ആലപ്പുഴ : നഗരത്തിലെ കടകളില്‍ ആഴ്ചകളുടെ ഇടവേളയില്‍ നടന്ന മോഷണ പരമ്പരയില്‍ പ്രതികളെ പിടികൂടാനാകാതെ പോലീസ്. ആലപ്പുഴ മാര്‍ക്കറ്റ്, പിച്ചു അയ്യര്‍ ജങ്ഷന് സമീപം, ആലപ്പുഴ ബോട്ടുജെട്ടിക്ക് സമീപം എന്നിവടങ്ങളിലെ കടകളില്‍ സമാനമായ രീതിയിലാണ് കവര്‍ച്ച നടന്നത്. മാര്‍ച്ചിലാണ് വഴിച്ചേരിയിലെ മാര്‍ക്കറ്റില്‍ മോഷണം നടന്നത്.
പുത്തനങ്ങാടി സെന്റ് സെബാസ്റ്റ്യന്‍ പള്ളിക്ക് സമീപമുള്ള ഡാറാ മാര്‍ക്കറ്റില്‍ പ്രവര്‍ത്തിച്ചിരുന്ന ഉണക്ക മത്സ്യം കട ഉള്‍പ്പെടെയുള്ള ഒന്‍പത് കടകളിലാണ് മോഷണം നടന്നത്. ഉണക്കമത്സ്യം വില്‍പ്പന നടത്തിവന്ന സെബാസ്റ്റ്യന്റെ കടയില്‍ നിന്നും 30,000 രൂപയോളം നഷ്ടമായി. സമീപത്തെ പലചരക്ക് കടകളിലും മോഷണം നടന്നു. കടകളുടെ ഓട് മേഞ്ഞ മേല്‍ക്കൂര തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്തു കടന്നത്. ഫോറന്‍സിക് വിദഗ്ധരും പോലീസും എത്തി പരിശോധന ഊര്‍ജിതമാക്കി എന്ന് അവകാശപ്പെടുന്നതിനിടെയാണ് സമീപ പ്രദേശത്ത് അടുത്ത മോഷണം നടന്നത്.
ഏപ്രില്‍ മാസത്തില്‍ പിച്ചു അയ്യര്‍ ജങ്ഷനു വടക്ക് ആറുകടകളില്‍ മോഷണവും രണ്ടു കടകളില്‍ മോഷണശ്രമവും നടന്നു. നവാസ് ഇലക്ട്രിക്കല്‍സില്‍നിന്ന് സിസിടിവി, ഡിവിആര്‍, 1,000 രൂപ, ഒലിവിയ ട്രാവല്‍ ഏജന്‍സിയില്‍നിന്ന് 6,800 രൂപ, ബേബി ഓട്ടോ ഇലക്ട്രിക്കല്‍സില്‍നിന്നു ആയിരത്തോളം രൂപ, എലഗന്റ് ഫോട്ടോസ്റ്റാറ്റ് എന്ന സ്ഥാപനത്തില്‍നിന്നു 2,000 രൂപ, എം.എം. ടയേഴ്സില്‍നിന്ന് 6,000 രൂപ, വിജെ ട്രേഡേഴ്സില്‍ നിന്നു 2,600 രൂപയും മൊബൈല്‍ ഫോണുമാണു മോഷണം പോയത്. സമീപത്തുള്ള മറ്റുരണ്ടു കടകളില്‍ മോഷണശ്രമവും നടന്നു. കടകളുടെ സീലിങ് പൊളിച്ചാണ് മോഷ്ടാക്കള്‍ അകത്തു കടന്നത്.
ദിവസങ്ങള്‍ക്കകം ബോട്ടുജെട്ടിക്ക് കിഴക്ക് കെഎസ്ആര്‍ടിസി ബസ് സ്റ്റേഷന് റോഡിലും സമാനമായ രീതിയില്‍ മോഷണം നടന്നു. ഇതുവരെ ഈ സംഭവങ്ങളില്‍ ഒന്നില്‍ പോലും പ്രതികളെ പിടികൂടാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. നഗരത്തിലെമ്പാടും വ്യാപാരികളുടെ സഹായത്തോടെയും, അല്ലാതെയും സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും മോഷ്ടാക്കളുടെ യാതൊരു സുചനയും ഇല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: