വികസിത രാഷ്ട്രങ്ങളുടെ കൂട്ടായ്മയായ ജി-7 ഉച്ചകോടി, ഇന്ത്യ-പെസഫിക് ദ്വീപ് രാജ്യങ്ങളുടെ വേദിയായ എഫ്ഐപിഐസി, അമേരിക്കയും ഇന്ത്യയും ആസ്ട്രേലിയയും ജപ്പാനുമുള്‍പ്പെടുന്ന ക്വാഡ് ഉച്ചകോടി എന്നിവയില്‍ പങ്കെടുക്കാനുള്ള ആറ് ദിവസത്തെ ത്രിരാഷ്ട്ര സന്ദര്‍ശനം ലോകനേതാവ് എന്ന നിലയ്ക്കുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിച്ഛായയുടെ തിളക്കം വര്‍ധിപ്പിച്ചിരിക്കുകയാണ്. ജപ്പാനിലെ ഹിരോഷിമയില്‍ നടന്ന ജി-7 ഉച്ചകോടിയില്‍ നരേന്ദ്ര മോദിക്ക് ലഭിച്ച വരവേല്‍പ്പും സ്വീകരണവും, അവിടെ നടത്തിയ അത്യുജ്വലമായ പ്രസംഗവും അക്ഷരാര്‍ത്ഥത്തില്‍ അമ്പരപ്പിക്കുന്നതായിരുന്നു. പതിവുപോലെ മാധ്യമങ്ങളുടെ തലക്കെട്ടുകളില്‍ സ്ഥാനംപിടിച്ച പ്രധാനമന്ത്രി, ജി-7 ഉച്ചകോടിയില്‍ ലോകത്തിന്റെ ശ്രദ്ധ ഇന്ത്യയിലേക്ക് ആകര്‍ഷിക്കുകയും ചെയ്തു. ജി-7 ഉച്ചകോടിയില്‍ അതിഥിയായാണ് നരേന്ദ്ര മോദി പങ്കെടുത്തതെങ്കിലും രാഷ്ട്രത്തലവന്മാരില് ഏറ്റവും കൂടുതല്‍ പ്രാധാന്യം ലഭിച്ചത് മോദിക്കാണ്. മോദിക്ക് ഹസ്തദാനം നല്‍കാനും, മോദിയുമായി സംസാരിക്കാനും മറ്റു നേതാക്കള്‍ മത്സരിക്കുകയായിരുന്നു. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് സ്വയം മുന്നോട്ടുവന്ന് പ്രധാനമന്ത്രി മോദിയെ കെട്ടിപ്പിടിച്ചത് അത്യപൂര്‍വമായ കാഴ്ചയായിരുന്നു. നിര്‍ണായകമായ ഈ കൂടിക്കാഴ്ചയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മാധ്യമങ്ങള്‍ ലോകമെമ്പാടും അത് പ്രചരിപ്പിച്ചു. ഓട്ടോഗ്രാഫില്‍ ഒപ്പിട്ടു തരാന്‍ പ്രധാനമന്ത്രി മോദിയോട് ജോ ബൈഡന് അഭ്യര്‍ത്ഥിച്ചതും, മോദിയുടെ ജനപ്രീതി അതിശയിപ്പിക്കുന്നതാണെന്ന് ആസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനിസ് പറഞ്ഞതും പുതിയ ഭാരതത്തിനും അതിന്റെ പ്രധാനമന്ത്രിക്കും ലോകത്തിനു മുന്നിലുള്ള സ്ഥാനം എന്തെന്ന് വ്യക്തമാക്കുന്നു.
നരേന്ദ്ര മോദിയുടെ ജനപ്രീതിയോട് മത്സരിക്കാനാവാതെ സ്വന്തം രാജ്യത്ത് ഞങ്ങള്‍ക്ക് താങ്കള്‍ വലിയ തലവേദന സൃഷ്ടിക്കുകയാണെന്ന് ബൈഡനും അല്‍ബനിസും പറയാന്‍ മടിച്ചില്ല. ഇതൊന്നും ആരും ബോധപൂര്‍വം ചെയ്യിച്ചതല്ല എന്നറിയുമ്പോഴാണ് ലോകനേതാവ് എന്ന നിലയ്ക്ക് മോദിയുടെ പ്രഭാവം തിരിച്ചറിയാനാവുക. അടുത്തമാസം അമേരിക്ക സന്ദര്‍ശിക്കുന്ന മോദിയുടെ പരിപാടിയില്‍ പങ്കെടുക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചുകൊണ്ടുള്ള പ്രമുഖ വ്യക്തികളുടെ അഭ്യര്‍ത്ഥനകള്‍ വന്‍തോതിലാണ് ലഭിക്കുന്നതെന്നും ബൈഡന് വെളിപ്പെടുത്തി. മുന്‍കാലത്ത് മറ്റൊരു നേതാവിനു വേണ്ടിയും അമേരിക്ക ഇങ്ങനെ കാത്തിരുന്നിട്ടില്ല. ഒരുകാലത്ത് രാജ്യം സന്ദര്‍ശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയ നേതാവിനാണ് ഇപ്രകാരമുള്ള സ്വീകാര്യത ലഭിക്കുന്നതെന്ന കാര്യമാണ് പ്രത്യേകം ഓര്‍ക്കേണ്ടത്. ഇതിനിടെ ഇന്ത്യയിലെ അപക്വമതിയായ ഒരു നേതാവ് മോദിക്ക് മുന്‍പ് അമേരിക്കയിലെത്തി പ്രസംഗിക്കാന്‍ ചട്ടംകൂട്ടുന്നത് എത്ര പരിഹാസ്യമായിരിക്കും. പ്രധാനമന്ത്രിയായശേഷവും അമേരിക്ക സന്ദര്‍ശിക്കാന്‍ മോദിയെ അനുവദിക്കരുതെന്ന് ആ രാജ്യത്തോട് അഭ്യര്‍ത്ഥിച്ചവരാണ് ഇവിടുത്തെ പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍. ഇവര്‍ തന്നെയാണ് മോദിയുടെ പ്രതിച്ഛായ തകര്‍ക്കാന്‍ വിലകുറഞ്ഞ രാഷ്ട്രീയം പയറ്റുന്നതും, മൂന്നാം തവണയും ബിജെപി രാജ്യത്ത് അധികാരത്തില്‍ വരാതിരിക്കാന്‍ നെട്ടോട്ടമോടുന്നതും. മോദി എന്ന ജനനായകന് രാജ്യത്തിനകത്തും പുറത്തുമുള്ള സ്വീകാര്യത മനസ്സിലാക്കുന്നതില്‍ ഇക്കൂട്ടര്‍ പരാജയപ്പെട്ടിരിക്കുന്നു. രാജ്യത്തെ കരുത്തിലേക്കും വികസനത്തിലേക്കും സ്വാശ്രയത്വത്തിലേക്കും നയിച്ചുകൊണ്ടിരിക്കുന്ന മോദിയെ അന്ധമായി എതിര്‍ക്കുന്ന രാഷ്ട്രീയപാര്‍ട്ടികള്‍ ആത്മപരിശോധന നടത്തേണ്ട സമയമാണിത്.
വിശ്വാസ്യതയാണ് നരേന്ദ്ര മോദി എന്ന രാഷ്ട്ര തന്ത്രജ്ഞന്റെ മുഖമുദ്ര. സ്വന്തം രാജ്യത്തിന്റെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതില്‍ വിട്ടുവീഴ്ച ചെയ്യാതെ തന്നെ മറ്റ് രാജ്യങ്ങളുമായി പരമാവധി സഹകരിക്കാനും, പൊതുവായ കാര്യങ്ങള്‍ക്കുവേണ്ടി നിലകൊള്ളാനും മോദിക്ക് കഴിയുന്നു. കൊവിഡ് കാലത്തും, ഉക്രൈന് യുദ്ധത്തിലും ലോകം ഇത് കാണുകയുണ്ടായി. ഇപ്പോള്‍ ഹിരോഷിമയിലെ ജി-7 ഉച്ചകോടിയില്‍ പങ്കെടുത്ത് ഐക്യരാഷ്ട്രസഭയ്ക്കെതിരെ രൂക്ഷവിമര്‍ശനമാണ് മോദി നടത്തിയിരിക്കുന്നത്. പ്രസംഗവേദി മാത്രമായി ചുരുങ്ങിയ ഐക്യരാഷ്ട്രസഭ ലോകം നേരിടുന്ന പ്രശ്നങ്ങള്‍ക്കുമുന്നില്‍ നോക്കുകുത്തിയായി നില്‍ക്കുകയാണെന്ന് മോദി തുറന്നടിച്ചു. ഭീകരവാദത്തിന്റെ നിര്‍വചനംപോലും അംഗീകരിക്കാന്‍ ഐക്യരാഷ്ട്രസഭയ്ക്ക് കഴിയുന്നില്ല. സമാധാനം സ്ഥാപിക്കാന്‍ കഴിയുന്നില്ലെങ്കില്‍ എന്തിനാണ് ഇങ്ങനെയൊരു വേദിയെന്ന മോദിയുടെ ചോദ്യം ഇനിയങ്ങോട്ട് ചര്‍ച്ച ചെയ്യപ്പെടും. ജപ്പാനില്‍നിന്ന് പാപുവ ന്യൂ ഗിനിയയില്‍ എത്തിയ പ്രധാനമന്ത്രി മോദിക്ക് സ്നേഹോഷ്മളമായ സ്വീകരണമാണ് ലഭിച്ചത്. സ്വീകരിക്കാനെത്തിയ ആ രാജ്യത്തിന്റെ പ്രധാനമന്ത്രി ജെയിംസ് മരാപ്പെ മോദിയുടെ കാല്‍തൊട്ടു വന്ദിക്കുന്നത് ഏറെ വൈകാരികമായ നിമിഷങ്ങള്‍ സൃഷ്ടിച്ചു. ഭാരത റിപ്പബ്ലിക്കിന്റെ സമീപകാല ചരിത്രത്തില്‍ ആദ്യമായാണ് ഒരു പ്രധാനമന്ത്രിക്ക് ഇത്തരം സ്നേഹോഷ്മളമായ വരവേല്‍പ്പ് ലഭിക്കുന്നത്. ജി-7 ഉച്ചകോടിയില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകുമായി ചര്‍ച്ച നടത്തിയ പ്രധാനമന്ത്രി, പാപുവ ന്യൂഗിനിയയില്‍നിന്ന് ആസ്ട്രേലിയ സന്ദര്‍ശിക്കും. പിന്നീട് ക്വാഡ് ഉച്ചകോടിയിലും പങ്കെടുത്ത ശേഷമായിരിക്കും മടങ്ങിയെത്തുക. ശാക്തിക ചേരികളുടെ ബലതന്ത്രങ്ങളെ മാറ്റിമറിക്കാനും ലോകത്തെ കൂടുതല്‍ സന്തുലിതാവസ്ഥയിലേക്കും സമാധാനത്തിലേക്കും നയിക്കാനും ഇത്തരം സന്ദര്‍ശനങ്ങള്‍ക്ക് കഴിയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: