തൃശൂര്‍: നെല്ലിന്റെ സംഭരണ വില ഉടന്‍ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് കോള്‍ കര്‍ഷകര്‍ സമരത്തിലേക്ക്. പരമ്പരാഗതമായി നെല്‍കൃഷി ചെയ്ത് വരുന്ന മൂവായിരത്തോളം കര്‍ഷകരാണ് നെല്ലിന്റെ സംഭരണ വില ലഭിക്കാതെ കടുത്ത ദുരിതം അനുഭവിക്കുന്നത്. വെങ്കിടങ്ങ്, മുല്ലശ്ശേരി പ്രദേശങ്ങളിലെ കോള്‍ കര്‍ഷകരാണ് സമരത്തിനൊരുങ്ങുന്നത്. ഈ വര്‍ഷത്തെ പുഞ്ച സീസണിലെ നെല്ല് സിവില്‍ സപ്ലൈസ് കോര്‍പറേഷനാണ് സംഭരിച്ചിട്ടുള്ളത്. പാടശേഖരത്ത് നിന്ന് നെല്ല് കയറ്റിപ്പോയി 60 ദിവസങ്ങള്‍ കഴിഞ്ഞിട്ടും നെല്ലിന്റെ വില ലഭിച്ചിട്ടില്ലെന്നാണ് പരാതി. വില എപ്പോള്‍ ലഭിക്കുമെന്നതിനെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചിട്ടില്ല. വെങ്കിടങ്ങ്- മുല്ലശ്ശേരി പ്രദേശത്തെ 3800 ഏക്കര്‍ നിലത്തില്‍ 630 ഏക്കര്‍ സ്ഥലത്ത് കൃഷി ചെയ്ത നെല്ലിന് മാത്രമാണ് പണം ലഭിച്ചിട്ടുള്ളതെന്ന് കര്‍ഷകര്‍ പറയുന്നു.
വിവിധ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് വായ്പയെടുത്തും വളം കടമായി വാങ്ങിയുമൊക്കെയാണ് ഈ മേഖലയിലെ കര്‍ഷകര്‍ നെല്‍കൃഷി ഇറക്കിയിട്ടുള്ളത്. കാര്‍ഷിക വായ്പ തിയ്യതി കഴിഞ്ഞ് തിരിച്ചടക്കുമ്പോള്‍ പലിശയുടെ സബ്സിഡി നഷ്ടപ്പെടുന്ന സ്ഥിതിയാണുള്ളത്. നെല്ലിന്റെ വില ലഭിക്കാത്തതിനെ തുടര്‍ന്ന് നരക തുല്യമായ ജീവിതം നയിക്കേï അവസ്ഥയിലാണ് കര്‍ഷകര്‍. 2021-22 വര്‍ഷത്തെ കാലാവസ്ഥാ വ്യതിയാനം മൂലം കൃഷിനാശം നേരിട്ട കര്‍ഷകര്‍ക്ക് ഇന്‍ഷ്വറന്‍സ് ക്ലെയിം പാസായി 18 മാസം കഴിഞ്ഞിട്ടും ഇതുവരെയും പണം ലഭിച്ചിട്ടില്ല.
ഏനാമാവ്- ഇടിയന്‍ചിറ റഗുലേറ്ററുകളുടെ പുനര്‍ നിര്‍മാണം നടക്കാത്തതും ജില്ലയിലെ കോള്‍ മേഖലയെ പ്രതികൂലമായി ബാധിക്കുന്നു. നാളുകളായി ഈ റഗുലേറ്ററുകള്‍ പ്രവര്‍ത്തന ക്ഷമമല്ല. ഇതേത്തുടര്‍ന്ന് ഉപ്പ് വെള്ളം കയറി ഏക്കര്‍ കണക്കിന് നെല്‍കൃഷി നശിക്കുകയാണെന്നും ഇത് നെല്ലിന്റെ ഉത്പാദന ക്ഷമതയെ ബാധിക്കുകയാണെന്നും കോള്‍ കര്‍ഷകര്‍ പറയുന്നു. കോള്‍ കൃഷി സമയത്ത് ലക്ഷക്കണക്കിന് രൂപ ചെലവഴിച്ചാണ് താല്‍ക്കാലിക സംവിധാനം ഉണ്ടാക്കുന്നത്. കോള്‍ പാടങ്ങളില്‍ ഉപ്പ് വെള്ളം കയറുന്നത് തടയാന്‍ നടപ്പാക്കുന്ന ഈ താല്‍ക്കാലിക സംവിധാനം പലപ്പോഴും ഫലം കാണാത്ത സ്ഥിതിയാണുള്ളത്.
ഉയര്‍ന്ന ഉത്പാദന ക്ഷമതയുള്ളതാണ് വെങ്കിടങ്ങ്- മുല്ലശേരി മേഖലയിലെ കോള്‍ നിലങ്ങള്‍. എന്നാല്‍, കഴിഞ്ഞ മൂന്ന് വര്‍ഷമായി ഇവിടെ ഉത്പാദന ക്ഷമത കുറഞ്ഞു വരുന്ന സാഹചര്യമാണുള്ളത്. ശരാശരി ഏക്കറില്‍ 3.5 ടണ്‍ നെല്ല് ലഭിച്ച് വന്നിരുന്ന മുല്ലശേരി- വെങ്കിടങ്ങ് മേഖലയില്‍ ഈ വര്‍ഷം ശരാശരി ഏക്കറിന് രണ്ട് ടണ്‍ കുറവായിരുന്നു ഉത്പാദനം. അനവസരത്തില്‍ പാടശേഖരത്തിലേക്ക് ഉപ്പ് വെള്ളം കയറുന്നതാണ് നെല്ലിന്റെ ഉത്പാദനം ഗണ്യമായി കുറയാനുള്ള കാരണമായി വിലയിരുത്തപ്പെടുന്നത്. ഇതിനകം 175 ഏക്കര്‍ തണ്ണീര്‍ക്കായല്‍ പാടശേഖരം ഉപ്പ് വെള്ളം കയറി നശിച്ച നിലയിലാണ്. സംസ്ഥാന സര്‍ക്കാറിന്റെ റീ ബില്‍ഡ് കേരള പദ്ധതിയില്‍ പെടുത്തി ഏനാമാവ്- ഇടിയന്‍ചിറ റഗുലേറ്ററുകള്‍ പുനര്‍നിര്‍മിക്കാന്‍ നീക്കമുണ്ടെങ്കിലും ഇതുവരെയായിട്ടും യാതൊരു നടപടിയും തുടങ്ങിയിട്ടില്ല.
റഗുലേറ്ററുകളുടെ പുനര്‍നിര്‍മാണം നടത്തി പ്രവര്‍ത്തനം കാര്യക്ഷമമാക്കിയില്ലെങ്കില്‍ ഈ വര്‍ഷവും ഉപ്പ് വെള്ളം കയറി നെല്‍കൃഷി നശിക്കുന്ന സ്ഥിതിയാണുണ്ടാവുകയെന്ന് കര്‍ഷകര്‍ ആശങ്കപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: