സ്വന്തം വീടുകളിലെ മാലിന്യം ജീവനക്കാര്‍ സെക്രട്ടേറിയറ്റില്‍ കൊണ്ടുവന്നു തള്ളുന്നതായും, ഇതിനെതിരെ സര്‍ക്കുലര്‍ പുറപ്പെടുവിച്ചതായുമുള്ള വാര്‍ത്ത ഇത് കേരളമാണെന്ന് അഭിമാനം കൊള്ളുന്നതിന്റെ പൊള്ളത്തരം തുറന്നുകാണിക്കുന്നു. സെക്രട്ടേറിയറ്റിലുണ്ടാവുന്ന മാലിന്യം നിക്ഷേപിക്കുന്നതിനായി ഓരോ വകുപ്പുകളിലും സ്ഥാപിച്ചിട്ടുള്ള ബക്കറ്റുകളിലാണ് വീടുകളില്‍നിന്നുള്ള ഭക്ഷണാവശിഷ്ടങ്ങളും സാനിറ്ററി പാഡുകളും മറ്റും നിക്ഷേപിക്കുന്നതായി കണ്ടെത്തിയത്. ഇതുണ്ടാക്കുന്ന ദുര്‍ഗന്ധത്തെക്കുറിച്ച് ചിലര്‍ പരാതിപ്പെട്ടപ്പോഴാണ് സര്‍ക്കുലര്‍ ഇറക്കി ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് പറഞ്ഞിരിക്കുന്നത്. എന്നാല്‍ ഇതുകൊണ്ട് കാര്യമായ പ്രയോജനമുണ്ടാവുമെന്ന് പറയാനാവില്ല. കാരണം ഓരോ മൂന്നുമാസം കൂടുമ്പോഴും ശു ചിത്വം സംബന്ധിച്ച നിര്‍ദ്ദേശം നല്‍കാറുണ്ടെങ്കിലും വീടുകളിലെ മാലിന്യം ഓഫീസുകളില്‍ കൊണ്ടുവന്ന് നിക്ഷേപിക്കുന്ന പ്രവണത വര്‍ധിക്കുകയാണത്രേ. ഇങ്ങനെ പരാതിപ്പെടുന്നതുതന്നെ എത്ര നാണക്കേടാണ്. രാജ്യത്തെ മറ്റേതെങ്കിലും സംസ്ഥാനത്ത് ഇതുപോലെ പെരുമാറുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ ഉണ്ടെന്നു തോന്നുന്നില്ല. സാക്ഷരകേരളത്തിലെ പ്രബുദ്ധ മലയാളികളില്‍പ്പെട്ടവരാണ് ഇത് ചെയ്യുന്നതെന്ന് മറന്നുകൂടാ. സംസ്ഥാന ഭരണസിരാകേന്ദ്രത്തിന്റെ മൂക്കിനു താഴെയല്ല, സിരാകേന്ദ്രത്തില്‍തന്നെയാണ് നാളുകളായി ഈ അധമപ്രവൃത്തി നടന്നുകൊണ്ടിരിക്കുന്നത്. ഇതൊക്കെ അനുവദിക്കുന്നതിന്റെ ഉത്തരവാദിത്വം ആര്‍ക്കാണ്? അവരെയാണ് ആദ്യം ശിക്ഷിക്കേണ്ടത്.
ദൈവത്തിന്റെ സ്വന്തം നാട് ദുര്‍ഗന്ധത്തിന്റെ സ്വന്തം നാടായി മാറിയിട്ട് ഏറെക്കാലമായി. ഗ്രാമങ്ങളെന്നോ നഗരങ്ങളെന്നോ ഭേദമില്ലാതെ എവിടെ നോക്കിയാലും മാലിന്യങ്ങള്‍ കുന്നുകൂടിക്കിടക്കുന്നതു കാണാം. ഏതു വഴിയിലൂടെയും മൂക്കുപൊത്താതെ അധികദൂരം സഞ്ചരിക്കാന്‍ പറ്റാത്ത അവസ്ഥയാണ്. വീട്ടിലെ മാലിന്യങ്ങള്‍ പൊതിഞ്ഞുകെട്ടി ആളൊഴിഞ്ഞ നേരത്തും ഇ രുളിന്റെ മറവിലും വഴിയരികില്‍ തള്ളാന്‍ കാത്തുനില്ക്കുന്ന ‘വിദ്യാസമ്പന്നരും മാന്യന്മാരുമായ’ മലയാളികള്‍ എല്ലായിടത്തുമുണ്ട്. അല്‍പ്പം സമയം കണ്ടെത്തിയാല്‍ ഉറവിടത്തില്‍തന്നെ സംസ്കരിക്കാ വുന്നവയാണ് ഈ മാലിന്യങ്ങള്‍. പക്ഷേ അതിന് മനസ്സ് കാണിക്കില്ല. പരിസരശുചിത്വം പാലിച്ചില്ലെങ്കില്‍ പകര്‍ച്ചവ്യാധികളും മറ്റും തന്നെയും ബാധിക്കുന്നതാണെന്ന ബോധം ബുദ്ധിയും വിവരവുമുള്ള പല മലയാളികള്‍ക്കുമില്ല. വ്യക്തിശുചിത്വത്തിന്റെ കാര്യത്തില്‍ വലിയ ശ്രദ്ധയുള്ളവരാണ് മലയാളികള്‍ എന്ന് കൊട്ടിഘോഷിക്കാറുണ്ട്. എന്നാല്‍ പൊതുശുചിത്വം എന്നത് മലയാളികളുടെ ചിന്തയില്‍പ്പോലും കടന്നുവരുന്നില്ല. എപ്പോഴും വിയര്‍ക്കുന്നതിനാലും ധാരാളം വെള്ളമുള്ളതിനാലും രണ്ടുനേരം കുളിക്കുന്നത് വലിയ മഹത്വമായി പറഞ്ഞുനടക്കാറുള്ള മലയാളി, ഇക്കാ ര്യത്തില്‍ മറ്റുള്ളവരെ പരിഹസിക്കാനും കുറ്റപ്പെടുത്താ നും മടിക്കാറില്ല. എന്നാല്‍ പ്രളയം വിഴുങ്ങിയപ്പോള്‍ ദിവസങ്ങേളാളം കുളിക്കുന്നതു പോയിട്ട് പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിക്കാനാവാതെ ബുദ്ധിമുട്ടേണ്ടിവന്നു. പല അഹങ്കാരങ്ങളും ഇങ്ങനെ ഒലിച്ചുപോയി എന്നതാണ് സത്യം.
എന്തുകൊണ്ടാണ് കേരളം ചീഞ്ഞുനാറുന്നതെന്ന ചോദ്യത്തിന്റെ ഉത്തരമാണ് സെക്രട്ടറിയേറ്റിലെ ഗൃഹമാലിന്യ നിക്ഷേപം നല്‍കുന്നത്. മുഖ്യമന്ത്രിമാരും മന്ത്രിമാരുമൊക്കെ ഉള്‍പ്പെടുന്ന സെക്രട്ടറിയേറ്റില്‍ മാലിന്യം കൊണ്ടുവന്നു തള്ളുന്നത് നിര്‍ത്താനാവുന്നില്ലെങ്കില്‍ മറ്റെവിടെയാണ് ഇവര്‍ക്ക് അതിനു കഴിയുക? അസ്ഥാനത്തെ സമ്പത്താണ് മാലിന്യമെന്ന് പണ്ട് ഒരു വിപ്ലവാചാര്യന്‍ പറഞ്ഞിട്ടുണ്ട്. മാലിന്യം ശരിയായി വേര്‍തിരിച്ച് സംസ്കരിച്ചാല്‍ വളമായും മറ്റു തരത്തിലും ഉപയോഗിക്കാന്‍ കഴിയുമെന്ന അര്‍ത്ഥത്തിലാണ് ഇങ്ങനെ പറഞ്ഞിട്ടുള്ളത്. എന്നാല്‍ കേരളത്തിലെ അനുയായികള്‍ മാലിന്യം സമ്പത്താക്കി മാറ്റുന്നത് അഴിമതിയിലൂടെയാണ്. മാലിന്യനിര്‍മാര്‍ജനത്തിനായി കോടിക്കണക്കിന് രൂപയ്ക്ക് സ്വന്തക്കാര്‍ക്ക് കരാര്‍ നല്കി കമ്മീഷന് കൈപ്പറ്റുന്ന രീതിയാണിത്. കേരളത്തിലെ മാലിന്യസംസ്കരണ കേന്ദ്രങ്ങള്‍ മാലിന്യമലകളാണ്. ഇത് അഴുകിയുണ്ടാവുന്ന പാരിസ്ഥിതിക പ്രശ്നങ്ങള്‍ പലതരത്തില്‍ മനുഷ്യര്‍ക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുകയും ആയുസ്സ് അപഹരിക്കുകയും ചെയ്തിട്ടും ഒന്നും നേരെയാക്കണമെന്ന നിര്‍ബന്ധമില്ലാതെ അഴിമതിപ്പണം കുന്നുകൂട്ടുന്ന ഭരണാധികാരികളാണ് നമുക്കുള്ളത്. കോടതികളെ മാത്രമാണ് മാലിന്യ പ്രശ്നത്തില്‍ ജനങ്ങള്‍ക്ക് ആശ്രയിക്കാന്‍ പറ്റുന്നത്. പൊതുസ്ഥലങ്ങളില്‍ മാലിന്യം വലിച്ചെറിഞ്ഞാല്‍ പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ കോടതിയുടെ അനുമതിയില്ലാതെ വിട്ടുകൊടുക്കരുതെന്ന ഹൈക്കോടതിയുടെ ഉത്തരവ് ഒരു രജതരേഖയാണ്. മാലിന്യപ്രശ്നത്തില്‍ കൂടുതല്‍ ശക്തമായ നടപടികള്‍ കോടതികളുടെ ഭാഗത്തുനിന്ന് ഉണ്ടാകണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: