ ആവശ്യപ്രകാരമാണ് ഷിബിലിക്ക് സിദ്ദിഖ് ഹോട്ടലില്‍ ജോലി നല്‍കിയത്. വിശ്വസ്തനായി നിന്ന് ഷിബിലി, സിദ്ദിഖിന്റെ എടിഎമ്മിന്റെ പാസ്വേര്ഡ് പോലും മനസ്സിലാക്കിയിരുന്നു. സിദ്ദിഖിനെ കാണാതായ മെയ് 18ന് തന്നെ അദ്ദേഹത്തിന്റെ അക്കൗണ്ടില്‍ നിന്ന് എടിഎം ഉപയോഗിച്ച് പണം പിന്‍വലിക്കുകയും ഗൂഗിള്‍ പേ വഴി പണം ട്രാന്‍സ്ഫര്‍ ചെയ്തതിന്റെ മെസേജുകള്‍ സിദ്ദിഖിന്റെ മകന്റെ മൊബൈലിലേക്ക് വരാന്‍ തുടങ്ങിയതോടെ സംശയം തോന്നിയ കുടുംബം പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതോടെയാണ് കൊലപാതകത്തിന്റെ ചുരുള്‍ അഴിയുന്നത്. സിദ്ദിഖിന്റെ പേരില്‍ എരഞ്ഞിപ്പാലത്തെ ഹോട്ടലില്‍ മുറിയെടുത്തെന്ന വിവരം ലഭിച്ച പോലീസിന് ലഭിച്ചതോടെ കുടുങ്ങുമെന്ന് മനസ്സിലായ ഷിബിലിയും ഫര്‍ഹാനയും ട്രെയിന്‍ മാര്‍ഗം ചെന്നൈയിലേക്ക് കടന്നു. അവിടെ നിന്ന് അസ്സമിലേക്ക് കടക്കാനായിരുന്നു പദ്ധതി. എന്നാല്‍ അതിന് മുമ്പ് എഗ്മോര്‍ റെയില്‍വെ പോലീസിന്റെ പിടിയിലാവുകയായിരുന്നു. പ്രതികളെ പിന്നീട് കേരള പോലീസിന് കൈമാറി.
തെളിവെടുപ്പ് പൂര്‍ത്തിയാക്കിയശേഷം പ്രതികളെ ഇന്നുതന്നെ അന്വേഷണ സംഘം തിരൂര്‍ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കും. തുടര്‍ന്ന് കസ്റ്റഡിയില്‍ കിട്ടിയശേഷമായിരിക്കും ഇനി കോഴിക്കോട്ടും അട്ടപ്പാടയിലെ അഗളിയിലും എത്തിച്ച് തെളിവെടുപ്പ് നടത്തുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: