കോഴിക്കോട്: സ്വാതന്ത്ര്യത്തിന്റെ അമ്പതാം വാര്‍ഷികത്തില്‍ സ്വാതന്ത്ര്യ സമരസേനാനികളുടെ ഓര്‍മ്മയ്ക്കായി നിര്‍മിച്ച തളി കണ്ടംകുളം ജൂബിലി ഹാളിന്റെ പേരു മാറ്റിയതിനെതിരെ പ്രതിഷേധം അലയടിച്ച് നാമജപ സദസ്സ്. കണ്ടംകുളം സ്വാതന്ത്ര്യ സുവര്‍ണ്ണ ജൂബിലി മെമ്മോറിയല്‍ ഹാളിനു മുന്പില് തളി-ചാലപ്പുറം പൈതൃക സംരക്ഷണ വേദി സംഘടിപ്പിച്ച നാമജപ സദസ്സ് സനാതന ധര്‍മ്മ പാഠശാല സംയോജകന്‍ രാജേഷ് നാദാപുരം ഉദ്ഘാടനം ചെയ്തു.
മുഴുവന്‍ സ്വാതന്ത്ര്യ സമര സേനാനികളേയും സ്മരിക്കുന്ന പേര് ജൂബിലി ഹാളിന് തിരിച്ചു നല്‍കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വരും നാളുകളില്‍ പ്രക്ഷോഭം ശക്തിപ്പെടുത്തും. സ്വാതന്ത്ര്യ സമര സേനാനികളെ അവഹേളിക്കുന്ന അധികാരവര്‍ഗ്ഗത്തെ അടിയറവ് പറയിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി. തളി-ചാലപ്പുറം പൈതൃക സംരക്ഷണവേദി ചെയര്മാന് കെ.പി. ഗുരുദാസ് അധ്യക്ഷത വഹിച്ചു. ആര്. രാമചന്ദ്രന്, കെ.വി. രാഘവന് സംസാരിച്ചു.
സ്ത്രീകളടക്കം നൂറുകണക്കിന് പേര് പരിപാടിയില്‍ പങ്കെടുത്തു. നാമജപ സദസ്സ് മുന്‍നിര്‍ത്തി കണ്ടംകുളം ജൂബിലി ഹാളിന് മുമ്പില്‍ ശക്തമായ പോലീസ് സേനയെയാണ് വിന്യസിച്ചിരുന്നത്. ഹാളിനകത്തേക്ക് പ്രവേശനം ബാരിക്കേഡ് വച്ച് തടഞ്ഞു.
കഴിഞ്ഞമാസം 29നാണ് പ്രദേശത്ത് യുദ്ധസമാനരംഗം സൃഷ്ടിച്ച് ഇടത് ഭരണകൂടം, 1997ല്‍ കേന്ദ്ര സര്‍ക്കാര്‍ സഹായത്തോടെ പണിത സ്വാതന്ത്ര്യ സുവര്‍ണ്ണ ജൂബിലി ഹാളിന്റെ പേര് മാറ്റിയത്. തളി-ചാലപ്പുറം പൈതൃക സംരക്ഷണ വേദിയുടെ നേതൃത്വത്തില്‍ നടന്ന ശക്തമായ പ്രതിഷേധത്തിനിടയിലാണ് ഹാളിന് പുതിയ നാമകരണം ചെയ്ത് മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: