മനോഷി സിന്‍ഹ
“ആയിരം വര്‍ഷങ്ങളോളം മുസ്ലീങ്ങള്‍ ഭരിച്ചിട്ടും ഇന്ത്യ ഇന്നും ഹിന്ദു ഭൂരിപക്ഷമായി നില്‍ക്കുന്നത് ഇസ്ലാം സമാധാനത്തിന്റെ മതമായതു കൊണ്ടാണ്”
“സുല്ത്താന്മാര് ക്ഷേത്രങ്ങള്‍ തകര്‍ക്കുകയും നിര്‍ബന്ധിത മതംമാറ്റം നടത്തുകയും ചെയ്തിരുന്നെങ്കില്‍ ഇന്ത്യ എന്തുകൊണ്ട് ഇതിനകം ഒരു മുസ്ലീം രാജ്യമായി മാറിയില്ല ?”
സോഷ്യല്‍ മീഡിയകളിലും മറ്റ് പൊതു ചര്‍ച്ചാവേദികളിലും ഇപ്പോള്‍ ഉയര്‍ന്നു കേള്‍ക്കുന്ന വാദങ്ങളുടെ ചില ഉദാഹരണങ്ങളാണിവ. ഭാരതത്തിലെ സ്കൂള്‍ / കോളേജ് പാഠപുസ്തകങ്ങളില്‍ നിന്നും ചരിത്രം പഠിച്ചിട്ടുള്ളവര്‍ക്ക് തികച്ചും ന്യായമെന്ന് തോന്നാവുന്ന വാദങ്ങള്‍. എന്നാല്‍ ഇത്തരം വാദങ്ങളുടെ മുനയൊടിയ്ക്കുന്ന, ഇന്ത്യയുടെ ചരിത്രത്തില്‍ ബോധപൂര്‍വ്വം മറയ്ക്കപ്പെട്ട നിരവധി സുപ്രധാന ഏടുകള്‍ ഉണ്ടെന്നുള്ള കാര്യം പതിയെ ആണെങ്കിലും വെളിപ്പെടുകയാണ്. ഇന്ന് പരക്കെ വിശ്വസിയ്ക്കപ്പെടുന്നതില്‍ നിന്ന് വ്യത്യസ്ഥമായി, മറ്റു മതങ്ങളില്‍ നിന്ന് സനാതന ധര്‍മ്മത്തിലേയ്ക്ക് കടന്നു വന്നിരുന്നവരെ മുന്‍കാലങ്ങളില്‍ ഹിന്ദുസമൂഹം സ്വാഗതം ചെയ്തിരുന്നു എന്ന കാര്യം ചില ആധുനിക ചരിത്ര ഗവേഷകര്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. അങ്ങനെ വ്യാപകമായ മതം മാറ്റത്തിലൂടെ നഷ്ടപ്പെട്ടു പോയ ജനതയില്‍ ഒരുഭാഗത്തെ തിരികെ കൊണ്ടുവരാന്‍ നമുക്ക് കഴിഞ്ഞിരുന്നു.
മറ്റൊന്നാണ് നമ്മള് എക്കാലവും ഒരു കവിളത്ത് അടിച്ചാല്‍ മറ്റേ കവിളും കാണിച്ചു കൊടുത്തിരുന്ന കുഞ്ഞാടുകളായിരുന്നു എന്ന രീതിയില്‍ നിര്‍മ്മിച്ചു കൊണ്ടിരിയ്ക്കുന്ന പൊതുബോധം. എന്നിട്ടും നമ്മെ മതം മാറ്റുകയോ, ഉപദ്രവിയ്ക്കുകയോ ചെയ്യാതെ ഇത്രകാലം സംരക്ഷിച്ച വൈദേശിക ശക്തികള്‍ എത്ര വലിയ നന്മമരങ്ങള് ആയിരുന്നിരിയ്ക്കണം ! എങ്ങനെയുണ്ട് യുക്തി ? എന്നാല്‍ സത്യമെന്താണ് ? ലോകം കണ്ടതില്‍ വച്ച് ഏറ്റവും വലിയ വംശഹത്യ നേരിട്ടത് മുഹമ്മദന്‍ ഭരണത്തിന് കീഴിലുള്ള ഹിന്ദുക്കളാണ് എന്ന് വില്‍ ഡ്യൂറണ്ട് എന്ന വിഖ്യാത അമേരിക്കന്‍ ചരിത്രകാരന് രേഖപ്പെടുത്തിയിട്ടുണ്ട്. Will Durant, the renowned historian and the author of the Story of Civilization, says, “The Mohammedan conquest of India is probably the bloodiest story in history.”
എന്നിട്ടും നമ്മള് എങ്ങനെ ഇന്നു കാണുന്നതു പോലെ അതിജീവിച്ചു ? വെല്ലുവിളികളെ കായികമായും, ചിന്താപരമായും, സാമൂഹ്യമായും, ആത്മീയമായും നിരന്തരം പ്രതിരോധിച്ചതു കൊണ്ടു തന്നെയാണ് നമ്മള് അതിജീവിച്ചത് എന്നതാണ് സത്യം. ഇന്ത്യയിലെ നാട്ടുരാജ്യങ്ങളില്‍ നിന്നുള്‍പ്പെടെ ആയിരക്കണക്കിന് ധീരയോദ്ധാക്കള്‍ മുസ്ലീം അധിനിവേശത്തിനെതിരെ നിരന്തരം പോരാടിയിട്ടുണ്ട്. ആ ചരിത്രത്തിന്റെ അധികം പരാമര്‍ശിക്കപ്പെടാത്ത ചില ഏടുകള്‍ ചൂണ്ടിക്കാണിയ്ക്കുന്ന പുതിയ പുസ്തകമാണ് മനോഷി സിന്‍ഹയുടെ “Saffron Swords”. ഈ പുസ്തകത്തില്‍ വെളിപ്പെടുന്ന ചില ചരിത്ര വസ്തുതകളെ ഇവിടെ പരിചയപ്പെടാം.
നമ്മുടെ ചരിത്ര പുസ്തകങ്ങള്‍ പഠിച്ചാല്‍ കിട്ടുന്ന ധാരണ ഒരിയ്ക്കല്‍ ഭാരതം മുഴുവനും ഇസ്ലാമിക അധിനിവേശകരുടെ ചോദ്യം ചെയ്യപ്പെടാത്ത ഭരണത്തില്‍ കീഴില്‍ ആയിരുന്നു എന്നാണ്. അത് ശരിയാണോ ? മുഗള്‍ സാമ്രാജ്യത്തില്‍ ഭാരതം മുഴുവനും പെട്ടിരുന്നോ ? നമ്മള് എല്ലായ്പ്പോഴും കീഴടക്കപ്പെട്ടവരായിരുന്നോ ? നമ്മുടെ ഭരണകര്‍ത്താക്കള്‍ പോരാട്ടങ്ങള്‍ക്ക് മുതിരാതെ എല്ലായ്പ്പോഴും കീഴടങ്ങുകയായിരുന്നോ ? അതിനുത്തരം ഒരു വലിയ ‘നോ’ ആണ്. മറിച്ച് നമ്മുടെ പൂര്‍വ്വികര്‍ കടുത്ത പ്രതിരോധം ഉയര്‍ത്തി യുദ്ധ വിജയങ്ങള്‍ നേടിയിരുന്നോ ? ഒരു വലിയ ‘യെസ്’ ആണ് അതിനുത്തരം. യഥാര്‍ത്ഥ ചരിത്രം നമ്മോട് പറയുന്നത് നമ്മള് മനസ്സിലക്കിയിട്ടുള്ളതില് നിന്നും വ്യത്യസ്തമായ മറ്റൊരു കഥയാണ്. ഇപ്പോള്‍ നമ്മെ പഠിപ്പിച്ചു കൊണ്ടിരിയ്ക്കുന്ന ചരിത്രം നമ്മുടെ പൂര്‍വ്വികരുടെ മഹത്വങ്ങളെ മൂടിവയ്ക്കുകയാണ്.
നമ്മുടെ ചരിത്ര പുസ്തകങ്ങള്‍ നമ്മോട് പറയുന്നതു പോലെ മുഴുവന്‍ ഇന്ത്യ അല്ല, ചരിത്രത്തിലെ ഏതൊരു കാലഘട്ടത്തിലും ഇന്ത്യയുടെ കുറേ ഭാഗങ്ങള്‍ മാത്രമാണ് ഇസ്ലാമിക അധിനിവേശകര്‍ ഭരിച്ചിരുന്നത്. വിദേശികള്‍ക്കെതിരെ ഇന്ത്യന്‍ ഭരണകര്‍ത്താക്കള്‍ ശക്തമായി പ്രതിരോധിയ്ക്കുകയും, അവരുടെ അവസാന ശ്വാസം വരെ പൊരുതുകയും ചെയ്തിട്ടുണ്ട്. ഇസ്ലാമിക അധിനിവേശത്തിന്റെയും കൊള്ളയുടേയും അതിക്രമങ്ങളുടേയും കാലഘട്ടമായ എട്ടാം നൂറ്റാണ്ടു മുതല്‍ പതിനെട്ടാം നൂറ്റാണ്ടു വരെ കിഴക്കു മുതല്‍ പടിഞ്ഞാറുവരേയും വടക്കു മുതല്‍ തെക്കു വരേയും നടന്ന സാഹസിക യുദ്ധങ്ങളുടേയും വിജയങ്ങളുടേയും നൂറുക്കണക്കിന് കഥകളാണുള്ളത്. എന്നാല്‍ ഈ മഹത്തായ കഥകള്‍ നമ്മില്‍ നിന്നും മറച്ചു വയ്ക്കപ്പെട്ടിരിയ്ക്കുകയാണ്. കുറച്ചു കൂടി വ്യക്തമാക്കിയാല്‍, യഥാര്‍ത്ഥ്യത്തിനു പകരം അധിനിവേശകരുടെ മഹത്വമാണ് നമ്മെ പഠിപ്പിച്ചിട്ടുള്ളത്. പ്രാദേശിക ഭരണകര്‍ത്താക്കളുടെ സൈനിക മേല്‍ക്കോയ്മ കാരണം പല മേഖലകളും മുഗളര്ക്കോ മറ്റ് ഇസ്ലാമിക അധിനിവേശകര്ക്കോ സ്പര്‍ശിയ്ക്കാന്‍ പോലുമായില്ല എന്നതാണ് വസ്തുത.
‘ഇസ്ലാമിക് ജിഹാദ്: എ ലീഗസി ഓഫ് ഫോര്‍സ്ഡ് കണ്വെര്ഷന്, ഇമ്പീരിയലിസം, ആന്‍ഡ് സ്ലേവറി’ എന്ന തന്റെ പുസ്തകത്തില്‍ എം എ ഖാന് ഉദ്ധരിയ്ക്കുന്നു “തത്വത്തില്‍ മുസ്ലീങ്ങള്‍ പതിനൊന്നു നൂറ്റാണ്ടോളം ഇന്ത്യ ഭരിച്ചുവെങ്കിലും, രാജ്യത്തെ മുഴുവനായി നിയന്ത്രണത്തില്‍ കൊണ്ടു വരാന്‍ അവര്‍ക്ക് ഒരിയ്ക്കലും കഴിഞ്ഞില്ല. സിന്ധിലേയ്ക്കുള്ള പൊതുവര്‍ഷം 712 ലെ കാസിമിന്റെ തള്ളിക്കയറ്റത്തിനു ശേഷം മൂന്നു നൂറ്റാണ്ടോളം, വിശാലമായ ഇന്ത്യയുടെ വടക്ക് പടിഞ്ഞാറേ കോണില്‍ ഒരു ചെറിയ പ്രദേശത്ത് മാത്രം മുസ്ലീം ഭരണം നിലനിന്നു. ആ പ്രദേശത്ത് ഇന്ന് വലിയ ഭൂരിപക്ഷത്തില്‍ മുസ്ലീങ്ങള്‍ ഉണ്ട് എന്നത് തെളിയിയ്ക്കുന്നത് തങ്ങള്‍ക്ക് കൂടുതല്‍ കാലത്തേയ്ക്ക് ശക്തമായ രാഷ്ട്രീയ അധികാരം ഉണ്ടായിരുന്ന പ്രദേശങ്ങളില്‍ കൂടുതല്‍ ഫലപ്രദമായി ഇസ്ലാം അടിച്ചേല്‍പ്പിയ്ക്കാന്‍ മുസ്ലീം ഭരണാധികാരികള്‍ക്ക് കഴിഞ്ഞു എന്നതാണ്.”
നിരവധി നൂറ്റാണ്ടുകളോളം മുസ്ലീം കൊള്ളക്കാരുടെ തുടര്‍ച്ചയായ ആക്രമണങ്ങള്‍ക്ക് ശേഷവും ഹിന്ദുക്കള്‍ ഇന്നും ഭൂരിപക്ഷമായി നിലനില്ക്കുന്നു എന്ന വസ്തുത കാണിയ്ക്കുന്നത് അവരില്‍ ഭൂരിപക്ഷവും ഈ പീഡനങ്ങളൊക്കെ അതിജീവിച്ച് തങ്ങളുടെ വിശ്വാസങ്ങളോടും പാരമ്പര്യങ്ങളോടും ചേര്‍ന്നു നിന്നു എന്നാണ്. പല പ്രദേശങ്ങളും ഇസ്ലാമിക അധിനിവേശകര്‍ക്ക് സ്പര്‍ശിയ്ക്കാനായില്ല. ഹിന്ദുക്കള്‍ ഭൂരിപക്ഷമായി നിലനില്‍ക്കുന്നതിന് എം എ ഖാന് അദ്ദേഹത്തിന്റെ മേല്‍പ്പറഞ്ഞ പുസ്തകത്തില്‍ ഒരു കാരണം പറയുന്നുണ്ട്. “സാമൂഹ്യവും സാംസ്കാരികവും മതപരവുമായ അങ്ങേയറ്റത്തെ അപമാനത്തെയും ഇകഴ്ത്തലുകളേയും, അവകാശ നിഷേധങ്ങളേയും, നിലനില്‍പ്പ് തകര്‍ത്തു കളയുന്ന നികുതികളേയും അസാമാന്യ ഇച്ഛാശക്തിയോടെ നേരിട്ടു കൊണ്ട് ഒരു സഹസ്രാബ്ദം നീണ്ടു നിന്ന പൈശാചികമായ ഇസ്ലാമിക ഭരണത്തിനു ശേഷവും, ഹിന്ദുക്കള്‍ തങ്ങളുടെ പൈതൃക മതത്തില്‍ ഉറച്ചു നിന്നു.”
ജമൈക്കക്കാരനായ രാഷ്ട്രീയ നേതാവും, സാമൂഹ്യ പ്രവര്‍ത്തകനുമായ മാര്‍ക്കസ് ഗാര്‍വെ, ഒരിയ്ക്കല്‍ വളരെ കൃത്യമായി പറഞ്ഞു. “തങ്ങളുടെ ചരിത്രവും, ഉത്ഭവവും, സംസ്ക്കാരവും അറിയാത്ത ഒരു ജനത, വേരുകള്‍ ഇല്ലാത്ത വൃക്ഷം പോലെയാണ്” ആ വാക്കിന്റെ ശരിയ്ക്കുമുള്ള അര്‍ത്ഥത്തില്‍ തന്നെ പറയാം നാം വേരുകളില്ലാത്ത വൃക്ഷമാണ്. കാരണം നമ്മുടെ യഥാര്‍ത്ഥ ചരിത്രത്തെ പറ്റിയുള്ള അറിവ് നമുക്ക് നിഷേധിയ്ക്കപ്പെട്ടിരിയ്ക്കുന്നു. “തങ്ങളുടെ ചരിത്രത്തെ അവഗണിയ്ക്കുന്ന ഒരു തലമുറയ്ക്ക് ഭൂതകാലവുമില്ല ഭാവിയുമില്ല” എന്നു പറഞ്ഞത് അമേരിക്കന്‍ എഴുത്തുകാരനായ റോബര്‍ട്ട് ഹീന്ലീന് ആണ്. ശരിയായ അര്‍ത്ഥത്തില്‍ തന്നെ ചരിത്രത്തെ അവഗണിച്ച തലമുറയാണ് നമ്മള്.
അഹിംസ എന്ന ആശയം ശക്തിപ്രാപിച്ചതോടെ ഇന്ത്യന്‍ യോദ്ധാക്കളുടെ യുദ്ധം ചെയ്യുന്നതിനുള്ള ആവേശം കുറയാന്‍ തുടങ്ങി. മിയ്ക്കവാറും ഇന്ത്യന്‍ രാജാക്കന്മാര്ക്കും പ്രജകള്‍ക്കും യുദ്ധത്തില്‍ താത്പര്യം നഷ്ടപ്പെട്ടു. തലമുറകള്‍ക്ക് പിന്നാലെ തലമുറകള്‍ എന്ന നിലയ്ക്ക് യോദ്ധാക്കളുടെ മുഖമുദ്രകളായിരുന്ന ധൈര്യവും, തന്റേടവും, പരാക്രമവും നശിയ്ക്കാന്‍ തുടങ്ങി. വളരെ കുറച്ച് ഇന്ത്യന്‍ ഭരണകര്‍ത്താക്കള്‍ മാത്രമേ ശക്തമായ ഒരു സൈന്യത്തെ നിലനിര്‍ത്താനും സൈനിക സംവിധാനങ്ങളെ മെച്ചപ്പെടുത്താനും തയ്യാറായുള്ളൂ. അതുകാരണം ഇസ്ലാമിക അധിനിവേശകര്‍ തങ്ങളുടെ രാജ്യങ്ങളെ ആക്രമിച്ചപ്പോള്‍ അതവര്‍ക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. ഭാരതം എല്ലാ രംഗങ്ങളിലും വളരെ മുന്നേറിയ സമൂഹമായിരുന്നെങ്കിലും ഈ രാജാക്കന്മാര്ക്ക് ഇസ്ലാമിക അധിനിവേശകരുടെ കൊള്ളയിലും നശീകരണത്തിലും നിന്ന് തങ്ങളുടെ രാജ്യങ്ങളെ രക്ഷിയ്ക്കാന്‍ കഴിഞ്ഞില്ല. അവര്‍ക്ക് തങ്ങളുടെ പുരുഷന്മാരെ കൂട്ടക്കൊലകളില്‍ നിന്നും, സ്ത്രീകളെ ലൈംഗിക അടിമകളാക്കി കടത്തിക്കൊണ്ടു പോകുന്നതില്‍ നിന്നും രക്ഷിയ്ക്കാന്‍ കഴിഞ്ഞില്ല. തങ്ങളുടെ ആയിരക്കണക്കിന് പൈതൃക ക്ഷേത്രങ്ങളേയോ, പ്രാചീന മന്ദിരങ്ങളേയോ, യൂണിവേഴ്സിറ്റികളേയോ ഇസ്ലാമിക കൊള്ളക്കാരില്‍ നിന്ന് രക്ഷിയ്ക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. അഹിംസ എന്ന ആശയം പല ഇന്ത്യന്‍ നാട്ടുരാജ്യങ്ങളിലേയും പടയാളികളിലെ യോദ്ധത്വത്തെ ഇല്ലാതാക്കിയിരുന്നു. അത് അവരുടെ നാശത്തിലേക്ക് വഴി തെളിച്ചു.
എന്നാല്‍ എല്ലാ നാട്ടുരാജ്യങ്ങളും ഈ അഹിംസാ സങ്കല്പം പിന്തുടരാന് തയ്യാറായില്ല. തങ്ങളുടെ സൈന്യത്തെ എപ്പോഴും യുദ്ധസജ്ജരാക്കി നിര്‍ത്തിയിരുന്ന രാജ്യങ്ങള്‍ ആക്രമണങ്ങളെ അതിജീവിച്ചു. അവര്‍ ശക്തമായ പ്രതിരോധം തീര്‍ത്തു. ഈ പരാക്രമത്തിന്റെയും വിജയങ്ങളുടേയും കഥകള്‍ നമ്മുടെ ചരിത്ര പുസ്തകങ്ങളില്‍ ഇടം കണ്ടെത്തിയില്ല. അവയില്‍ ചിലത് നമുക്ക് നോക്കാം.
എട്ടാം നൂറ്റാണ്ടില്‍ ഖലീഫാ ഹിഷാമിന്റെ ആജ്ഞയനുസരിച്ച് സിന്ധിലെ അറബി ഗവര്‍ണര്‍ ജുനൈദ് കശ്മീര്‍ ആക്രമിച്ചപ്പോള്‍ ലളിതാദിത്യ മുക്തപീത ആയിരുന്നു അവിടത്തെ രാജാവ്. ലളിതാദിത്യ ജുനൈദിനെ പരാജയപ്പെടുത്തി. അതുകാരണം കശ്മീര്‍ തകര്‍ത്ത് കൊള്ളയടിയ്ക്കാനുള്ള അറബികളുടെ പദ്ധതി പരാജയപ്പെട്ടു. തുര്‍ക്കി സാമ്രാജ്യത്തിന്റെ പ്രദേശങ്ങളെ ആക്രമിച്ചു കൊണ്ട് ലളിതാദിത്യ അവരെയും നിലയ്ക്കു നിര്‍ത്തി. പതിനൊന്നാം നൂറ്റാണ്ടില്‍ മഹ്മുദ് ഗസ്നിയുടെ നിരവധി ആക്രമണങ്ങളെ കശ്മീരിലെ സംഗ്രമരാജാ പരാജയപ്പെടുത്തി. കൊള്ളക്കാരന് മഹ്മുദിന് കാശ്മീരി രാജാവിനെ പരാജയപ്പെടുത്താന്‍ കഴിഞ്ഞില്ല. മാത്രവുമല്ല മഹ്മുദിന്റെ ആക്രമണത്തിനെതിരെ കാബൂളിലെ ഹിന്ദു സാഹി രാജാവായിരുന്ന തൃലോചന്പാലയെ സൈനികമായി സഹായിയ്ക്കാനും സംഗ്രമരാജ തയ്യാറായി. ആ സഖ്യസേന സുല്‍ത്താന്‍ മഹ്മുദിനെ പരാജയപ്പെടുത്തുകയും ചെയ്തു.
എട്ടാം നൂറ്റാണ്ടിന്റെ പൂര്‍വ്വാര്‍ദ്ധത്തില്‍ ഹിന്ദുസ്ഥാനിലെ ഉജ്ജയിന്‍ വരെയുള്ള നഗരങ്ങള്‍ അറബികളുടെ ആക്രമണത്തിന് വിധേയമായപ്പോഴാണ് ഇന്ത്യന്‍ രാജാക്കന്മാരുടെ ഏറ്റവും വലിയ സഖ്യശക്തികളില്‍ ഒന്ന് രൂപപ്പെട്ടത്. എമിര്‍ ജുനൈദിന്റെ നേതൃത്വത്തിലുള്ള അറബിസൈന്യവും ഗുര്‍ജാരാ പ്രതിഹാര രാജാവായ നാഗഭട ഒന്നാമന്റെ നേതൃത്വത്തിലുള്ള ഹിന്ദു രാജാക്കന്മാരുടെ സൈന്യവും തമ്മില്‍ ഏറ്റുമുട്ടി. ഗുര്‍ജാരാ പ്രതിഹാരകളും, ചാലൂക്യന്മാരും, രാഷ്ട്രകൂടരും, ഗുഹിലുകളുമായിരുന്നു ഭാരത സഖ്യത്തില്‍ ഉണ്ടായിരുന്നത്. തുടര്‍ന്ന് അറബികളും ഹിന്ദുക്കളും തമ്മില്‍ യുദ്ധങ്ങളുടെ ഒരു നിര തന്നെ ഉണ്ടായി. പൊതുവര്‍ഷം 738 ല്‍ ഇന്നത്തെ രാജസ്ഥാന് അതിര്‍ത്തിയില്‍ വച്ചായിരുന്നു അന്തിമയുദ്ധം. അതില്‍ അറബികള്‍ തോറ്റു തുന്നം പാടി. ആ യുദ്ധത്തിനു ശേഷം കുറേ വര്‍ഷത്തേക്ക്, കൃത്യമായി പറഞ്ഞാല്‍ ഏതാണ്ട് ഒരു നൂറ്റാണ്ടിലേറെക്കാലം മുസ്ലീം അധിനിവേശകര്‍ ഹിന്ദുസ്ഥാനെ ആക്രമിയ്ക്കുന്നതിനെ കുറിച്ച് ചിന്തിച്ചു പോലുമില്ല.
ഘോറി ആദ്യം ആക്രമിച്ചത് ഗുജറാത്ത് പ്രദേശത്തെയാണ് എന്ന് നിങ്ങള്‍ക്കറിയുമോ ? അക്കാലത്ത് ഗുജറാത്ത് ചാലൂക്യ സോളങ്കി രജപുത്രന്മാരുടെ ഭരണത്തിലായിരുന്നു. നൈകി ദേവിയായിരുന്നു അന്നത്തെ റീജന്റ് റാണി. രാജാവ് മൂലരാജ രണ്ടാമന് അന്ന് ബാലനായിരുന്നു. പൊതുവര്‍ഷം 1178 ല്‍ നടന്ന യുദ്ധത്തില്‍ ഘോറി ദയനീയമായി പരാജയപ്പെട്ടു. ഗുജറാത്തിലെ ഭരണാധികാരി മുഹമ്മദ് ഘോറിയെ പരാജയപ്പെടുത്തിയത് “ഭീകര കശാപ്പ്” ആയിരുന്നു എന്നാണ് പതിനാറാം നൂറ്റാണ്ടിലെ പേര്‍ഷ്യന്‍ ചരിത്രകാരന് ഫിരിഷ്ട വിവരിയ്ക്കുന്നത്. അന്ന് മുഹമ്മദ് ഘോറിയ്ക്കുണ്ടായ പരാജയത്തിന്റെ കടുപ്പം കാരണം ഹിന്ദുസ്ഥാന്‍ ആക്രമിയ്ക്കുന്നതിനെക്കുറിച്ച് പിന്നീട് 1191 വരെ അയാള്‍ ചിന്തിച്ചു പോലുമില്ല. തന്റെ ജീവിതകാലത്ത് ഘോറി പിന്നീടൊരിയ്ക്കലും ഗുജറാത്തിനെ ആക്രമിച്ചതുമില്ല !
നളന്ദ സര്‍വ്വകലാശാല കത്തിച്ച ഭക്ത്യാര്‍ ഖില്‍ജിയെ പൊതുവര്‍ഷം 1206 ല്‍ ആസ്സാം രാജാവായിരുന്ന പ്രിഥു പരാജയപ്പെടുത്തി. ഈ യുദ്ധത്തില്‍ ഖില്‍ജിയെ മാരകമായ പരിക്കേല്‍പ്പിച്ച് ശയ്യാവലംബിയാക്കി. ശക്തമായ ഒരു സൈന്യത്തെ വിന്യസിച്ച് ആക്രമണങ്ങളെ ചെറുത്ത മറ്റൊരു വിഭാഗമാണ് ആഹോം വംശക്കാര്‍. ഇസ്ലാമിക കൈയ്യേറ്റക്കാരെ ആഹോം വീരന്മാര് പലതവണ മുട്ടുകുത്തിച്ചു. ബംഗാള്‍ സുല്‍ത്താനായിരുന്ന നസിറുദ്ദീന്‍ നസ്രത് ഷായുടെ സേനാനായകനായിരുന്ന രുകുനുദ്ദീന്‍ രുകുന്‍ ഖാന് പൊതുവര്‍ഷം 1527 ല്‍ കാമരൂപത്തിലേക്ക് അതിക്രമിച്ചു കയറിയെങ്കിലും, ആഹോമുകളുടെ കൈകളാല്‍ ദയനീയമായ തോല്‍വിയടഞ്ഞു. വിശ്വ സിന്ഘയായിരുന്നു അന്ന് കാമരൂപത്തില്‍ ആഹോമുകളുടെ രാജാവ്. രുകുന്‍ ഖാന്റെ തോല്‍വിയെ കുറിച്ചറിഞ്ഞ സുല്‍ത്താന്‍, തന്റെ മറ്റൊരു സേനാനായകനായ മിത് മണിക്കിന്റെ നേതൃത്വത്തില്‍ ആയിരം കുതിരകളും പതിനായിരം കാലാള്‍പ്പടയാളികളും ഉള്‍പ്പെടുന്ന സേനയെ കാമരൂപത്തിലേയ്ക്കയച്ചു. ഈ യുദ്ധത്തിലും ആഹോമുകള്‍ വിജയിച്ചു. മിത് മണിക്കിനെ തടവുകാരനായി പിടിച്ചു. രുകുന്‍ ഖാന് പടക്കളം വിട്ടോടി. ആഹോമുകള്‍ തോക്കുകള്‍ ഉള്‍പ്പെടെ സുല്‍ത്താന്റെ വമ്പന്‍ യുദ്ധമുതല്‍ പിടിച്ചെടുത്തു. 1671ല്‍ മുഗളന്മാരെ നിശ്ശേഷം തോല്‍പ്പിച്ച ആഹോം സേനാനായകന് ലചിത് ബോര്ഫുക്കാനെ പറ്റി കേട്ടിട്ടില്ലാത്ത ആരുണ്ട് ?
ലക്ഷക്കണക്കിന് ഹിന്ദുക്കളെ കൂട്ടക്കൊല ചെയ്യുകയും ആയിരക്കണക്കിന് ക്ഷേത്രങ്ങള്‍ നിലംപരിശാക്കുകയും, ദേവാലയങ്ങളുടേയും ജനങ്ങളുടേയും സ്വത്ത് കൊള്ളയടിയ്ക്കുകയും ചെയ്ത ഏറ്റവും പ്രാകൃതനായ ഇസ്ലാമിക അധിനിവേശകരില്‍ ഒരാളായ തൈമൂര്‍ ലാങ്ങിനെ പറ്റി അറിയാത്ത ആരുണ്ട് ? ഇതെല്ലാം നടന്നത് സിന്ധു നദി കടന്ന് അട്ടോക്ക് വഴി ദല്‍ഹിയിലേക്ക് അയാള്‍ നയിച്ച ആക്രമണങ്ങളിലാണ്. എന്നാല്‍ തിരിച്ചുള്ള യാത്രയില്‍ തൈമൂറിന് ഇതുപോലെ തച്ചു തകര്‍ക്കാന്‍ കഴിഞ്ഞില്ല എന്നകാര്യം എത്രപേര്‍ക്കറിയാം ? വിവിധ സമുദായക്കാരായ ഏതാണ്ട് 80,000 പേര് അണിനിരന്ന ഒരു സംയുക്ത സൈന്യം തൈമൂറിന്റെ സേനയെ ആക്രമിയ്ക്കുകയും അതില്‍ വലിയൊരു വിഭാഗത്തെ കൊന്നൊടുക്കുകയും ചെയ്തു. ജാട്ടുകള്‍, ഗുജ്ജാറുകള്‍, രജപുത്രന്മാര്, ബ്രാഹ്മണര്‍, ആഹിറുകള്‍, വാത്മീകികള്‍, ഗിരിവര്‍ഗ്ഗക്കാര്‍ തുടങ്ങി സമൂഹത്തിലെ എല്ലാവിഭാഗങ്ങളും ഹിന്ദുസ്ഥാന്റെ പ്രതിരോധ സേനയില്‍ അണിചേര്‍ന്നിരുന്നു. മീററ്റും, ഹരിദ്വാറും പരിസര പ്രദേശങ്ങളും തിമൂറിന്റെ ആക്രമണത്തില്‍ നിന്നും അങ്ങനെ രക്ഷിയ്ക്കപ്പെട്ടു. ദേവപാല എന്ന ഒരു ജാട്ട് ആയിരുന്നു മഹാപഞ്ചായത്ത് വിളിച്ചു കൂട്ടി ഈ പ്രതിരോധം സാദ്ധ്യമാക്കിയത്. മഹാബലി ജോഗ്രാജ് സിംഗ് ഗുര്‍ജ്ജാര്‍ ആയിരുന്നു സര്‍വ്വ സൈന്യാധിപന്. 40,000 വരുന്ന വനിതാ സൈന്യത്തെ 20 കാരിയായ രാംപ്യാരി ഗുജ്ജാര്‍ നയിച്ചു. പുരുഷന്മാരും സ്ത്രീകളും ഉള്‍പ്പെട്ട യോദ്ധാക്കള്‍ 1398 ല്‍ മീററ്റില്‍ വച്ച് തൈമൂറിനു മേല്‍ അശനിപാതം പോലെ ആക്രമണം അഴിച്ചു വിട്ടു. അയാള്‍ ഇന്ത്യ വിട്ടോടാന്‍ നിര്‍ബന്ധിതനായി.
1640 ല്‍ ഗര്‍വാള്‍ ആക്രമിയ്ക്കാന്‍ ഷാജഹാന് നിയോഗിച്ച മുഗള്‍ സൈന്യത്തിന് ലക്ഷ്യം നേടാന്‍ കഴിഞ്ഞില്ല. റാണി കര്‍ണ്ണാവതിയുടെ നേതൃത്വത്തില്‍ തദ്ദേശസൈന്യം അവരെ സമ്പൂര്‍ണ്ണമായി പരാജയപ്പെടുത്തി. അവശേഷിച്ച മുഗള്‍ സൈനികരുടെ മൂക്കുകള്‍ മുറിയ്ക്കുക കൂടി ചെയ്തു കര്‍ണ്ണാവതിയുടെ സൈന്യം. ഇതോടെ ‘നാക്ക് കാട്ടി റാണി’ അഥവാ മൂക്ക് മുറിയ്ക്കുന്ന റാണി എന്നൊരു അപരനാമം കൂടി റാണി കര്ണ്ണാവതിയ്ക്ക് വീണു കിട്ടി. റാണിയുടെ ക്രൂരവും നിര്‍ദ്ദയവുമായ നിലപാടുകള്‍ മുഗളരെ ഭയപ്പെടുത്തി. അവര്‍ക്ക് ഒരിയ്ക്കലും ഗര്‍വാള്‍ കീഴടക്കാന്‍ കഴിഞ്ഞില്ല.
അതുപോലെ അക്ബറിന്റെ സമകാലീനയായിരുന്ന റാണി ഭവശങ്കരി ഓരോ കുടുംബത്തില്‍ നിന്നും ഒരാളെ സൈന്യത്തില്‍ ചേര്‍ക്കണമെന്ന വ്യവസ്ഥ നിര്‍ബന്ധമാക്കി. ബംഗാളിലെ ഭൂരിശ്രേഷ്ഠ രാജ്യത്തെ ഭരണാധികാരിയായിരുന്നു റാണി ഭവശങ്കരി. അവര്‍ രാജ്യാതിര്‍ത്തിയില്‍ സൈനികരെ വിന്യസിയ്ക്കുകയും സൈന്യ സംവിധാനങ്ങളെ സുസജ്ജമാക്കി നിലനിര്‍ത്തുകയും ചെയ്തു. പത്താന് സുല്‍ത്താനെ മൂന്നു പ്രാവശ്യം അവര്‍ പരാജയപ്പെടുത്തി. റാണി ഭവശങ്കരിയുടെ പരമാധികാരത്തില്‍ അക്ബര്‍ പോലും ഇടപെട്ടില്ല.
ഇസ്ലാമിക അധിനിവേശകര്‍ക്കെതിരെ യുദ്ധവിജയം നേടിയ ശേഷമാണ് ഒറീസയിലെ രാജാ നരസിംഹദേവ, കൊണാര്‍ക്ക് ക്ഷേത്രം പണി കഴിപ്പിച്ചത്. ബംഗാള്‍ സുല്‍ത്താന്‍ തന്നെ ആക്രമിയ്ക്കും മുമ്പ് അദ്ദേഹം സുല്‍ത്താന്റെ സാമ്രാജ്യത്തെ ആക്രമിച്ചു. വൈദേശിക മുസ്ലീം അക്രമികള്‍ക്കെതിരെ അങ്ങോട്ട് ചെന്ന് യുദ്ധം ചെയ്ത ആദ്യത്തെ കലിംഗ രാജാവായിരുന്നു നരസിംഹദേവ.
1336 ല്‍ ദക്ഷിണേന്ത്യയില്‍ കപായ മുസുനൂരി നായക, തെലുങ്കാനയിലെ വാറംഗലില്‍ നിന്ന് തുഗ്ലക്കുമാരെ തുരത്തിയോടിച്ച് ഹിന്ദു ആധിപത്യം പുന:സ്ഥാപിച്ചു. തന്റെ കീഴിലുള്ള 75 നായകരുടെ സഹായത്തോടെയാണ് അദ്ദേഹത്തിന് ഇത് ചെയ്യാന്‍ സാധിച്ചത്. ഒരു പൊതു വിദേശ ശത്രുവിനെതിരെയുള്ള ഐക്യത്തിന്റെ നല്ലൊരു ഉദാഹരണമായിരുന്നു ഇത്. ഇസ്ലാമിക അധിനിവേശകരില്‍ നിന്ന് തങ്ങളുടെ രാജ്യങ്ങള്‍ തിരിച്ചു പിടിയ്ക്കാന്‍ മറ്റു ദക്ഷിണേന്ത്യന്‍ രാജാക്കന്മാരെയും അദ്ദേഹം സഹായിച്ചു.
ബംഗാളിലെ ദേവ വംശത്തിലെ പിന്‍ഗാമിയായ രാജാ ഗണേശ, 1414ല്‍ മുസ്ലീം അധിനിവേശകരില്‍ നിന്ന് സിംഹാസനം തിരികെ പിടിച്ചു. ഇരുന്നൂറു വര്‍ഷങ്ങള്‍ക്കു മേല്‍ മുസ്ലീം ആധിപത്യം നിലനിന്നിരുന്ന ഒരു പ്രദേശത്ത് അദ്ദേഹം തന്റെ പരമാധികാരവും ഹിന്ദു അധീശത്വവും പുന:സ്ഥാപിച്ചു. ബംഗാളിലെ മുസ്ലീം ഭരണത്തെ കുറിച്ച് ഗുലാം ഹുസൈന് സലിം പേര്‍ഷ്യന്‍ ഭാഷയില്‍ എഴുതിയ റിയാസ്-ഉസ്-സലാതിന്‍ എന്ന സമ്പൂര്‍ണ്ണ ചരിത്രത്തില്‍ പറയുന്നത് ഗണേശ, ശിഹബുദ്ദീനെ കൊലപ്പെടുത്തിയിട്ട് സിംഹാസനം പിടിച്ചെടുത്തു എന്നാണ്. മിഥിലയിലെ ഹിന്ദു രാജാവായ ശിവസിംഹയുമായി ചേര്‍ന്ന് അയല്‍ രാജ്യത്തിലെ ഇബ്രാഹിം ഷാ എന്ന സുല്‍ത്താനെ പരാജയപ്പെടുത്തി.
1672 ല്‍ മറാത്താ സേനാപതി പ്രതാപ് റാവു ഗുര്ജ്ജാറും, ആദ്യത്തെ പേഷ്വയായ മോറോപന്ത് പിംഗ്ലെയും ചേര്‍ന്ന് നാസിക്കിലെ സാല്‍ഹെര്‍ യുദ്ധത്തില്‍ 40,000 വരുന്ന മുഗള്‍ സൈന്യത്തിനെതിരെ 20,000 മറാത്താ സൈനികരെ നയിച്ചു. ആയുധ ബലത്തിലും യുദ്ധമൃഗങ്ങളുടെ കാര്യത്തിലും മറാത്താ സൈന്യം മുഗള്‍ സൈന്യത്തേക്കാള്‍ പിന്നിലായിരുന്നെങ്കിലും, ഈ ഘോര യുദ്ധത്തില്‍ മറാത്ത സൈന്യം വിജയം വരിച്ചു ! അന്ന് ആദ്യമായിട്ടായിരുന്നു മുഗള്‍ സൈന്യം ഏതെങ്കിലും ഒരു തുറന്ന യുദ്ധത്തില്‍ ചിഹ്നഭിന്നമാകുന്നത്. എന്നാല്‍ ഈ യുദ്ധ വിജയത്തെ കുറിച്ച് നമ്മുടെ ഏതെങ്കിലും ചരിത്ര പുസ്തകങ്ങളില്‍ പരാമര്‍ശമുണ്ടോ ?
ഛത്രപതി ശിവജി മഹാരാജിന്റെ മരുമകള്‍ താരാബായി ബോസ്ലെ 1700 മുതല്‍ 1708 വരെ മറാത്താ സാമ്രാജ്യം ഭരിച്ചു. അക്കാലത്ത് അവര്‍ നേരിട്ട് സൈന്യങ്ങളെ നയിയ്ക്കുകയും മുഗള്‍ സൈന്യങ്ങള്‍ക്കെതിരായി വിജയകരമായി യുദ്ധം ചെയ്യുകയുമുണ്ടായി. ബംഗാളി ചരിത്രകാരനായ ജാദുനാഥ് സര്‍ക്കാറിന്റെ അഭിപ്രായത്തില്‍ താരാബായിയുടെ ഭരണ നൈപുണ്യവും ശക്തിയും കൊണ്ടു മാത്രമാണ് 1700 മുതല്‍ 1707 വരെയുള്ള നിര്‍ണ്ണായക കാലഘട്ടത്തിലെ പ്രതിസന്ധികളെ തരണം ചെയ്യാന്‍ മറാത്താ സാമ്രാജ്യത്തിന് സാധിച്ചത്. മറാത്താ പ്രദേശങ്ങളില്‍ അധിനിവേശം നടത്താന്‍ മുഗളന്മാര് തങ്ങളുടെ കഴിവിന്റെ പരമാവധി ശ്രമിച്ച കാലഘട്ടമാണത്. എന്നാല്‍ അവര്‍ക്കതില്‍ വിജയിയ്ക്കാന്‍ കഴിഞ്ഞില്ല. താരാബായി സമര്‍ത്ഥമായി തന്റെ അതിര്‍ത്തികള്‍ കാത്തു.
ഗുരു ഗോവിന്ദ് സിങ്ങിന്റെ സേനാധിപനായിരുന്ന ബാബാ ബന്ദാ ബഹാദൂര്‍, തന്റെ 38 ആം വയസ്സില്‍ മുഗളന്മാര്ക്കും മറ്റ് ഇസ്ലാമിക ശക്തികള്‍ക്കും എതിരായി അഞ്ച് യുദ്ധങ്ങള്‍ വിജയത്തിലേക്ക് നയിച്ചു. 1709 ലെ ചപ്പാര് ചിറി യുദ്ധത്തിനു ശേഷം ബന്ദാ സിംഗ് പഞ്ചാബില്‍ അദ്ദേഹത്തിന്റെ ഭരണം സ്ഥാപിച്ചു. 1710 ഓടെ ലാഹോറിന് കിഴക്കുള്ള പഞ്ചാബ് മുഴുവനും ബന്ദാ സിംഗ് ബഹാദൂര്‍ കീഴടക്കുകയും ആ പ്രദേശത്ത് ഇസ്ലാമിക ഭരണത്തിന് അറുതി വരുത്തുകയും ചെയ്തു.
മുഗള്‍ ചക്രവര്‍ത്തി ഔറംഗസേബിന്റെ സൈന്യങ്ങള്‍ക്കെതിരെ പോരാടിയ മറ്റൊരു ഹിന്ദു ഭരണാധികാരിയായിരുന്നു കെലാടിയിലെ റാണി ചെന്നമ്മ. ഛത്രപതി ശിവജിയുടെ ഇളയ പുത്രന് രാജാറാം രാജേ ബോണ്സ്ലെക്ക് അഭയം കൊടുത്തതും ജിഞ്ചി കോട്ടയിലേയ്ക്കുള്ള അദ്ദേഹത്തിന്റെ രക്ഷപ്പെടലിന് ഒത്താശ ചെയ്തു കൊടുത്തതുമാണ് ഈ യുദ്ധത്തിന് കാരണമായത്. ഈ യുദ്ധത്തില്‍ തോല്‍വി മുന്നില്‍ കണ്ട് മുഗള്‍ സൈന്യമായിരുന്നു പിന്മാറിയതും സമാധാന ഉടമ്പടിയ്ക്കായി യാചിച്ചതും. മുഗളന്മാര് ഒരു ഇന്ത്യന്‍ ഭരണാധികാരിയോട് സമാധാന ഉടമ്പടി അഭ്യര്‍ഥിച്ച ആദ്യത്തെ സംഭവമായിരുന്നു അത്. ബിജാപൂരിലെ സുല്‍ത്താനേയും റാണി ചെന്നമ്മ പരാജയപ്പെടുത്തി.
1774 ല്‍ തന്റെ 21 ആം വയസ്സില്‍ മലബാറിലെ കോട്ടയം എന്ന നാട്ടു രാജ്യത്തിന്റെ റീജന്റ് രാജകുമാരന് ആയി മാറിയ പഴശ്ശിരാജ ഹൈദരാലിയുടെ സൈന്യത്തെ ഗറില്ലാ യുദ്ധമുറകളിലൂടെ ചെറുത്തു. പുരളിമലയിലും വയനാട്ടും തങ്ങള്‍ക്ക് പരിചിതമായ നിബിഡ വനങ്ങള്ക്കുള്ളില് നിരവധി ഒളിപ്പോര് സങ്കേതങ്ങള്‍ അദ്ദേഹം ഒരുക്കിയിരുന്നു. ഇടയ്ക്കിടയ്ക്ക് അവര്‍ ചെറു സംഘങ്ങളായി ഹൈദരാലിയുടെ സൈനികരെ ആക്രമിച്ചിരുന്നു. മൈസൂര്‍ സൈന്യത്തിന് കാര്യമായ ആള്‍നാശം ഉണ്ടാകുന്നതുവരെ ഈ ആക്രമണങ്ങള്‍ തുടര്‍ന്നു. ഒരുമിച്ചു നിന്ന് പഴശ്ശി രാജാവിനെ തകര്‍ക്കാന്‍ ഉദ്ദേശിച്ചു കൊണ്ട് സമീപവാസികളായ രണ്ട് സേനാനായകരുമായി ഹൈദര്‍ അലി സഖ്യമുണ്ടാക്കിയെങ്കിലും അതുകൊണ്ട് പ്രയോജനമുണ്ടായില്ല. ഹൈദറിന് ഒരിയ്ക്കലും പഴശ്ശിയെ തോല്‍പ്പിയ്ക്കാനായില്ല. പില്ക്കാലത്ത് അദ്ദേഹം ടിപ്പുവിനേയും ചെറുത്തിരുന്നു.
ഇതുപോലെ ഇസ്ലാമിക അധിനിവേശകര്‍ക്കും ഭരണാധികാരികള്‍ക്കും എതിരെ ഇന്ത്യന്‍ യോദ്ധാക്കള്‍ നേടിയ വിജയങ്ങളുടെ എണ്ണമറ്റ ഉദാഹരണങ്ങള്‍ ഉണ്ട്. എന്നാല്‍ ഇവയൊന്നും നമ്മുടെ ചരിത്ര പുസ്തകങ്ങളില്‍ കാണിച്ചിട്ടില്ല. ഇസ്ലാമിക ഭരണകര്‍ത്താക്കള്‍ ഭരിച്ചിരുന്നത് ഇന്ത്യയുടെ ഒരു ഭാഗം മാത്രമാണ്. മുഴുവന്‍ ഇന്ത്യയുമല്ല. എന്നാല്‍ അവര്‍ ഇന്ത്യ ഭരിച്ചു എന്ന് വായിയ്ക്കാനാണ് നമ്മെ പഠിപ്പിയ്ക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: