അബുദാബി : കടൽ ഒരു അത്ഭുതമാണ്. കടലിലെ കാണാക്കാഴ്ചകൾ അതിലേറെ വിസ്മയിപ്പിക്കുന്നതും. കടലാഴങ്ങളിലെ ജീവിതം നേരിട്ട് കാണാനാകുക എന്നത് ഏവർക്കും പ്രിയമുള്ളതാണ്. ഇത്തരത്തിൽ കടലിലെ കാണാക്കാഴ്ചകൾ ഒപ്പിയെടുക്കാനായി യുഎഇയുടെ തലസ്ഥാനമായ അബുദാബിയിൽ ലോകത്തെ തന്നെ ഏറ്റവും വലിയ മറൈൻ ലൈഫ് തീം പാർക്കാണ് ഒരുങ്ങിയിരിക്കുന്നത്. “സീ വേൾഡ് അബുദാബി” എന്ന് പേരിട്ടിരിക്കുന്ന ഈ മറൈൻ പാർക്ക് ഈ മാസം 23 നാണ് ജനങ്ങൾക്കായി തുറന്ന് കൊടുത്തത്.
കടൽ പോലെ “സീ വേൾഡ് അബുദാബി”
ലോകത്തെ ഏറ്റവും വലിയതും ഏറ്റവും കൂടുതൽ വ്യത്യസ്ത ഇനങ്ങളിൽപ്പെട്ട കടൽ ജീവികളെ ഉൾപ്പെടുത്തിക്കൊണ്ടും നിർമ്മിച്ചിരിക്കുന്ന മറൈൻ ലൈഫ് അക്വോറിയം പാർക്കാണ് ഇത്. അറുപത്തി എണ്ണായിരം കടൽ ജീവികളെയാണ് ഈ പാർക്കിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. 150 ൽ അധികം വിവിധയിനം വർഗങ്ങളിൽപ്പെട്ട കടൽ ജീവികളെ ഇവിടെ കാണാനാകും. വിവിധയിനം സ്രാവുകൾ, മത്സ്യങ്ങൾ, കടലാമകൾ, ഡോൾഫിനുകൾ , കടൽ പാമ്പുകൾ, ഉരഗങ്ങൾ, കടലിലും കരയിലും ജീവിക്കുന്നവ ഇതിനു പുറമെ കടലിനെ ആശ്രയിച്ചു കഴിയുന്ന പക്ഷികൾ തുടങ്ങി നിരവധി ജീവികളെ ഈ പാർക്കിൽ കാണാനാകും.
സമനിരപ്പായ അഞ്ച് ഇൻഡോർ അക്വേറിയം മാതൃകയിലാണ് പാർക്ക് ഒരുക്കിയിരിക്കുന്നത്. ലോകത്തിലെ വിവിധ കടലുകളെ കേന്ദ്രീകരിച്ച് പാർക്കിനെ എട്ട് ഭാഗങ്ങളായി തരം തിരിച്ചിട്ടുണ്ട്. അബുദാബി കടൽ കേന്ദ്രീകരിച്ച ഭാഗത്ത് ശരിയായ അറേബ്യൻ ഗൾഫ് കടൽ കാഴ്ചകളെ കാണാനാകും. ഇതിനു പുറമെ ആർട്ടിക് , അന്റാർട്ടിക , ഉഷ്‌ണമേഖലയിലുള്ള കടൽ സാഹചര്യം തുടങ്ങിയവയെല്ലാം ഇവിടെ ഒരുക്കിയിട്ടുണ്ട്. ഇതിനു പുറമെ ഇവിടെയുള്ള ഡോൾഫിനുകളുടെയും നീർ നായകളുടെയും മനോഹരമായ അഭ്യാസ പ്രകടനങ്ങൾ ഏവരിലും കൗതുകമുണർത്തുമെന്നതിൽ സംശയമില്ല. ഇവകൾക്ക് ഭക്ഷണം നൽകാനും കാഴ്ചക്കാർക്ക് അവസരമുണ്ട്.
മുതിർന്നവർക്ക് 375 ദിർഹവും കുട്ടികൾക്ക് 290 ദിർഹവുമാണ് പ്രവേശന ടിക്കറ്റ് നിരക്ക്. അബുദാബിയിലെ ഏറെ പ്രശസ്തമായ യാസ് ഐലൻഡിലാണ് ഈ മറൈൻ പാർക്ക് സ്ഥിതി ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: