നടന് ആശിഷ് വിദ്യാര്‍ത്ഥി വീണ്ടും വിവാഹിതനായി. കൊല്‍ക്കത്തയിലെ ഒരു ക്ലബില്‍ വച്ച് ഫാഷന്‍ സ്റ്റോര്‍ ഉടമ രൂപാലി ബറുവയയെയാണ് രജിസ്റ്റര്‍ വിവാഹം കഴിച്ചത്. ഇവരുടെ വിവാഹ ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ തരംഗമായിരിക്കുകയാണിപ്പോള്‍.
അര്‍ദ്ധ മലയാളി കൂടിയായ അറുപതുകാരനായ ആശിഷ് വിദ്യാര്‍ത്ഥിയെ മുണ്ടും ഷര്‍ട്ടും ധരിച്ചാണ് ഫോട്ടോകളില്‍ കാണുന്നത്. രൂപാലി ബറുവ വെളളയും സ്വര്‍ണ നിറവും കലര്‍ന്ന സാരിയാണ് ധരിച്ചിരിക്കുന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ഇവരുടെ വിവാഹത്തില്‍ പങ്കെടുത്തതെന്നാണ് റിപ്പോര്‍ട്ട്.
”ജീവിതത്തിന്റെ ഈ ഘട്ടത്തില്‍, രൂപാലിയെ വിവാഹം കഴിക്കുന്നത് അസാധാരണമായ ഒരു വികാരമാണ്. ഞങ്ങള്‍ രാവിലെ രജിസറ്റര്‍ വിവാഹവും വൈകുന്നേരം ഒരു ഒത്തുചേരലും നടത്തി- ആശിഷ് വിദ്യാര്‍ത്ഥി പ്രതികരിച്ചു.
ഇരുവരും എങ്ങനെ കണ്ടുമുട്ടി എന്നതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ അതൊരു നീണ്ട കഥയാണെന്നും മറ്റൊരിക്കല്‍ പറയാമെന്നും നടന് പ്രതികരിച്ചു.
‘കുറച്ച് കാലം മുമ്പ് ഞങ്ങള്‍ കണ്ടുമുട്ടി. അത് മുന്നോട്ട് കൊണ്ടുപോകാന്‍ തീരുമാനിച്ചു. കല്യാണം കുടുംബകാര്യമായിരിക്കണമെന്ന് രണ്ടുപേരും ആഗ്രഹിച്ചു,’-രൂപാലി പറഞ്ഞു.
ദേശീയ അവാര്‍ഡ് ജേതാവായ ആശിഷ് വിദ്യാര്‍ത്ഥി നേരത്തേ നടന് ശകുന്തള ബറുവയുടെ മകളായ രാജോഷി ബറുവയെ വിവാഹം കഴിച്ചിരുന്നു. ഈ ബന്ധത്തില്‍ ആര്ത് വിദ്യാര്‍ത്ഥി എന്ന മകനുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: