തിരുവനന്തപുരം: പള്ളിപ്പുറം താമരക്കുളത്ത് കെഎസ്ആര്‍ടിസി ബസും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ കൂടി മരിച്ചു. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന മണമ്പൂര്‍ സ്വദേശി അനു(23) ആണ് മരിച്ചത്. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം നാലായി.
ഇക്കഴിഞ്ഞ വ്യാഴാഴ്ച രാത്രി 8.45നാണ് അപകടം ഉണ്ടായത്. അനുവിന്റെ പ്രസവശേഷം എസ്എടി ആശുപത്രിയില്‍ നിന്ന് വെള്ളിയാഴ്ച വീട്ടിലേക്കു മടങ്ങുന്നതിനിടെയാണ് ദാരുണ സംഭവമുണ്ടായത്. കല്ലമ്പലം നാലുമുക്ക് കാരൂര്‍കോണത്ത് പണയില്‍ വീട്ടില്‍ മഹേഷിന്റെയും അനുവിന്റെയും നാല് ദിവസം മാത്രം പ്രായമുള്ള പെണ് കുഞ്ഞ്, അനുവിന്റെ അമ്മ ശോഭ (41), ഓട്ടോ ഡ്രൈവര്‍ സുനില്‍ (40) എന്നിവര്‍ സംഭവദിവസം തന്നെ മരിച്ചിരുന്നു.
ആറ് പേരാണ് ഓട്ടോയിൽ ഉണ്ടായിരുന്നത്. അനുവിന്റെ ഭർത്താവ് മഹേഷും മകൻ മിഥുനും ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരുടെ പരിക്ക് ഗുരുതരമല്ലാത്തതിനാൽ വാർഡിലേക്ക് മാറ്റി. സംഭവത്തില്‍ കെഎസ്ആര്‍ടിസി ആറ്റിങ്ങല്‍ ഡിപ്പോയിലെ ഡ്രൈവര്‍ വി. അജിത് കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മനഃപ്പൂര്‍വമല്ലാത്ത നരഹത്യയ്ക്കാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. അജിത്തിന്റെ ഡ്രൈവിംഗ് ലൈസൻസ് താത്ക്കാലികമായി റദ്ദ് ചെയ്തിട്ടുണ്ട്.
ബസ് അമിതവേഗതയിലായതാണ് അപകട കാരണമെന്നും തുടർനടപടികൾ ഉണ്ടാകുമെന്നും അധികൃതർ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: